കൊച്ചി: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ്സുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന. കൊച്ചിയില്‍ 12 ബസ്സുകള്‍ കുടുങ്ങി. ഇവയില്‍നിന്ന് 5000 രൂപ വീതം പിഴ ഈടാക്കി.
എറണാകുളം ആര്‍ടിഒയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ അഞ്ച് മുതല്‍ എട്ടര വരെയായിരുന്നു പരിശോധന. 12 ബസ്സുകളുടെയും പെര്‍മിറ്റ് വ്യാജമെന്ന് കണ്ടെത്തിയതിന് പിന്നാലെ കൈയോടെ നോട്ടീസും നല്‍കി. നിയമലംഘനം നടത്തിയ ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കാനുള്ള സാധ്യത പരിശോധിക്കുകയാണ്.
ദീര്‍ഘദൂര ബസ്സുകള്‍ക്ക് രണ്ടുതരം പെര്‍മിറ്റുകളാണ് അനുവദിക്കുന്നത്. ഒന്ന് കോണ്‍ട്രാക്ട് കാരിയേജാണ്. അത്തരം സര്‍വീസുകള്‍ നടത്തുന്ന വാഹനങ്ങള്‍ യാത്രതുടങ്ങി യാത്രക്കാരെ ലക്ഷ്യസ്ഥാനത്തു മാത്രം ഇറക്കി, അതേ യാത്രക്കാരുമായി തുടങ്ങിയിടത്തെത്താനുള്ള അനുമതിമാത്രമുള്ളവയാണ്. ഈ പെര്‍മിറ്റുപയോഗിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കി സര്‍വീസ് നടത്തിയത് ശിക്ഷാര്‍ഹമാണ്. മറ്റൊന്ന് ഇന്റര്‍ സ്‌റ്റേറ്റ് സര്‍വീസാണ്. ലഗേജുകള്‍ കൊണ്ടുപോകുന്നതിനും വ്യവസ്ഥയുണ്ട്. യാത്രക്കാരുടേതല്ലാത്ത ലഗേജുകള്‍ കൊണ്ടുപോകാന്‍ പാടില്ല. ചില ബസ് സര്‍വീസുകള്‍ കൊറിയര്‍-പാഴ്‌സല്‍ സര്‍വീസുകള്‍ നടത്താറുണ്ട്.
മൂന്നര മണിക്കൂര്‍ കൊണ്ട് 45 ബസ്സുകളാണ് പരിശോധിച്ചത്. പല ബസ്സുകളിലും പാര്‍സല്‍ കണ്ടെത്തിയിട്ടുണ്ട്. നിയമ ലംഘനം നടത്തിയ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ: ജോജി.പി.ജോസ് പറഞ്ഞു. ബസുകളെല്ലാം യാത്ര തിരിക്കുന്നത് പുലര്‍ച്ചെ ആയതിനാലാണ് ആ സമയത്ത് പരിശോധന നടത്തിയത്. യാത്രക്കാരെ ബുദ്ധിമുട്ടിക്കാത്ത രീതിയിലായിരുന്നു പരിശോധന. ഇനിയുള്ള ദിവസങ്ങളില്‍ വ്യാപകമായി പരിശോധന നടത്തി കര്‍ശന നടപടിയെടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ വിവിധ ചെക്പോസ്റ്റുകളില്‍ പരിശോധന തുടരുകയാണ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് നീക്കം. പല ഏജന്‍സികളും പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒരാഴ്ചയ്‌ക്കകം ലൈസന്‍സ് എടുത്തില്ലെങ്കില്‍ ഇവ അടച്ചുപൂട്ടാനുള്ള നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
















