തൃശൂര്‍: ആനപ്രേമികളുടെ ഹരമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയെന്ന് മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, കെ. രാജു എന്നിവര്‍ ഉറപ്പ് നല്‍കിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ നാടകം മാത്രം. രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് ജില്ലാ ഭരണകൂടവും വനംവകുപ്പും ഇതുവരേയും അനുമതി നല്‍കിയിട്ടില്ല. ഈ മാസം 10ന് തിരുവനന്തപുരത്ത് എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്റേയും കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടേയും ഭാരവാഹികള്‍ക്കാണ് മന്ത്രിമാര്‍ രാമചന്ദ്രന്റെ എഴുന്നള്ളിപ്പിനെ സംബന്ധിച്ച് നിബന്ധനകളോടെ ഉറപ്പ് നല്‍കിയിരുന്നത്.
ആഴ്ചയില്‍ മൂന്ന് ദിവസം ഒന്നിടവിട്ട ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ മാത്രം എഴുന്നള്ളിക്കാം, രാത്രിയില്‍ എഴുന്നള്ളിപ്പ് ഒഴിവാക്കണം, രണ്ടുമാസം കൂടുമ്പോള്‍ വിദഗ്ധസംഘത്തിന്റെ നേതൃത്വത്തില്‍ ആനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തണം എന്നൊക്കെയായിരുന്നു നിബന്ധനകള്‍. അന്നുതന്നെ എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്റേയും കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയുടേയും ഭാരവാഹികള്‍ ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയെന്ന വാര്‍ത്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിഷേധിച്ചിരുന്നു.
തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നും ചര്‍ച്ചയിലെ ഉപാധികള്‍ നിയമപരമായി അംഗീകരിക്കാനാവാത്തതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോവുകയാണുണ്ടായതെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വ്യക്തമാക്കിയിരുന്നു.
തൃശൂര്‍ പൂരം നടത്തിപ്പിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ നടന്ന ആനകളുടെ ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റിയിലും വൈകീട്ട് നടന്ന പൂരം ആലോചനാ യോഗത്തിലും ഇതേ ചൊല്ലി വിഷയങ്ങളുണ്ടായി.
രാമചന്ദ്രന്റെ എഴുന്നെള്ളിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ തല ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഉത്തരവ് ലഭിക്കാതെ വിലക്ക് നീക്കാനാവില്ലെന്നുമാണ് കളക്ടറുടെ നിലപാട്. എന്നാല്‍ 10ന് നടന്ന ചര്‍ച്ചയില്‍ ഉറപ്പ് കൊടുത്ത കൃഷി മന്ത്രിയാകട്ടെ വീണ്ടും വനംമന്ത്രിയുമായി ചര്‍ച്ച നടത്തട്ടെ എന്നാണ് പറയുന്നത്.
ലക്ഷക്കണക്കിന് ആരാധകരുള്ള തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ബാധിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന ചര്‍ച്ചയില്‍ രാമചന്ദ്രന്റെ വിലക്ക് നീക്കിയെന്ന വ്യാജ ഉറപ്പ് നല്‍കി മന്ത്രിമാര്‍ എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷനേയും കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയേയും കബളിപ്പിക്കുകയായിരുന്നുവെന്ന് ഇതോടെ വ്യക്തമായി. അതിനിടെ രാമചന്ദ്രന്റെ വിലക്ക് നീക്കിയില്ലെങ്കില്‍ തൃശൂര്‍ പൂരമടക്കമുള്ള ഉത്സവങ്ങള്‍ക്ക് ആനകളെ വിട്ടുനല്‍കില്ലെന്ന് ആന ഉടമസ്ഥസംഘം വ്യക്തമാക്കി.
















