തിരുവനന്തപുരം: തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ പുതിയ നിര്‍ദ്ദേശങ്ങളുമായി അന്തര്‍സംസ്ഥാന സ്വകാര്യബസ് ബുക്കിംഗ് ഏജന്‍സി ലൈസന്‍സിന് പ്രത്യേക മാനദണ്ഡം പുറത്തിറക്കി. ലൈസന്‍സ്ഡ് ഏജന്റ് ഫോര്‍ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് (എല്‍എപിടി) പുതുക്കുമ്പോഴും പുതിയത് നല്‍കുമ്പോഴും ഈ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഗതാഗത സെക്രട്ടറി ജ്യോതിലാല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ബുക്കിംഗ് ഏജന്‍സികളിലെയും വാഹനത്തിലെയും തൊഴിലാളികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യാത്രാവഴിയില്‍ 50 കിലോമീറ്റര്‍ ഇടവിട്ടുള്ള സ്ഥലങ്ങളിലെ ടോയിലറ്റ്, റിഫ്രഷ്മെന്റ് സൗകര്യത്തെക്കുറിച്ചുള്ള വിവരം യാത്രക്കാര്‍ക്ക് ലഭ്യമാക്കണം. വാഹനം, ജീവനക്കാര്‍, യാത്രക്കാര്‍, ഹെല്‍പ് ലൈന്‍ നമ്പറുകള്‍, പോലീസ്, മോട്ടോര്‍വാഹന, വിമന്‍ ഹെല്‍പ് ലൈനുകള്‍ എന്നിവയുടെ വിവരം ടിക്കറ്റിലുണ്ടാവണം.
വാഹനം ബ്രേക്ക്ഡൗണ്‍ ആയാല്‍ പകരം ഏര്‍പ്പെടുത്താന്‍ ലൈസന്‍സിക്കോ ഓപ്പറേറ്റര്‍ക്കോ സംവിധാനം ഉണ്ടായിരിക്കണം. ബുക്കിംഗ് ഓഫീസിന് കുറഞ്ഞത് 150 ചതുരശ്രഅടി വിസ്തീര്‍ണം ഉണ്ടാവണം. സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് യാത്രക്കാര്‍ക്കെങ്കിലും ഇരിക്കുന്നതിനുള്ള സ്ഥലം, ടോയിലറ്റ്, ലോക്കര്‍ സംവിധാനത്തോടെയുള്ള ക്ളോക്ക് റൂം, ആറു മാസം ബാക്കപ്പുള്ള സിസിടിവി, കുടിവെള്ളം, അഗ്നിശമന സംവിധാനങ്ങള്‍ എന്നിവ ഓഫീസില്‍ ഉണ്ടാകണം. പോലീസിന്റെയും ആര്‍ടി ഒയുടെയും പരാതി അറിയിക്കാനുള്ള ഫോണ്‍ നമ്പറുകളും വിമന്‍ ഹെല്‍പ് ലൈന്‍ നമ്പറും പ്രദര്‍ശിപ്പിക്കണം.
ബസുകള്‍ നിറുത്തുന്നതിന് മതിയായ സ്ഥലം ഉറപ്പ് വരുത്തണം. അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വലിയ മൂന്ന് പാസഞ്ചര്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനുള്ള സ്ഥലസൗകര്യം ഉണ്ടാവണം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ 500 മീറ്റര്‍ പരിധിയില്‍ ബുക്കിംഗ് ഓഫീസോ പാര്‍ക്കിംഗ് സ്ഥലമോ പാടില്ല. ബുക്കിംഗ് ഓഫീസിന്റെ പേരും ലൈസന്‍സ് നമ്പരും മുന്‍വശത്ത് കാണാനാവും വിധം സ്ഥാപിക്കണം. ബസ് ഓപ്പറേറ്റര്‍മാരുടെ പേരും ഫോണ്‍ നമ്പരുകളും പ്രദര്‍ശിപ്പിക്കണം. വാഹനങ്ങളുടെ സമയക്രമം യാത്രക്കാര്‍ക്ക് കാണാനാവും വിധം എഴുതിപ്രദര്‍ശിപ്പിക്കണം. വാഹനങ്ങള്‍ എവിടെയെത്തിയെന്നത് ഡിജിറ്റല്‍ സംവിധാനത്തിലൂടെ അറിയിക്കണം. യാത്ര ആരംഭിക്കുന്നതിന് മുമ്പ് വാഹനത്തിലെ ജീവനക്കാരുടെ പേരും നമ്പരും നല്‍കണം.
ആര്‍ടിഎ സെക്രട്ടറിക്ക് ത്രൈമാസ റിട്ടേണ്‍ ബുക്കിംഗ് ഓഫീസ് ഉടമ സമര്‍പ്പിക്കണം. യാത്രക്കാരുടെ വിവരം നിശ്ചിത ഫോമില്‍ ഒരു വര്‍ഷം സൂക്ഷിക്കണം. യാത്രക്കാരുടെ ലഗേജ് അല്ലാതെയുള്ള സാധനങ്ങളും നിയമവിരുദ്ധ വസ്തുക്കളും വാഹനത്തില്‍ കൊണ്ടുപോകരുതെന്നും പുതിയ മാനദണ്ഡത്തില്‍ പറയുന്നു. കല്ലട ബസില്‍ യാത്രക്കാരന് മര്‍ദ്ദനം ഏറ്റത് ഏറെ വിവാദം ആയി. ഇതിന് പിന്നാലെ സ്ത്രീകള്‍ അടക്കം നിരവധി പേര്‍ സ്വകാര്യ ബസുകളിലെ മോശം പെരുമാറ്റത്തെയും ബുദ്ധിമുട്ടുകളെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പരാതികള്‍ ഉന്നയിച്ചു. തുടര്‍ന്ന് മോട്ടാര്‍വാഹനവകുപ്പ് കര്‍ശ പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍ ബുക്കിഗ് ഓഫീസ് ലൈസന്‍സിന് പ്രത്യേക മാനദണ്ഡങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ നടപടിയെടുക്കാനായിരുന്നില്ല.
മാട്ടോര്‍ വാഹനവകുപ്പിന്റെ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സില്‍ മാത്രം നിയമലംഘനം കണ്ടെത്തിയത് 200 വാഹനങ്ങളില്‍. ഇവയില്‍ നിന്ന് 6.44 ലക്ഷം രൂപ പിഴയായി ഈടാക്കി. ഒരുതവണത്തെ റൗണ്ട് ട്രിപ്പിന് പെര്‍മിറ്റ് എടുത്ത ശേഷം രണ്ടാ ദിവസവും യാത്രക്കാരുമായി വന്ന അന്തര്‍ സംസ്ഥാന വാഹനത്തെ വയനാടില്‍ നിന്ന പിടികൂടി. 1.55 ലക്ഷം രൂപ ഈവാഹനത്തില്‍ നിന്നുമാത്രം പിഴയടച്ചു. 206 തവണ അമിത വേഗത്തില്‍ ഓടിയ ബസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു.
















