കോട്ടയം: പോളിങ് വര്‍ദ്ധനവില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും. വന്‍തോതിലുള്ള സ്ത്രീകളുടെ സാന്നിദ്ധ്യവും ഹൈന്ദവ പ്രാതിനിധ്യമുള്ള പ്രദേശങ്ങളിലെ വോട്ട് വര്‍ദ്ധനവുമാണ് ഇരുമുന്നണികളെയും ആശങ്കയിലാക്കുന്നത്.
പ്രചാരണത്തിന്റെ തുടക്കസമയങ്ങളില്‍ എന്‍ഡിഎ എന്ന പേര് പറയാന്‍ പോലും മാധ്യമപ്രവര്‍ത്തകര്‍ തയാറായിരുന്നില്ല. ഇടത്-വലത് മുന്നണികളെ പുകഴ്ത്തിയ ഇക്കൂട്ടര്‍ക്ക് പിന്നീട് കോട്ടയത്ത് ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് പറയേണ്ടിവന്നു. മുമ്പ് പോളിങ് വര്‍ദ്ധിക്കുന്നത് യുഡിഎഫിന് അനുകൂലമാണെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍, എന്‍ഡിഎയുടെ ശക്തമായ പ്രചാരണം ഈ കണക്കുകൂട്ടലിനെ തകിടം മറിച്ചു. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം വന്‍തോതില്‍ വര്‍ദ്ധിച്ചു.
ഹൈന്ദവ മേഖലകളിലെ വോട്ട് വര്‍ദ്ധനയും സ്ത്രീവോട്ടര്‍മാരുടെ വലിയ സാന്നിദ്ധ്യവും ശബരിമലവിഷയം തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമായതിന്റെ സൂചനയാണ്. കോട്ടയം, പത്തനംതിട്ട, മാവേലിക്കര പാര്‍ലമെന്റ് മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് കോട്ടയം ജില്ല. 2014ലെ തെരഞ്ഞെടുപ്പില്‍ 71.7 ശതമാനമായിരുന്ന പോളിങ് ഇത്തവണ 75.29 ആയിട്ടാണ് ഉയര്‍ന്നത്. എല്‍ഡിഎഫിന് കൂടുതല്‍ വോട്ട് ലഭിക്കുമെന്ന് കരുതിയിരുന്ന വൈക്കം, ഏറ്റുമാനൂര്‍ നിയോജക മണ്ഡലങ്ങളിലെ പോളിങ് വര്‍ദ്ധനവ് എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുമെന്ന സൂചനകളാണ് നല്‍കുന്നത്. വൈക്കത്ത് 79.47 ശതമാനമാണ് പോളിങ്. 2014ല്‍ ഇത് 77.35 ആയിരുന്നു. ഏറ്റുമാനൂരില്‍ 73.59ല്‍ നിന്ന് 77 ആയി ഉയര്‍ന്നു.
ഫലപ്രഖ്യാപനത്തിന്ശേഷം സിപിഎം-സിപിഐ പോര് ശക്തമാകുന്ന മണ്ഡലങ്ങളില്‍ ഒന്നാകും വൈക്കം. പ്രചാരണരംഗത്ത് സിപിഐ പിന്വലിഞ്ഞതായുള്ള ആക്ഷേപം ശക്തം. പിറവത്ത് 74.97 ശതമാനമാണ് ഇത്തവണത്തെ പോളിങ്. കഴിഞ്ഞതവണ 73.01 ശതമാനമായിരുന്നു. പാലായില്‍ പോളിങ് 68.71ല്‍ നിന്ന് 72.26 ആയി ഉയര്‍ന്നതും ശ്രദ്ധേയമാണ്. കടുത്തുരുത്തിയില്‍ 67.01ല്‍ നിന്ന് 70.78 ശതമാനത്തിലേക്ക് വര്‍ധിച്ചു. കോട്ടയത്തും വര്‍ദ്ധന ഉണ്ടായി. 76.09 ശതമാനമായിരുന്നു പോളിങ്. 72.84 ശതമാനമായിരുന്നു 2014ല്‍. പുതുപ്പള്ളിയില്‍ 70.13ല്‍ നിന്ന് 75.15 ശതമാനമായാണ് പോളിങ്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലും വോട്ടിങ് നിലയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇവിടങ്ങളിലെ ഹിന്ദു മേഖലയില്‍ വന്നിരിക്കുന്ന വര്‍ധന ശബരിമലവിഷയം ശക്തമായി സ്വാധീനിച്ചതിന്റെ തെളിവാണ്. കാഞ്ഞിരപ്പള്ളിയില്‍ 68.52ല്‍ നിന്ന് 77.96 ഉം, പൂഞ്ഞാറില്‍ 65.52ല്‍ നിന്ന് 77.27 ശതമാനവുമായാണ് പോള്‍ ചെയ്തത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുപ്പത്തയ്യായിരത്തോളം വോട്ടുകള്‍ എന്‍ഡിഎയ്ക്ക് നേടാന്‍ സാധിച്ച മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ എതിര്‍പ്പ് വോട്ടിങ്ങില്‍ പ്രതിഫലിച്ചതായി എന്‍ഡിഎ കരുതുന്നു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ ഒന്നാമതെത്തുമെന്നാണ് സൂചന.
പി.സി. ജോര്‍ജ്ജിന്റെ എന്‍ഡിഎ പ്രവേശനത്തോടെ ഏറെ ശ്രദ്ധനേടിയ പൂഞ്ഞാറില്‍ ജനപക്ഷത്തിന്റെ സ്വാധീന മേഖലകളിലെല്ലാം എന്‍ഡിഎ മുന്നിലെത്തുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. മാവേലിക്കര പാര്‍ലമെന്റ്മണ്ഡലത്തില്‍ ഉള്‍പ്പെട്ട ജില്ലയിലെ ഏക നിയമസഭാ മണ്ഡലമാണ് ചങ്ങനാശ്ശേരി. എന്‍എസ്എസ് ആസ്ഥാനം നിലകൊള്ളുുന്ന ചങ്ങനാശ്ശേരിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 69.55 ശതമാനമായിരുന്നു പോളിങ.് ഇക്കുറി ഇത്തവണ 72.62 ശതമാനമായി. ശബരിമല വിഷയവും പ്രളയക്കെടുതിയും ഈ മണ്ഡലത്തില്‍ ശക്തമായി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. വിശ്വാസികള്‍ക്കും, ആചാരസംരക്ഷണത്തിനും ഒപ്പമെന്ന എന്‍എസ്എസിന്റെ ആവര്‍ത്തിച്ചുള്ള നിലപാടും ശക്തമായ പ്രതിഷേധങ്ങളും വോട്ടിങ്ങില്‍ കൃത്യതയോടെ പ്രതിഫലിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: