കോഴിക്കോട്: സിപിഎം വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചെന്ന വെളിപ്പെടുത്തലുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് ഡിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സിപിഎമ്മുകാര്‍ ഒരു സംഘമായി യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യുകയായിരുന്നു. പാര്‍ട്ടിയില്‍ നേരിട്ട് പ്രതികരിക്കാനാവാത്ത സിപിഎമ്മുകാര്‍ വോട്ടിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഫാസിസ്റ്റ് നിലപാടുകള്‍ക്കുള്ള മറുപടിയായാണ് സിപിഎമ്മുകാര്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കിയത്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനുമെതിരായ വികാരമാണ് യുഡിഎഫിന് അനുകൂലമായത്. അതിന് പിണറായിയോട് നന്ദിയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
വടകരയില്‍ സ്ഥാനാര്‍ഥിയാകണമെന്ന് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ മുതല്‍ ജില്ലാ നേതാക്കള്‍ വരെ തന്നോട്ട് ആവശ്യപ്പെട്ടിരുന്നതായും മുല്ലപ്പള്ളി വെളിപ്പെടുത്തി. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് സിപിഎമ്മുകാരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. നല്ലവരായ സിപിഎമ്മുകാരുടെ വോട്ടാണ് മുരളിക്ക് കിട്ടിയത്. വടകരയിലെ എല്‍ജെഡിയിലെ ഒരു വിഭാഗം തന്നെ സന്ദര്‍ശിച്ചു പിന്തുണയറിയിച്ചിരുന്നു. അവരുടെ വോട്ടും യുഡിഎഫിന് നല്‍കി. നേതൃത്വത്തിന്റെ മങ്കി പൊളിറ്റിക്‌സില്‍ താല്‍പ്പര്യമില്ലാത്തവരാണ് തന്നെക്കണ്ട് പിന്തുണ അറിയിച്ചത്.
കൊല്ലത്തടക്കം പലയിടത്തും സിപിഎമ്മിന്റെ വോട്ട് കോണ്‍ഗ്രസിന് ലഭിച്ചു. ബിജെപി കോണ്‍ഗ്രസിന് വോട്ട് മറച്ചുവെന്നത് പരാജയം ബോധ്യപ്പെട്ടുള്ള സിപിഎമ്മിന്റെ പതിവ് പല്ലവിയാണ്. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കാനാണ് ഇൗ ആരോപണം. കോണ്‍ഗ്രസിന് ഒരു കാലത്തും ആര്‍എസ്എസുമായോ ബിജെപിയുമായോ ബന്ധമുണ്ടായിട്ടില്ല. ബിജെപിയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ പൊതുരംഗത്ത് നിന്ന് മാറാന്‍ താന്‍ തയാറാണ്. ഇല്ലെങ്കില്‍ മുഖ്യമന്ത്രി മാറുമോയെന്നും മുല്ലപ്പള്ളി ചോദിച്ചു. സിപിഎം സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ പരിശോധിച്ചാല്‍ ഒരുപക്ഷെ അവരെ അയോഗ്യരാക്കാന്‍ വരെ സാധിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തൂ.
















