തിരുവനന്തപുരം: ആദിശങ്കരാചാര്യരുടെ നാമധേയത്തില്‍ ആരംഭിച്ച കാലടി സംസ്കൃത സര്‍വകലാശാലയിലെ പ്രവേശന കവാടത്തിനു മുന്നില്‍ സ്ഥാപിച്ച ഭീകരവാദ സാമ്യമുള്ള കറുത്ത കിരാത പ്രതിമ എടുത്തുമാറ്റണമെന്ന് നമ്പൂതിരി യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. കന്യാകുളങ്ങര ആര്. സുബ്രഹ്മണ്യന് പോറ്റി ആവശ്യപ്പെട്ടു.
ആദിശങ്കരാചാര്യരുടെ പ്രതിമയ്ക്ക് സമീപം കിരാത രൂപം സ്ഥാപിച്ചതുവഴി ശങ്കരനേയും സാംസ്കാരിക കേരളത്തേയും അപമാനിച്ചിരിക്കുകയാണ്. പ്രതിമ സ്ഥാപിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം.
ശ്രീശങ്കര ജയന്തി ആഘോഷങ്ങള്‍ അടുത്തു നടക്കാനിരിക്കെ സര്‍വകലാശാലയിലെ കവാടത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ടാബ്ലോ രൂപം ശങ്കരനെ അപകീര്‍ത്തിപ്പെടുത്തുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പെരിയമന രാമകൃഷ്ണന് പോറ്റി, കൃഷ്ണന് നമ്പൂതിരി, വാസുദേവന്‍പോറ്റി, കേശവന്‍പോറ്റി, സരസ്വതി അന്തര്‍ജനം, നാരായണന്‍പോറ്റി എന്നിവര്‍ സംസാരിച്ചു. ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കാനും യോഗത്തില്‍ തീരുമാനമായി.
















