തിരുവനന്തപുരം: ജീവിച്ചിരുന്ന ഡോ.ഡി. ബാബുപോള്‍ ഏങ്ങനെയാണോ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്ഥനായിരുന്നത് അതുപോലെ തന്നെയാണ് മരണമടഞ്ഞപ്പോഴും. മരണം മുന്‍കൂട്ടികണ്ട് തയാറാക്കിയ ബാബുപോളിന്റെ മരണാനന്തര ശബ്ദ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
താന്‍ ജീവിച്ചിരുന്നപ്പോള്‍ റെക്കാഡ് ചെയ്തതാണെന്ന ആമുഖത്തോടെയാണ് വാട്സ്ആപ്പ് സന്ദേശം ആരംഭിക്കുന്നത്. മരണത്തേയും തമാശയോടെ കണ്ട അദേഹം നര്‍മ്മരസം കലര്‍ന്ന ഭാഷയിലൂടെയാണ് തന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പ്രകടിപ്പിച്ചത്. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചാ വിഷയം.
എന്റെ സംസ്കാര ശുശ്രൂഷയില്‍ സംബന്ധിക്കാനെത്തിയ നിങ്ങളോടൊക്കെ നേരിട്ടു നന്ദിപറയാന്‍ എനിക്ക് ആഗ്രഹമുണ്ടെങ്കിലും അത് അസാധ്യമാണ് എന്നറിയാനുള്ള സാമാന്യ വിജ്ഞാനം നിങ്ങള്‍ക്ക് എല്ലാവര്‍ക്കുമുണ്ടാകുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഈ ശബ്ദം കേള്‍വിക്കാര്‍ക്ക് തമാശയായി തോന്നുമെങ്കിലും അളന്ന് കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ചിക്കാഗോയില്‍ സ്വാമി വിവേകാനന്ദന് നടത്തിയ പ്രഭാഷണത്തിന്റെ തുടക്കത്തിലെ വാക്കുകള്‍ അടര്‍ത്തി എടുത്താണ് ബാബുപോളും ശബ്ദസന്ദേശത്തിന് തുടക്കം നല്‍കിയിരിക്കുന്നത്. സഹോദരീ സഹോദരങ്ങളേ എന്ന് പറഞ്ഞുകൊണ്ടാണ് സന്ദേശം തുടങ്ങുന്നത്.
താന്‍ മറ്റുള്ളവരെ സഹായിച്ചതും രോഗികള്‍ക്ക് മരുന്ന് വാങ്ങാന്‍ സഹായിച്ചതും ശവപ്പെട്ടിയില്‍ നിന്ന് അറിയിക്കുന്നത് എന്തിനെന്നാല്‍ ആര്‍ക്കെങ്കിലും ഇത് മാതൃകയാക്കാമെന്നതിനാലാണ്. ദൈവത്തെ മുഖത്തോട് മുഖം നോക്കി കാണാതെ കാണുന്നു എന്ന് ഭാവിച്ച് തമാശപറയാവുന്ന ഒരു ബന്ധത്തിലേക്ക് ഞാന്‍ വന്നിട്ടുണ്ട്. തന്നോട് ആരെങ്കിലും ദോഷം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ പെട്ടെന്ന് പറയാന്‍ വിഷമമാണ് എന്ന് ബാബുപോള്‍ പറയുമ്പോള്‍ തന്നെ ആരേയും മുഷിപ്പിക്കാതെ എല്ലാവരിലും സ്നേഹം മാത്രം കാണുന്ന സ്വഭാവത്തിന് ഉടമയെന്നത് ഒരിക്കല്‍ കൂടി വ്യക്തമാകുന്നു.
2018 സപ്തംബറില്‍ തയാറാക്കിവച്ചിരുന്ന ശബ്ദസന്ദേശമാണ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കഴിഞ്ഞ ദിവസം പ്രചരിച്ചത്. ബാബുപോള്‍ അഡ്മിനായ പ്രബോധനം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ആദ്യം ശബ്ദരേഖ പുറത്തുവന്നത്. ബാബുപോള്‍ റെക്കോഡ് ചെയ്ത് ഗ്രൂപ്പിലെ തന്നെ സുഹൃത്തിനെ ഏല്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സുഹൃത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു.
സംതൃപ്തിയോടെയാണ് ഞാന്‍ വിടവാങ്ങുന്നത്. നിങ്ങള്‍ എന്നെക്കുറിച്ചോര്ത്തു കരയേണ്ട. ഇത് ഒരു യാത്രയുടെ അവസാനവും മറ്റൊരു യാത്രയുടെ തുടക്കവുമാണ്. ദൈവത്തിനു ജാതിയോ മതമോ ഇല്ല എന്ന് പറഞ്ഞാണ് ശബ്ദസന്ദേശം അവസാനിക്കുന്നത്.
ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ബാബുപോള്‍ അന്തരിച്ചത്. ഔദ്യോഗിക ബഹുമതികളോടെ ജന്മനാടായ കുറുപ്പംപടിയിലെ സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയിലാണ് ബാബു പോളിന്റെ ഭൗതികശരീരം സംസ്കരിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: