മേലൂര്‍ കോട്ടയിലെ മേലൂരിളം കന്യാവിന് വിഷ്ണുഭഗവാനില്‍ ഉണ്ടായ പുത്രനാണ് മേലൂര്‍ ദയരപ്പന്‍ എന്ന ഊര്‍പ്പഴശ്ശി ദൈവം. വേട്ടയ്‌ക്കൊരു മകന്റെ ഉറ്റ ചങ്ങാതിയാണ് ഈ തെയ്യം. മറ്റ് തെയ്യങ്ങള്‍ ആദരസൂചകമായി ഐശ്വര്യ പ്രഭു എന്നാണ് ഈ തെയ്യത്തെ സംബോധന ചെയ്യുന്നത്.
വേട്ടയ്‌ക്കൊരു മകനെ നടന്നുവാഴ്ചയെന്നും ഊര്‍പഴശ്ശിയെ ഇരുന്നുവാഴ്ചയെന്നും പറയാറുണ്ട്. വേട്ടയ്‌ക്കൊരു മകനെ അഭിമാന്യ പ്രഭു എന്നാണു നായന്മാര്‍ വിളിച്ചു വരുന്നത്. രാമാവതാരമോ മത്സ്യാവതാരമോ അല്ലാത്ത ഊര്‍പഴശ്ശി ദൈവത്തെയും ഗ്രാമീണര്‍ ഭക്തിപൂര്‍വ്വം ദൈവത്താര്‍ എന്നാണു വിളിക്കുന്നത്. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.
ദിവ്യാത്ഭുത ശക്തികള്‍ പ്രകടിപ്പിച്ച ഈ കുട്ടി കാച്ചികുടിക്കാന്‍ പാല്‍ നല്‍കാതിരുന്ന ചീരുവമ്മയെയും (അക്കമ്മയെയും) ആഭരണമുണ്ടാക്കുന്നതില്‍ നിന്നും സ്വര്‍ണം തട്ടിയ തട്ടാനെയും ശിക്ഷിച്ചു. ഗുരുവിനെ കുത്തിക്കൊന്നു. ഇതേക്കുറിച്ച് ചോദിച്ച അമ്മയ്‌ക്ക് നേരെ കഠാരയെറിയാനും
ദയരപ്പന്‍ തയ്യാറായി. ചിത്രതൂണ്‍ മറഞ്ഞു നിന്നതിനാലാണ് അമ്മ അതില്‍ നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ തനിക്ക് അവകാശപ്പെട്ട അങ്കവും ചുങ്കവും കയ്യടക്കി വെച്ചിരുന്നവരെയെല്ലാം ദയരപ്പന്‍ കഠാര തറച്ചു കൊന്നു. അങ്ങനെ മുപ്പത്താറു വയസ്സ് പിന്നിടുമ്പോഴേക്കും അറുപത്തി നാല് കൊലപാതകം ചെയ്ത വീരനായി വാഴ്‌ത്തപ്പെട്ടു.
പിന്നീടാണ് ദയരപ്പന്‍ ചുരിക കെട്ടി ചേകോനായതും ബാലുശ്ശേരി കോട്ടയിലേക്ക് പോകുന്നതും ചങ്ങാതി വേട്ടക്കൊരു മകനെ കാണുന്നതും. മേലൂരില്‍ തിരിച്ചെത്തിയ ദയരപ്പനെ പെറ്റമ്മയും വിഷ്ണു ഭഗവാനും
അരിയിട്ടു വാഴിച്ചു. അമ്മയുടെ അനുഗ്രഹത്തോടെ ‘പഴയ നാട്ടറുപതു കുറുപ്പന്‍മാര്‍’ അകമ്പടിയോടെ ഊര്‍പ്പഴശ്ശിക്കാവില്‍ പട്ടം കെട്ടി കിരീടം ചൂടിയ ദയരപ്പന്‍ ഒരു വ്യാഴവട്ടക്കാലം നാട് ഭരിച്ചു. പിന്നീട് മേലൂര്‍ കോട്ട, കീക്കിലൂര്‍ കോട്ട, കീഴ്മാടം, പുഷ്പവള്ളിക്കളരി, മതിരങ്ങോട്ട് മാടം, കോതിരങ്ങോട്ട് ചിറ്റാരി, വയനാട്ട് കോട്ട എന്നിവയ്‌ക്കധിപനായി പന്ത്രണ്ടു കൊല്ലം വാണതായി തോറ്റംപാട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ കാലം ഊര്‍പ്പഴശ്ശി കാവില്‍ നിന്നതിനാലാണ് ഊര്‍പ്പഴശ്ശി ദൈവം എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: