പ്രതിഭാശാലിയായ അധ്യാപകന്, ക്രാന്തദൃക്കായ ഗവേഷകന്, പാശ്ചാത്യ-പൗരസ്ത്യ സാഹിത്യമീമാംസകളില്‍ അഗാധപാണ്ഡിത്യമുള്ള സാഹിത്യ വിമര്ശകന്, കതിര്‍ക്കനമുള്ള ഒട്ടനേകം കവിതകളുടെ സ്രഷ്ടാവ്, മലയാള ഭാഷാ സാഹിത്യലോകത്തിന് ദിശാദര്‍ശനം നല്കുന്ന വള്ളത്തോള്‍ വിദ്യാപീഠത്തിന്റെ മുഖ്യ സംഘാടകന്‍-ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്ക് വിശേഷണങ്ങള്‍ ഏറെ.
ഉഭയഭാഷാ പണ്ഡിതനായ ഈ ഗുരുവര്യന്റെ സംഭാവനകള്‍ നിസ്തുലമാണ്. യാഥാസ്ഥിതികമെന്നും ജടിലമെന്നും പ്രതിലോമപരമെന്നും പലരാലും ആക്ഷേപിക്കപ്പെട്ട പൗരസ്ത്യ കാവ്യമീമാംസയുടെ സമകാലിക പ്രസക്തിയും പ്രാധാന്യവും സൈദ്ധാന്തിക തലത്തിലും പ്രായോഗികതലത്തിലും മലയാളികളെ ബോധ്യപ്പെടുത്തുന്നതില്‍ ഏറ്റവുമധികം വിജയിച്ച പണ്ഡിതന്മാരില് അഗ്രിമസ്ഥാനമാണ് ചാത്തനാത്ത് അച്യുതനുണ്ണിക്കുള്ളത്. ധ്വനി സിദ്ധാന്തത്തിന്റെയും ഔചിത്യവിചാരചര്ച്ചയുടെയും അകക്കാമ്പ് സ്പഷ്ടമായി ഉന്മീലനം ചെയ്യുന്ന ഗഹനങ്ങളായ ഒട്ടേറെ ലേഖനങ്ങളും പഠന ഗ്രന്ഥങ്ങളും ഈ ഗുരുനാഥനില്‍നിന്ന് മലയാളത്തിന് കൈവന്നിട്ടുണ്ട്.
ഭാരതീയ സാഹിത്യ മീമാംസയുടെ ദാര്‍ശനികവും തത്ത്വചിന്താപരവും സാഹിതീയവുമായ അര്‍ത്ഥമാനങ്ങളെ പാശ്ചാത്യ സാഹിത്യ ദര്‍ശനത്തിലെ പുതുനാമ്പുകളുമായി താരതമ്യം ചെയ്തും അന്വയിച്ചും വിശദീകരിക്കുന്നതില്‍ അസാമാന്യമായ പാടവമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അലങ്കാര ശാസ്ത്രം മലയാളത്തില്‍, രീതി ദര്‍ശനം, വാമനന്റെ കാവ്യാലങ്കാര സൂത്രവൃത്തി-വിവര്‍ത്തനവും കുറിപ്പുകളും, കുന്തകന്റെ വക്രോക്തിജീവിതം-പരിഭാഷയും പഠനവും, സാഹിത്യ മീമാംസ-താരതമ്യ പരിപ്രേക്ഷ്യം, ധ്വന്യാലോകം വിവര്‍ത്തനം, ഭാരതീയ സാഹിത്യദര്‍ശനം, വക്രോക്തിയുടെ വൈചിത്ര്യങ്ങള്‍, ഇടശ്ശേരി കവിതയിലെ പ്രമേയ ഘടന, രസധ്വനി-വിമര്‍ശനാത്മക സമീപനം, അലങ്കാരം കാളിദാസ കവിതയെ മുന്‍നിര്‍ത്തി ഒരു സൗന്ദര്യവിചാരം തുടങ്ങിയ ഗ്രന്ഥങ്ങള്‍ അച്യുതനുണ്ണി മാഷിന്റെ നിസ്തന്ദ്രവും ക്ലേശഭൂയിഷ്ഠവുമായ പഠനമനനങ്ങളുടെ സത്ഫലങ്ങളെന്നോണം നമ്മുടെ അക്കാദമിക വിമര്‍ശനപദ്ധതിയുടെ കരുത്തിന് തെളിവായി നിലകൊള്ളുന്നു.
