കൊച്ചി: തെന്മലയില്‍ തങ്ങള്‍കുഞ്ഞു മുസ്ലിയാര്‍ക്ക് കുത്തകപ്പാട്ടമായി നല്‍കിയ ഭൂമി തിരിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു. മുസ്ലിയാരുടെ മകന്‍ കമാലുദ്ദീന്‍ മുസ്ലിയാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
1998 വരെ കമാലുദ്ദീന്‍ പാട്ടത്തുക നല്‍കിയിരുന്നെന്ന് രേഖകളില്‍ നിന്ന് വ്യക്തമെന്ന് ഉത്തരവില്‍ പറയുന്നു. മാത്രമല്ല, ഭൂമി പതിച്ചു നല്‍കാന്‍ ഹര്‍ജിക്കാരന്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനു ശേഷമാണ് ഭൂമി ഏറ്റെടുത്തതിനെതിരെ ഹര്‍ജി നല്‍കിയതെന്നും ഹൈക്കോടതി വിലയിരുത്തി. തിരുവിതാംകൂര്‍ സര്‍ക്കാര്‍ തെന്മലയിലെ ഏഴ് സര്‍വെ നമ്പറുകളിലായി 11 ഏക്കര്‍ 27 സെന്റ് ഭൂമി 75 വര്‍ഷം മുമ്പാണ് തങ്ങള്‍കുഞ്ഞു മുസ്ലിയാര്‍ക്ക് കുത്തകപ്പാട്ടം നല്‍കിയത്. പിന്നീട് ഇതില്‍ നിന്ന് 60 സെന്റ് സ്ഥലം കല്ലട ജലസേചന പദ്ധതിക്കായി സര്‍ക്കാരിനു തിരിച്ചു നല്‍കി. ശേഷിച്ച പത്ത് ഏക്കര്‍ 67 സെന്റ് സ്ഥലമാണ് മുസ്ലിയാരുടെ കൈവശമുണ്ടായിരുന്നത്. ഇതിന് പാട്ടത്തുക നല്‍കുകയോ ഇതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയോ ചെയ്തിരുന്നില്ല.
പിന്നീട് മുസ്ലിയാര്‍ ഭൂമി കമാലുദ്ദീന്‍ ഉള്‍പ്പെടെ മക്കള്‍ക്ക് ഇഷ്ടദാനം നല്‍കി. ഭൂമി ഇഷ്ടദാനം നല്‍കിയതു ചട്ട ലംഘനമാണെന്നും കുത്തകപ്പാട്ടം റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നും വ്യക്തമാക്കി പത്തനാപുരം തഹസില്‍ദാര്‍ 2013 മേയ് 25ന് നോട്ടീസ് നല്‍കി. രേഖകള്‍ ഹാജരാക്കാന്‍ സമയം തേടിയെങ്കിലും ഇവര്‍ മറുപടി നല്‍കാത്തതിനാല്‍ 2013 ജൂലായ് ഒന്നിന് കുത്തകപ്പാട്ടം റദ്ദാക്കി. പിന്നീട് ഭൂരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഇവിടെ 299 പേര്‍ക്ക് പട്ടയം നല്‍കി. സര്‍ക്കാരിന്റെ ഈ നടപടികളാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്.
















