തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചപ്പോള്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളേയും പ്രവര്‍ത്തകരേയും ലക്ഷ്യമിട്ട് വ്യാപകമായ അക്രമം അഴിച്ചുവിട്ടു. കെ. സുരേന്ദ്രന്, കുമ്മനം രാജശേഖരന്, രവീശ തന്ത്രി കുണ്ടാര്‍ എന്നിവര്‍ക്കു നേരേയാണ് കടുത്ത അക്രമമുണ്ടായത്.
തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ റോഡ്ഷോയ്ക്കു നേരെ കഴക്കൂട്ടത്ത് വച്ചാണ് സിപിഎം ആക്രമണം നടത്തിയത്. കുമ്മനത്തിനൊപ്പം വാഹനത്തില്‍ കേന്ദ്രമന്ത്രി പൊന്രാധാകൃഷ്ണനുമുണ്ടായിരുന്നു. വാഹനത്തിനു നേരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചെരിപ്പെറിഞ്ഞു. കുമ്മനം രാജശേഖരനെതിരെ തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തില്‍ വധശ്രമമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് ഡിജിപിക്ക് പരാതി നല്കി.
കാഞ്ഞിരപ്പളളിയില്‍ റോഡ്ഷോ നടത്തുമ്പോഴായിരുന്നു പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെ സിപിഎം-എസ്ഡിപിഐ സംഘം ആക്രമിച്ചത്. പോലീസ് നോക്കിനില്‍ക്കെ വാഹനം തടഞ്ഞുനിര്‍ത്തിയായിരുന്നു അക്രമം. വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. തിരുവല്ലയില്‍ സിപിഎം നടത്തിയ കല്ലേറില്‍ സ്ത്രീകളടക്കം പതിനെട്ടു പേര്‍ക്ക് പരിക്കേറ്റു. പലരുടെയും തലയ്ക്കാണ് പരിക്ക്. സംഭവത്തെ തുടര്‍ന്ന് പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട, ജനറല്‍ സെക്രട്ടറി ഷാജി. ആര്. നായര്‍ എന്നിവര്‍ തിരുവല്ല ആര്‍ഡിഒ ഓഫീസിന് മുന്പില് സത്യഗ്രഹം ആരംഭിച്ചു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് തിരുവല്ലയിലെത്തിയ സുരേന്ദ്രനും പിന്നീട് സത്യഗ്രഹത്തില്‍ പങ്കുചേര്‍ന്നു.
കാസര്‍കോട് എന്‍ഡിഎ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറിനു നേരെ സിപിഎം ഇന്നലെ വീണ്ടും അക്രമം നടത്തി. രാവിലെ മടിക്കൈ കോതോട്ടുപാറയില്‍ പര്യടനത്തിന് എത്തിയപ്പോഴായിരുന്നു അക്രമം. ഇവിടെ പ്രചാരണം നടത്താന്‍ പാടില്ലെന്ന് പറഞ്ഞ് അക്രോശിച്ച് അമ്പതോളം വരുന്ന സിപിഎം-ഡിവൈഎഫ്ഐ സംഘം സ്ഥാനാര്‍ഥിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. രവീശ തന്ത്രി പ്രസംഗം ആരംഭിച്ചപ്പോള്‍ റോഡിന്റെ ഇരു ഭാഗത്തും സിപിഎമ്മിന്റെ പ്രചാരണ വാഹനം കൊണ്ടുവെച്ച് ഉച്ചത്തില്‍ പ്രചരണം നടത്തി എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രസംഗം തടസ്സപ്പെടുത്തി. ഇടയില്‍ മൈക്ക് പിടിച്ച് വാങ്ങുകയും രവീശ തന്ത്രിയുടെ കൈപിടിച്ച് തിരിക്കുയും ചെയ്തു. പ്രകോപനമുണ്ടാക്കി സംഘട്ടനങ്ങള്‍ക്കായിരുന്നു എല്‍ഡിഎഫിന്റെ പദ്ധതി. എന്നാല്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ സംയമനം പാലിച്ചു.
വടകര വല്യാപ്പള്ളില്‍ എല്‍ഡിഎഫ്- യുഡിഎഫ് സംഘര്‍ഷത്തില്‍ ഇരുപക്ഷത്തേയും നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. പോലീസ് ലാത്തി വീശി. ജില്ലാ കളക്ടര്‍ 144 പ്രഖ്യാപിച്ചു. വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.
തിരുവനന്തപുരത്ത് എ.കെ. ആന്റണിയുടെ റോഡ് ഷോ എല്‍ഡിഎഫ് തടഞ്ഞു. കണ്ണൂര്‍ മട്ടന്നൂരില്‍ കോണ്‍ഗ്രസ്- സിപിഎം പ്രവര്‍ത്തകരുടെ സംഘര്‍ഷമൊഴിവാക്കാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: