തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റ് നിര്‍ബന്ധപൂര്‍വ്വം സിപിഎം അസോസിയേഷന് പിടിച്ചുവാങ്ങുന്നു. ബാലറ്റ് പോസ്റ്റ് മെയ് 22 വരെ നിക്ഷേപിക്കാമെന്നതിനാലാണിത്.
ഇടതു സ്ഥാനാര്‍ത്ഥികളെ സഹായിക്കാന്‍ തെരഞ്ഞെടുപ്പ് ഫണ്ട് എന്ന പേരില്‍ അനധികൃതമായി ഭീഷണിപ്പെടുത്തി പോലീസില്‍ നിന്ന് പണം പിരിച്ചിരുന്നു. ഇതിനായി അസോസിയേഷന് കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുപ്പ് ജോലി ഉപേക്ഷിച്ച് സ്റ്റേഷന് തോറും കയറി ഇറങ്ങുകയും ചെയ്തിരുന്നു.
പോസ്റ്റല്‍ ബാലറ്റ് നല്കാന് വിസമ്മതിച്ചവരോട് ഭീഷണിയുടെ സ്വരത്തില്‍ ‘കാണാം’ എന്നാണ് അസോസിയേഷന് കൗണ്‍സിലറുടെ മറുപടി. രാഷ്ട്രീയം പാടില്ലാത്ത സേനയില്‍ സിപിഎം ഫ്രാക്ഷന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാര്‍ത്ത ജന്മഭൂമി മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സേനയില്‍ 4000ത്തോളം വോട്ടുകളാണ് ഉള്ളത്. പോസ്റ്റല്‍ ബാലറ്റിന്റെ വിലാസം അസോസിയേഷന് ഓഫീസില്‍ നല്‍കണമെന്നാണ് അസോസിയേഷന്റെ നിബന്ധന. ഇതു ലംഘിച്ചവരോടാണ് ബാലറ്റ് ഓഫീസില്‍ എത്തിക്കാന്‍ നിര്‍ബന്ധിച്ചത്. ഇതിന് തയ്യാറാകാത്തവരെ അസോസിയേഷന് ഭാരവാഹികള്‍ നേരിട്ട് കണ്ടാണ് സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള ഭീഷണി മുഴക്കിയത്.
സംസ്ഥാനത്തെ ഓരോ പോലീസ് സ്റ്റേഷനിലും തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി 30000 മുതല്‍ 60000 രൂപ വരെ നല്‍കണമെന്നാണ് അസോസിയേഷന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സാധാരണ പോലീസുകാര്‍ 1000 രൂപയാണ് നല്‍കേണ്ടത്. സ്പെഷ്യല്‍ യൂണിറ്റിലുള്ളവര്ക്കാണ് അസോസിയേഷന്റെ ഭീഷണി കൂടുതലായുള്ളത്. പ്രളയം, സാലറി ചലഞ്ച്, ദേശാഭിമാനി, തെരഞ്ഞെടുപ്പ് തുടങ്ങിയ പിരിവുകള്‍ തുടര്‍ച്ചയായി വന്നതോടെ സാധാരണ പോലീസ് ഉദ്യോഗസ്ഥരുടെ നടുവൊടിഞ്ഞിരിക്കുകയാണ്.
തിരുവനന്തപുരം, കണ്ണൂര്‍ ജില്ലയിലെ പോലീസ് അസോസിയേഷന്, ഓഫീസേഴ്സ് അസോസിയേഷന് എന്നീ സംഘടനകളുടെ നേതാക്കള്‍ തെരഞ്ഞെടുപ്പ് കാലത്ത് ജോലിക്ക് നിയോഗിച്ചിട്ടും പോകാതെ മേല്‍ ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുകയാണ്. മറ്റു പോലീസുകാര്‍ക്കും നേതാക്കള്‍ക്കും ഡ്യൂട്ടി നല്‍കിയെങ്കിലും മേലുദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുകയുമാണ്. യൂണിഫോമില്ലാത്തതിനാല്‍ ഡ്യൂട്ടിക്ക് പോകാന്‍ കഴിയില്ലെന്ന മുടന്തന്‍ വിശദീകരണം നല്കിയ ഉദ്യോഗസ്ഥരുമുണ്ട്.
പോലീസ് അസോസിയേഷന്റെയും ഓഫീസേഴ്സ് അസോസിയേഷന്റെയും തലസ്ഥാനത്തെ നേതാക്കളായ 37 പേരാണ് ജോലിചെയ്യാതെ ഉന്നത സ്വാധീനത്താല്‍ രക്ഷപ്പെട്ടത്. പോസ്റ്റല്‍ വോട്ട്, ധനസമാഹരണം എന്നിവയാണ് ഇവരുടെ പ്രധാന ജോലി. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ മൗന പിന്തുണയുമുണ്ട്. തെരഞ്ഞെടുപ്പ് ജോലിക്ക് പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം തികയാത്തതിനാല്‍ തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും പോലീസുകാരെ വിളിച്ചുവരുത്തിയ സാഹചര്യത്തിലാണ് സംഘടനാ നേതാക്കളെ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
കേരളാ പോലീസിലെ 58,138 ഉദ്യോഗസ്ഥരെയാണ് നിലവില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ഇവര്‍ മതിയാകാതെ വന്നതോടെ തമിഴ്നാട്ടില്‍ നിന്ന് 2,000 പോലീസ് ഉദ്യോഗസ്ഥരെയും കര്‍ണാടകത്തിലെ 1,000 ഉദ്യോഗസ്ഥരേയും കേരളത്തിലേക്ക് എത്തിക്കേണ്ടിവന്നു. കൂടാതെ അര്‍ദ്ധസൈനികരുടെ 55 കമ്പനി ജവാന്മാരും തെരഞ്ഞെടുപ്പ് ജോലിക്കായി സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: