കോഴിക്കോട്: രാഷ്‌ട്രീയപാര്‍ട്ടി നേതാക്കളും സ്ഥാനാര്‍ഥികളും സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖരും രാവിലെ തന്നെയെത്തി വോട്ടവകാശം വിനിയോഗിച്ചു. സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരും സംവിധായകന്‍ രഞ്ജിത്തും കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ സെന്റ് വിന്‍സന്റ് കോളനി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.
ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള രാവിലെ എട്ടോടെ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ തുരുത്തിയാട് ആശ്വാസകേന്ദ്രത്തിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബുവിന് നാദാപുരം നിയമസഭാ മണ്ഡലത്തിലെ നരിപ്പറ്റ ആര്‍എന്‍എം ഹൈസ്‌കൂളിലെ 100-ാം ബൂത്തിലായിരുന്നു വോട്ട്. അമ്മ മാണിയമ്മ, ഭാര്യ ഡോ. ഭാഗ്യശ്രീ, ജ്യേഷ്ഠ ഭാര്യ ഷീന എന്നിവരോടൊപ്പം ബൂത്തിലെത്തി അദ്ദേഹം വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്തതിന് ശേഷം കോഴിക്കോട് മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ചു.
വടകര പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. വി.കെ. സജീവന്‍ രാവിലെ ഒന്‍പതരയോടെ ഭാര്യ സരിതയ്‌ക്കൊപ്പം കുറ്റ്യാടി മണ്ഡലത്തില്‍ വള്ള്യാട് ഈസ്റ്റ് എല്‍പി സ്‌കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
