കോകസന്ദേശം, മണിപ്രവാള ലഘുകാവ്യങ്ങള്‍, ജ്ഞാനപ്പാന, ഉണ്ണിച്ചിരുതേവീ ചരിതം എന്നിവയ്ക്കെഴുതിയ വ്യാഖ്യാനാധിഷ്ഠിത പഠനങ്ങള്‍ നവീന പരിപ്രേക്ഷ്യത്തില്‍ പ്രാചീനകൃതിയുടെ ഗാഢപാരായണത്തിന് വിധേയമാക്കിയതിന്റെ ഉത്തമമാതൃകകളത്രേ. ശൈലീ വിജ്ഞാനീയത്തില്‍ അധിഷ്ഠിതമായ ഒരു വിമര്‍ശനപദ്ധതി മലയാളത്തില്‍ കരുത്താര്‍ജ്ജിച്ചതിന്റെ പിന്നിലും ഈ ആചാര്യസത്തമന്റെ പ്രയത്നമുണ്ടായിരുന്നു. ശൈലീവിജ്ഞാനം സമകാലിക പഠനങ്ങള്‍ എന്ന ഗ്രന്ഥം ഇതിന് സാക്ഷ്യമായി നിലകൊള്ളുന്നുണ്ട്. താരതമ്യ സാഹിത്യ ചിന്ത മലയാളത്തില്‍ വേരുറച്ചതിന് പിന്നിലെ നിര്‍ണായക പ്രേരണയും അച്യുതനുണ്ണി മാഷില്‍നിന്ന് പ്രസരിച്ചതാണെന്ന് നാം തിരിച്ചറിയണം.
കാവ്യചിന്ത, വാങ്മയം തുടങ്ങിയ വിമര്‍ശന ഗ്രന്ഥങ്ങള്‍ ഗവേഷണപ്രധാനമായ നിരൂപണ പദ്ധതിയുടെ വരിഷ്ഠ മാതൃകകളാണ്. ഭാഷാശാസ്ത്രത്തിന്റെ ഉള്‍ക്കാഴ്ചകള്‍ പ്രയോജനപ്പെടുത്തിയും പ്രമേയഘടനയുടെ ഉള്‍പ്പൊരുളുകള്‍ വിവേചിച്ചറിഞ്ഞും സ്പഷ്ടമായി കൃതിയുടെ ആത്മാവിനെ തൊട്ടറിയുന്ന സഹൃദയനായ ഒരു ബഹുഭാഷാ പണ്ഡിതന്റെ ഹൃദയപ്രകാശനമാണ് അച്യുതനുണ്ണിമാഷിന്റെ വിമര്‍ശനഗ്രന്ഥങ്ങള്‍ ഓരോന്നും. തിരുനടയില്‍, ലയം, ആദിപര്‍വം, തിരഞ്ഞെടുത്ത കവിതകള്‍ എന്നീ സമാഹാരങ്ങള്‍ അച്യുതനുണ്ണിമാഷിന്റെ കവിത്വസിദ്ധിയുടെ വിളംബര പത്രങ്ങളാണ്. ദേവാനാം പ്രിയഃ എന്ന നോവല്‍ ഭാരതീയമായ ആഖ്യാനരീതിയില്‍ പടുത്തുയര്‍ത്തിയ രചനയാണ്. ഭാസനാടക വിവര്‍ത്തനത്തിന്റെ മേഖലയിലും അന്യാദൃശമായ സംഭാവനകളാണ് അദ്ദേഹം അര്‍പ്പിച്ചിട്ടുള്ളത്.
അനേകം ഗവേഷകര്‍ക്ക് നിത്യാവലംബമായ, ഗവേഷണം: പ്രബന്ധ രചനയുടെ തത്ത്വങ്ങള്‍ എന്ന ഗ്രന്ഥം ആ മേഖലയിലെ ക്ലാസിക് ഗ്രന്ഥമായിട്ടാണ് അറിയപ്പെടുന്നത്. പുതിയ എഴുത്തുകാരെ തന്നാല്‍ കഴിയുന്നിടത്തോളം പ്രോത്സാഹിപ്പിച്ചും സാഹിത്യലോകത്തിലെ വടവൃക്ഷങ്ങളായ എഴുത്തുകാരെ വിധിയാംവണ്ണം സമാദരിച്ചും കനപ്പെട്ട പ്രബന്ധങ്ങള്‍ രചിച്ച് ഭാഷയെ പുഷ്ടിപ്പെടുത്തിയും വാര്‍ധക്യം വൃദ്ധിയുടെ കാലമാണെന്ന് സ്വപ്രവൃത്തികളിലൂടെ തെളിയിച്ചും 80-ാം പിറന്നാളിന്റെ മധുരം നുകരുന്ന ഡോ. ചാത്തനാണ് അച്യുതനുണ്ണിമാഷിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു. അശീതിയുടെ നിറവിലെത്തിയ ഗവേഷണ കുലപതിയുടെ യശസ്സ് പൂര്‍വാഹ്നത്തിലെ വെയിലുപോലെ വര്ദ്ധമാനമാവട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: