കൊളംബോ: ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളി വെടിവെപ്പിന് ഇസ്ലാമിക ഭീകരര്‍ നല്‍കിയ മറുപടിയാണ് ശ്രീലങ്കയില്‍ 321 പേരുടെ ജീവനെടുത്ത ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനപരമ്പരയെന്ന് ശ്രീലങ്കന്‍ ആഭ്യന്തര മന്ത്രി. പാര്‍ലമെന്റില്‍ വിളിച്ചുചേര്‍ത്ത അടിയന്തരയോഗത്തിലാണ് ആഭ്യന്തരമന്ത്രി രുവാന്‍ വിജേവര്‍ധനെ ഇക്കാര്യം അറിയിച്ചത്.
ക്രൈസ്റ്റ്ചര്‍ച്ചിലെ 2 മുസ്ലിം പള്ളികളില്‍ മാര്‍ച്ച് 15-ാം തീയതി പ്രാര്‍ഥനയ്‌ക്കിടെ 50 വിശ്വാസികളെ വലത് വര്‍ഗീയവാദി വെടിവെച്ചു കൊന്നിരുന്നു. ഇതിന് പകരമായാണ് ഇസ്ലാമിക ഭീകരര്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ശ്രീലങ്കയിലെ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നാഷണല്‍ തൗഹീദ് ജമാഅത്തിലെ ഒരംഗം ന്യൂസിലാന്‍ഡ് ആക്രമണത്തിന് പിന്നാലെ തീവ്രസ്വഭാവമുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. തൗഹീദിന് ശ്രീലങ്കയില്‍ വിലക്കേര്‍പ്പെടുത്തണമെന്നും വിജേവര്‍ധനെ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
ഏഴ് സ്ഫോടനങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ നാഷണല്‍ തൗഹീദ് ജമാഅത്താണ് പിന്നിലെന്ന് ശ്രീലങ്ക പ്രഖ്യാപിച്ചിരുന്നു.
എല്ലാ ചാവേറുകളും ശ്രീലങ്കക്കാരാണെങ്കിലും തൗഹീദിന് അന്താരാഷ്‌ട്ര ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
കൊല്ലപ്പെട്ട 321 പേരില്‍ 38 പേര്‍ വിദേശികളാണ്. 10 പേര്‍ ഇന്ത്യക്കാരാണ്.
















