ഭാഗം 1
പാറപ്പുറത്ത് നിന്നും ആരംഭിക്കുന്ന 248 കിലോമീറ്റര്‍ റോഡ് മാര്‍ഗം ഒരു ഒഴിവുകാലയാത്ര.പാറപ്പുറത്ത് കൊടും ചൂടാണ്. കാലാവസ്ഥയ്ക്ക് പുറമേ തെരഞ്ഞടുപ്പുകൂടിയായതോടെ ചൂടിന് തീക്ഷ്ണത കൂടുതലാണ്.
ഊട്ടി ആണ് ലക്ഷ്യം. അവിടെ പ്രകൃതിയുടെ തണുപ്പില്‍ ഇനി ഒരു വിശ്രമ ജീവിതമാണ് ഉപദേശികളില്‍ വിശ്വസ്തുടെ അഭിപ്രായം. അത് വിദേശ ചികിത്സ കഴിഞ്ഞപ്പോഴേ തീരുമാനിച്ചതാണ്.
മാത്രമല്ല, മക്കള്‍ക്ക് നല്കിയ സ്വാശ്രയ വിദ്യാഭ്യാസത്തെക്കാള്‍ ഉയര്‍ന്ന തരത്തില്‍ ഉള്ള വിദ്യാഭാസം കൊച്ചുമകള്‍ക്ക് നല്‍കണം അതിനും ഊട്ടിയാണ് നല്ലത്. അതിനെക്കുറിച്ചും അന്വേഷിക്കണം.
യാത്ര ഇന്നോവയില്‍ ആണ്, ഇന്നോവയാണ് ഇഷ്ടം. പ്രളയം കഴിഞ്ഞ ഉടനെ പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങി. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കണ്ണൂര്‍ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയുടെ മണ്ഡല പര്യടന വാഹനം എതിര്‍ഭാഗത്തേക്ക് പോകുന്നു.
സി.കെ. പത്മനാഭനാണ് സ്ഥാനാര്‍ത്ഥി, പഴയ സഹപ്രവര്‍ത്തകനാണ്. വരട്ടുദേശീയവാദി. എതിര്‍ഭാഗത്തേക്കാണ് അയാള്‍ എപ്പോഴും പോകുന്നത്. ‘സ്വയം കുത്തി’ മരിച്ച ഉത്തമന് എന്ന അച്ഛന്റെയും അതേ പാത പിന്തുടര്‍ന്ന മകന് രമിത്തിന്റെയും വീടാണ് ലക്ഷ്യം. ഇന്നത്തെ കണി ശരിയായില്ല. മോശം കണികണ്ട ജിഷ്ണു പ്രണോയിക്ക് പറ്റിയ അപകടം മനസ്സില്‍ കൊള്ളിയാനായി. ഡ്രൈവറോട് വാഹനം മാഹി വഴി വിടാന്‍ പറഞ്ഞു. നാല് കിലോമീറ്റര്‍ അധികമെങ്കിലും അവിടെ നികുതി കുറവാണ്. ഡീസലിന് ലിറ്ററിന് നാലു രൂപ വിലക്കുറവ് ഉണ്ട്. മാത്രമല്ല വിശപ്പുംകുറവാണ്. മുന്തിരി വൈന്‍ 90 മില്ലി സ്ഥിരമായി കഴിക്കുന്നത് നല്ലതാണെന്ന് അമേരിക്കയിലെ ഡോക്ടര്‍ ഉപദേശിച്ചതുമാണ്. മദ്യത്തിന്റെയും ഡീസലിന്റെയും വില്‍പ്പന നികുതി കൂട്ടുകയാണ് കേരളത്തിന്റെ സമ്പത്തിക നവോത്ഥാനത്തിനും വളര്‍ച്ചയ്ക്കും ഏറ്റവും നല്ല ആശയമെന്നാണ് നമ്മുടെ ശാസ്ത്രജ്ഞന് പറയുന്നത്.
രണ്ട് വാഹനത്തിന് കടന്ന് പോകാന്‍ ഇടമില്ലാത്ത ധര്‍മ്മടത്ത് റോഡ് ബ്ലോക്കായി. പുറത്തേക്ക് നോക്കിയപ്പോള്‍ പൂട്ടിയ ദിനേശ് ബീഡി കമ്പനിയുടെ മുന്നില്‍ ഗ്യാസ് ലോറി വഴി മുടക്കിയതാണ്. ഗ്യാസ് വിതരണം ജലപാത, പൈപ്പ് ലൈന്‍ എന്നിവ വഴിയാക്കണം, അതിന് പ്രത്യേകപരിഗണന നല്‍കണം എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതിന്റെ പൊരുള്‍ മനസില്‍ ആലോചിച്ചു. വാഹനം പതുക്കെ നീങ്ങി ധര്‍മ്മടം പാലം കഴിഞ്ഞു ഇനി തലശ്ശേരി നിയമസഭാ മണ്ഡലമാണ് വടകര ലോക്സഭ. വില്ലുകുലയ്ക്കുന്ന അര്‍ജ്ജുനായി പി. ജയരാജന്റെ പടുകൂറ്റന്‍ ഫ്ളക്സ്. തെരഞ്ഞടുപ്പ് കമ്മീഷന് ഇങ്ങോട്ടൊന്നും വരാറില്ല എന്ന് തോന്നുന്നു.
തലശ്ശേരി മാഹി ബൈപാസ് സ്വപ്നം കണ്ട് തലശ്ശേരിയിലെ സായിപ്പ് ഉണ്ടാക്കിയ ഇടുങ്ങിയ റോഡിലൂടെ ഫസല്‍ ‘ആത്മഹത്യ’ ചെയ്ത ബസ്സ്റ്റോപ്പ് പിന്നിട്ട് നികുതി കുറഞ്ഞ മാഹിയിലേക്ക്. മാഹിയിലെ വോട്ടിങ്ങ് മെയ് 18 ന് ആണ്. സിപിഎം മാഹി ലോക്കല്‍ കമ്മറ്റി വച്ചിരിക്കുന്ന ത്രിവര്‍ണ്ണനിറത്തിലുള്ള പരസ്യ ബോര്‍ഡും കൈ ചിഹ്നവും ഒരു കൗതുകം തന്നെ. യെച്ചൂരി സഖാവും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുലും കനിമൊഴിയും സ്റ്റാലിനും മാഹി എംഎല്‍എ വത്സരാജും ഒക്കെ ബോര്‍ഡില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. കൂട്ടത്തില്‍ ഒന്നില്‍ കെ. മുരളധീരന്റെ ചിത്രവും അച്ചുതാനന്ദന്റെ ചിത്രവും ഒന്നിച്ച് വച്ചിരിക്കുന്നു.
ഇന്ധനം നിറച്ച് മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ മുന്നിലൂടെ കാര്‍ പാനൂരിലേക്ക് പോയപ്പോള്‍ അതു കണ്ടു, ലാവലിന്‍ കേസിന്റെ നാള്‍വഴികള്‍ വിശദീകരിച്ച് വടകര മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി സജീവന്റെ പരസ്യബോര്‍ഡ് ആരോ ഭാഗികമായി കീറിയിരിക്കുന്നു. പാര്‍ട്ടി ഗ്രാമങ്ങളിലെ ഊടുവഴികള്‍ പിന്നിട്ട് പെരങ്ങത്തൂര്‍ പാലം കടന്ന് രക്തസാക്ഷികളുടെ നാടായ ഒഞ്ചിയത്തിന്റെ ഓരത്ത് എത്തി. മാഷാ അള്ളാ സ്റ്റിക്കര്‍ പതിപ്പിച്ച ഇന്നോവ ഓര്‍ത്തപ്പോള്‍ മനസ് പറഞ്ഞു, ‘കുലം കുത്തികള്‍ ജീവിക്കുന്നതിനെക്കാള്‍’ അപടകരമാണ് മരിച്ചുകഴിഞ്ഞാല്‍. ഇനി നാദാപുരം ഏഴ് കിലോമീറ്റര്‍ മാത്രം. മുസ്ലീം ലീഗാണ് കെ മുരളീധരന്റെ പ്രചരണം ഏറ്റടുത്തിരിക്കുന്നത്. നാദാപുരം കലാപം ഒരു നഷ്ടക്കച്ചവടം ആണന്ന് മനസില്‍ പറഞ്ഞ് യാത്ര തുടര്‍ന്നു.
ഭാഗം 2
ഇടയ്ക്കൊരു ചായ എന്ന ആവശ്യം തള്ളിയത് ഗണ്മാന് ആണ്. തൊട്ടില്‍പ്പാലത്ത് നക്സലുകള്‍ ഉണ്ട്. വണ്ടിയില്‍ നിന്ന് ഇറങ്ങാന്‍ പറ്റില്ല. ചായ ഫ്ളാസ്കില്‍ വാങ്ങാം. പരിപ്പുവട പാര്‍സലും. ഇന്ദ്രചന്ദ്രനെ പോലെയല്ല നക്സലുകള്‍ അവരെ സൂക്ഷിക്കണം. ഇടയ്ക്കു ഭാര്യയുടെ ആവശ്യം, ടോയ്ലെറ്റില് പോകണം. നാടുകാണി ചുരം കയറാന്‍ തുടങ്ങി. മഹാസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ രാഹുലിനെ വരവേറ്റ് കൊണ്ടുള്ള കമാനങ്ങള്‍ പിന്നിട്ടു കൊണ്ട് പൊതു ശൗചാലയമില്ലാത്ത വയനാടന്‍ പാതയിലൂടെ വണ്ടി വെള്ളമുണ്ട പോലീസ് സ്റ്റേഷന് എത്തി.
അപ്രതീക്ഷിത അതിഥിയെ കണ്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി. കേരളത്തിലെ ഏറ്റവും സുരക്ഷാസംവിധാനമുള്ള പോലീസ് സ്റ്റേഷന്. മാവോയിസ്റ്റ് വേട്ടയ്ക്ക് ഉള്ള പോളാരിസ് വണ്ടിയും ആയുധങ്ങളും അതിഥികളില്‍ കൗതുകം വളര്‍ത്തി. രാജ്യത്തിന്റെ ശത്രുക്കളായ മാവോയിസ്റ്റ് ജലീലിനെ അടക്കം മൂന്നു പേരെ വെടിവച്ച് കൊന്ന് ഗാന്ധിമാര്‍ഗം തള്ളിയ തണ്ടര്‍ബോള്‍ട്ട് ഒരു വലിയ സല്യൂട്ട് നല്കി. ചായത്തോട്ടത്തിലെ സ്ത്രീ തൊഴിലാളികളുടെ സമരപന്തലുകളുടെ മുന്നിലൂടെ യാത്ര തുടര്‍ന്നു.
സമയം ഒരു മണി. മാനന്തവാടി പിന്നിട്ടു. കേണിച്ചിറയലും നടവയലും പ്രചാരണം പൊടിപൊടിക്കുന്നു. ബിജെപിയെ തോല്‍പ്പിക്കാന്‍ സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് എതിരെ മത്സരിക്കുന്ന ഇടതിന്റെ വിചിത്ര രാഷ്ട്രീയം. രണ്ട് ചങ്കും തകരുന്ന കാഴ്ച്ച കാണാന്‍ സാധിക്കാതെ അയാള്‍ ഒന്ന് മയങ്ങി.
മലയാളികള്‍ ധാരളം ഉള്ള കൂര്‍ഗ്, ദക്ഷിണ കാനറ ലോക്സഭാ സീറ്റുകളിലെ ചില പ്രചാരണ നോട്ടീസുകള്‍ അവിടവിടെ കാണാം. എസ്ഡിപിഐയാണ് നോട്ടീസ് അടിച്ചത്. അവര്‍ക്ക് കുടകില്‍ നല്ല സ്വാധീനം ഉണ്ട്. സിപിഎം, എസ്ഡിപിഐ, ഐയുഎംഎല്‍, സിപിഐ, ഐഎന്‍എല്‍ എല്ലാവരും കൂടെ ജനതാദളിനെ പിന്തുണക്കുന്നു. സിദ്ധരാമയ്യയുടെ സഹായത്താല്‍ മംഗലാപുരത്ത് പ്രസംഗിച്ച ബ്രണ്ണന്‍ പ്രസംഗം ഓര്‍ത്ത് സ്വയം പുളകിതനായി.
ഗൂഡല്ലൂര്‍ കഴിഞ്ഞു ഊട്ടിയില്‍ സുരക്ഷിതമായി എത്തി. സ്വകാര്യ ഫാം ഹൗസിലാണ് താമസം. ഒരു ചുക്കുകാപ്പി കുടിച്ചു കൊണ്ട് കൊച്ചുമകനെ മടിയില്‍ ഇരുത്തി ദിനമലര്‍ പത്രം എടുത്ത് വെറുതേ നോക്കി. കൊച്ചുമോന് പറഞ്ഞു, ഇതാ അച്ചാച്ചന് വാളും പിടിച്ച് നില്ക്കുന്ന പടം പത്രത്തില്‍. കൂടെ രാഹുലും സ്റ്റാലിനും. ഡിഎംകെയുടെ അരപ്പേജ് പരസ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: