കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്.
സിപിഎം ശക്തികേന്ദ്രങ്ങളിലാണ് കള്ളവോട്ട് നടന്നതെന്ന് ബിജെപിയും കോണ്‍ഗ്രസും ആരോപിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ കെ. സുധാകരനും രാജ്മോഹന്‍ ഉണ്ണിത്താനും ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. തെരഞ്ഞെടുപ്പ് കമ്മീഷന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇതെന്നും പരാതിയില്‍ പറയുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ് കള്ളവോട്ട് നടന്നതെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തം. ആളുമാറി വോട്ടു ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ടു വോട്ടു ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്നും ആരോപണമുണ്ട്. സിപിഎം സ്ഥാനാര്‍ഥിയായി വിജയിച്ച പഞ്ചായത്ത് വനിതാ അംഗവും മുന്‍ അംഗവും കള്ളവോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രിസൈഡിങ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് നടന്നത്.
കണ്ണൂര്‍ പിലാത്തറ എയുപി സ്കൂളിലെ 19-ാം ബൂത്തിലെ 774-ാം വോട്ടറായ പത്മിനി രണ്ടു തവണ വോട്ടു ചെയ്തുവെന്നാണ് ആരോപണം. ആദ്യം വോട്ടു ചെയ്ത ശേഷം വിരലില്‍ പുരട്ടിയ മഷി ഉടന്‍ തലയില്‍ തുടച്ചു മായ്ക്കാന്‍ ശ്രമിക്കുന്നതും ഈ സമയം പോളിങ് ബൂത്തിന്റെ വാതില്‍ അടഞ്ഞു കിടക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. 17-ാം ബൂത്തില്‍ വോട്ടുള്ള ചെറുതാഴം ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡംഗം എം.പി. സലീന 19-ാം ബൂത്തില്‍ വോട്ടു ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
സലീനയ്ക്കു സിപിഎം ബൂത്ത് ഏജന്റ് തിരിച്ചറിയില്‍ കാര്‍ഡ് കൈമാറുന്നതും, വോട്ടു ചെയ്ത ശേഷം മടക്കി നല്‍കുന്നതും വ്യക്തമാണ്. 24-ാം ബൂത്തിലെ വോട്ടറായ ചെറുതാഴം മുന്‍ പഞ്ചായത്ത് അംഗം കെ.പി. സുമയ്യയും 19-ാം ബൂത്തില്‍ വോട്ടു ചെയ്യുന്നു. വോട്ടറല്ലാത്തവരും ബൂത്തിനുള്ളില്‍ പ്രവേശിച്ചതിന്റെ തെളിവുമുണ്ട്.
തൃക്കരിപ്പൂര്‍ 48-ാം ബൂത്തിലും പയ്യന്നൂര്‍ 136-ാം ബൂത്തിലും സമാനസംഭവങ്ങള്‍ അരങ്ങേറിയതിന്റെ തെളിവുകളും പുറത്തുവന്നു. ചെറുതാഴം പഞ്ചായത്തിലെ 50-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ 19-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ബൂത്തുകളില്‍ കയറിനിന്നതായി ആരോപണമുണ്ട്. കള്ളവോട്ടുകള്‍ ചെയ്യാന്‍ സൗകര്യമൊരുക്കാനായി പല ബൂത്തുകളിലും സിപിഎം അനുകൂല സംഘടനയിലെ ഉദ്യോഗസ്ഥരെയാണ് പോളിങ് ഡ്യൂട്ടിക്ക് പൂര്‍ണമായും നിയോഗിച്ചത്. വര്‍ഷങ്ങളായി സിപിഎം കള്ളവോട്ടിലൂടെയാണ് കാസര്‍കോട് മണ്ഡലത്തില്‍ ജയിക്കുന്നതെന്നും ബിജെപിയും കോണ്‍ഗ്രസും ആരോപിച്ചു.
എന്നാല്‍ ആരോപണം സിപിഎം നിഷേധിച്ചു. പരസഹായമില്ലാതെ വോട്ടുചെയ്യാന്‍ കഴിയാത്തവരുടെ കൂടെപ്പോയി, പോളിങ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ വോട്ട് ചെയ്തവരുടെ ദൃശ്യങ്ങളാണ് കള്ളവോട്ടെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: