തിരുവനന്തപുരം: തങ്ങളുടെ ധാര്‍ഷ്ട്യം കാരണം ജനവികാരം എതിരായത് മറച്ചു വയ്ക്കാന്‍ പതിവുപോലെ ബിജെപിയ്ക്കെതിരെ ആരോപണവുമായി സിപിഎം നേതൃത്വം രംഗത്ത് ഇറങ്ങി.
വിശ്വാസത്തെ അടിച്ചമര്‍ത്തി ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റിയപ്പോള്‍ കേരള ജനത സിപിഎമ്മിനെയും സര്‍ക്കാരിനെയും ഒരു പോലെ വെറുത്തു. തങ്ങള്‍ ചെയ്യുന്നതാണ് എല്ലാം ശരിയെന്ന മാടമ്പിത്തരം പാര്‍ട്ടി അണികളില്‍പ്പോലും വെറുപ്പുളവാക്കി. മുഖ്യമന്ത്രിയുടെ തന്‍പ്രമാണിത്തം പാര്‍ട്ടിയെക്കൂടി അതുവഴി നയിക്കുന്നു എന്ന് നിഷ്പക്ഷമതികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു. ശബരിമല വിഷയം നീറിത്തുടങ്ങിയപ്പോള്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷണനോട് പ്രശ്നം പരിഹരിക്കണം എന്ന് ജില്ലാ നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് രമ്യതയ്ക്ക് തയ്യാറാകാതെ വനിതാ മതില് തീര്‍ത്ത് ആക്ടിവിസ്റ്റുകളെ കയറ്റി പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. തീക്കൊള്ളി കൊണ്ട് ചൊറിയുകയാണെന്ന് ഏരിയകമ്മറ്റികളില്‍ ഉരുത്തിരിഞ്ഞ ചര്‍ച്ച നേതൃത്വത്തെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. ഇതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയായിരുന്നു.
സിപിഎമ്മിന്റെ തന്‍പ്രമാണിത്തം സീറ്റ് വിഭജനത്തിലും കല്ലുകടിയായി. സിപിഐക്ക് മാത്രം സീറ്റ് നല്കിയ ശേഷം മറ്റ് ഘടക കക്ഷികളെയെല്ലാം വെട്ടിയൊതുക്കി. ഇവിടെയും എല്ലാം എപ്പോഴും തങ്ങളുടെ വരുതിയില്‍ നില്‍ക്കുമെന്നായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. മലബാര്‍ മേഖലയില്‍ ഏറെക്കുറെ സ്വാധീനമുള്ള ജനതാദളിന് സീറ്റ് നല്‍കിയില്ല. നേതാക്കളായ വീരേന്ദ്രകുമാര്‍ എംപിയും മന്ത്രി കൃഷ്ണന്‍കുട്ടിയും അന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത് മുന്നണിയില്‍ നില്ക്കുന്നതിനാല് ഞങ്ങള്‍ ഒന്നും പറയുന്നില്ലെന്നാണ്. അവര്‍ സിപിഎമ്മിന് കൊടുത്ത പണിയും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് നീക്കം.
ശബരിമല യുവതീപ്രവേശനത്തിനോടൊപ്പം തെരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടുകൊണ്ടായിരുന്നു വനിതാമതിലിനായി നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ചത്. വെള്ളാപ്പള്ളി നടേശനെ സമിതിയുടെ ചെയര്‍മാനാക്കിയത് ഈഴവ വോട്ടുകള്‍ ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റിയതോടെ സര്‍ക്കാരിനെ കുറ്റപ്പെടുത്തി വെള്ളാപ്പള്ളിയും പ്രീതി നടേശനും രംഗത്ത് വന്നു. ഇതോടെ നവോത്ഥാന സംരക്ഷണ മുന്നണിയെ തെരഞ്ഞെടുപ്പില്‍ വേണ്ട വിധം ഉപയോഗിക്കാം എന്ന വ്യാമോഹവും പൊലിഞ്ഞു.
എന്‍എസ്എസിനെ പിണക്കിയതും തന്ത്രിവിഭാഗത്തെ അധിക്ഷേപിച്ചതും സിപിഎം ബോധപൂര്‍വ്വം മറക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എന്‍എസ്എസുമായി അടുക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും വിശ്വാസത്തെ തച്ചുടച്ചതിനാല്‍ ധാരണയ്ക്ക് തയ്യാറായില്ല. വിശ്വാസികളോടൊപ്പമാണ് തങ്ങള്‍ എന്ന ഉറച്ച നിലപാട് എന്‍എസ്എസ് സ്വീകരിച്ചതും സിപിഎം ബോധപൂര്‍വ്വം മറക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: