തിരുവനന്തപുരം: ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം അഞ്ച് തവണത്തെ ഡിഎ കുടിശ്ശിക ഒന്നിച്ചു നല്‍കാവുന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. കുടിശ്ശിക പിന്നീട് തരാമെന്ന് കാണിച്ച് പുതിയ ഉത്തരവിറക്കി.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഉദ്യോഗസ്ഥരെ ഒപ്പം നിര്‍ത്താനാണ് കഴിഞ്ഞ മാസം കുടിശ്ശിക ഏപ്രില്‍ ശമ്പളത്തോടൊപ്പം നല്‍കുമെന്ന് പറഞ്ഞ് ഉത്തരവിറക്കിയത്. 2018 ജൂണ്‍ മുതലുള്ള അഞ്ച് തവണ ഡിഎയാണ് കുടിശ്ശികയായുള്ളത്. പ്രളയത്തിന്റെയും മറ്റ് സാമ്പത്തിക പ്രശ്‌നങ്ങളുടെയും പേര് പറഞ്ഞ് ഡിഎ നല്‍കാതിരിക്കുകയായിരുന്നു. ഡിഎ നല്‍കാതെ തന്നെ നിര്‍ബന്ധിത പ്രളയാശ്വാസ പിരിവ് ഉദ്യോഗസ്ഥരില്‍ നിന്ന് നടത്തിയതും വിവാദമായി. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയപ്പോള്‍ കുടിശ്ശിക ഒന്നിച്ച് നല്‍കാമെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയത്.
അടിസ്ഥാന ശമ്പളത്തിന്റെ അഞ്ച് ശതമാനമാണ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎ ആയി നല്‍കേണ്ടത്. 15,000 മുതല്‍ അര ലക്ഷം രൂപ വരെ കുടിശ്ശികയായി കിട്ടാനുള്ളവരുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ തന്നെ മുന്‍ ഉത്തരവ് റദ്ദാക്കി പുതിയത് ഇറക്കിയത് കബളിപ്പിക്കലിന് തുല്യമാണ്.
















