കൊച്ചി: മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്‌മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവി(ഡബ്ല്യുസിസി)ന്റെ രണ്ടാം വാര്‍ഷികത്തിന് ഇന്ന് തുടക്കം. രണ്ട് ദിവസങ്ങളിലായി നടക്കുന്ന വാര്‍ഷികാഘോഷം ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി കെ.കെ. ശൈലജ സെന്റ് തെരേസാസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. സുപ്രീംകോടതി അഭിഭാഷക വൃന്ദ ഗ്രോവര്‍ മുഖ്യപ്രഭാഷണം നടത്തും. തമിഴ് സംവിധായകന്‍ പ. രഞ്ജിത്ത് മുഖ്യാതിഥിയാകും.
വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സിനിമാ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ദേശീയ വനിതാ സമ്മേളനവും ഇതോടൊപ്പം നടക്കും. വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസെടുക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ പാനല്‍ ചര്‍ച്ചകളാണ് നടക്കുക. മറ്റ് സംസ്ഥാനങ്ങളിലും സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകളുടെ കൂട്ടായ്‌മയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഡബ്ല്യുസിസി നടത്തുന്നുണ്ട്. ഇവയെ ഏകീകരിച്ച് ദേശീയതലത്തില്‍ സംഘടിതരൂപമാക്കാനാണ് ശ്രമം.
മലയാള സിനിമയിലെ നടി അക്രമിക്കപ്പെട്ട സംഭവത്തോടെയാണ് വനിതകളുടെ കൂട്ടായ്‌മ രൂപപ്പെട്ടത്. ആദ്യകാലത്ത് ശക്തമായിരുന്നെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തനം ശുഷ്‌കിച്ചെന്ന വിലയിരുത്തലുകള്‍ക്കിടയിലാണ് രണ്ടാം വാര്‍ഷികാഘോഷമെന്നതും ശ്രദ്ധേയം.
















