ആഭിചാരവും ഒളിസേവയും വര്‍ഗസമരത്തിന്റെ പുത്തന്‍ ആയുധങ്ങളാക്കി മാറ്റിയ മാര്‍ക്സിസ്റ്റ് മതാചാര്യന്മാര് സ്വാമി ചിദാനന്ദപുരിയുടെ സംന്യാസത്തെ ചോദ്യം ചെയ്യുന്നു. പാര്‍ട്ടിക്കാര്‍ക്കായി കൂലിക്ക് ചാനലില്‍ ഊതുന്ന പുത്തന്‍കൂറ്റ് പണ്ഡിതന്മാര് സംന്യാസിക്കെന്തിന് രാഷ്ട്രീയമെന്ന് ആക്ഷേപിക്കുന്നു. ശബരിമലയെക്കറിച്ച് പറഞ്ഞാല്‍ ശബരിമല കര്‍മസമിതിയെ ചട്ടം പഠിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഇണ്ടാസ് വേറെയും. കോടിയേരിയും പിണറായിയും മീണയും വേണുവുമെല്ലാം കൂടി ഊതിയാല്‍ പറന്നുപോകുന്നതല്ല കാവിയുടുത്ത കേരളത്തിന്റെ പാരമ്പര്യമെന്ന് അവര്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയുടെ രാഷ്ട്രീയത്തെയും സംന്യാസത്തെയും ചോദ്യം ചെയ്യാനിറങ്ങുന്നവര്‍ അദ്ദേഹം ആദ്യത്തെയാളല്ലെന്ന് അറിയണം. കേരളത്തിലെ ഹിന്ദുസമൂഹത്തെയാകെ പാപികളെന്ന് അധിക്ഷേപിച്ച് മതംമാറ്റശക്തികള് വിതയും കൊയ്ത്തും നടത്തിയ കാലത്ത് ക്രിസ്തുമതച്ഛേദനം എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്ത ചട്ടമ്പിസ്വാമികളുടെ നാടാണ് കേരളം. ജാതിവിവേചനത്തിന്റെയും അധികാരപ്രമത്തതയുടെയും കാലത്ത് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ശ്രീനാരായണഗുരുദേവന്റെ നാടാണ് കേരളം. സംന്യാസി ആശ്രമം കെട്ടി അവിടെയിരുന്നുകൊള്ളണമെന്ന കൂപ്പര്‍ ബാലകൃഷ്ണന്റെ ആക്ഷേപത്തിന് കേരളത്തിന്റെ ഈ മഹിതപാരമ്പര്യം മറുപടി പറയും.
ബാലേഷ്ണനും വിജയനുമൊന്നും ചിദാനന്ദപുരിയുടെ കാവി കണ്ണില്‍ പിടിക്കാനിടയില്ല. മിനിമം ഒരു ഹോംസ്റ്റേ എങ്കിലും നടത്താന്‍ അറിയില്ലെങ്കില്‍ പിന്നെന്ത് സംന്യാസി എന്നതാണ് മാര്‍ക്സിസ്റ്റ് ന്യായം. ‘സ്വാമി കം ടൂര്‍ ഓപ്പറേറ്ററായ’ സന്ദീപാനന്ദനാണല്ലോ ഇപ്പോള്‍ മാര്‍ക്സിസ്റ്റ് ഗുരു.
പരിവ്രാജകനായ സ്വാമി വിവേകാനന്ദന്റേതാണ് ചിദാനന്ദപുരി സ്വാമികളുടെ പാത. ഈശ്വരന് അശരണരുടെ ഇടയിലാണെന്ന് കരുതുന്ന വേദാന്തത്തിന്റെ പ്രചാരകന്. ഇനിയൊരമ്പത് കൊല്ലത്തേക്ക് സകല ദേവതാബിംബങ്ങളെയും മാറ്റിവെച്ച് സ്വന്തം രാഷ്ട്രമാതാവിനെ ആരാധിക്കൂ എന്ന് ഗര്‍ജിച്ച വിവേകാനന്ദസ്വാമികളുടെ രാഷ്ട്രീയമുണ്ടല്ലോ അത് ചിദാനന്ദപുരിയുടെയും രാഷ്ട്രീയമാണ്. ഹിന്ദുധര്‍മത്തിനും സംസ്കാരത്തിനുമെതിരെ തിരിയുന്നവരോട് മഹാസാഗരത്തിന്റെ അടിത്തട്ടിലെ ചളിയത്രയും വാരി നിങ്ങളുടെ മുഖത്തേക്ക് എറിഞ്ഞാലും നിങ്ങള്‍ ഞങ്ങളോട് ചെയ്തതിന്റെ ഒരംശം പോലുമാകുന്നില്ലെന്ന് രോഷാകുലനായ വിവേകാനന്ദസ്വാമികളുടെ സ്വധര്‍മ്മ ബോധമുണ്ടല്ലോ അത് ചിദാനന്ദപുരിയുടെയും അഭിമാനമാണ്.
അതുകൊണ്ടാണ് അദ്ദേഹം അധികാരരാഷ്ട്രീയക്കാരന് ആശ്രമത്തിലേക്ക് പരവതാനി വിരിക്കാത്തത്. അവര്‍ കടന്നുവരാന്‍ മടിച്ച വയനാട്ടിലെയും അട്ടപ്പാടിയിലെയും ഇടുക്കിയിലെയുമൊക്കെ വനവാസി ഊരുകളിലേക്ക് സ്വാമികള്‍ കടന്നുചെന്നു. സംസ്കാരത്തെയും ധര്‍മത്തെയും വേലി കെട്ടി സംരക്ഷിച്ചില്ലെങ്കില്‍ ആ തളിരിലകള്‍ കടിക്കാന്‍ ആദ്യം ആടുകളെത്തും പിന്നാലെ ഇടയന്മാരുമെന്ന് അദ്ദേഹം അവരെ കരുതലുള്ളവരാക്കി.
ബാലേഷ്ണനും വിജയനും മാറാട് കടപ്പുറം ഓര്‍മ്മയുണ്ടാകുമോ? മതഭീകരര്‍ കൂട്ടക്കൊല ചെയ്ത ആ കടപ്പുറത്തെ അരയസഹോദരരെ അറിയുമോ? അവിടെ നിങ്ങള്‍ പുച്ഛിക്കുന്ന ഈ സ്വാമി ഉണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് താങ്ങായി, തണലായി, തലോടലായി… കൊടിയ വേദനയും അടങ്ങാത്ത അമര്‍ഷവും കൊണ്ട് നെഞ്ചെരിഞ്ഞ് നിലവിളിച്ച മാറാട്ടെ അമ്മമാരെ സിപിഎം സെക്രട്ടറി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും നെറികെട്ട ഭാഷയില്‍ ആക്ഷേപിക്കുമ്പോള്‍ പിടിവിട്ടുപോകാതെ സമാധാനിപ്പിക്കാന്‍ ചിദാനന്ദപുരി സ്വാമികള്‍ അവിടെയുണ്ടായിരുന്നു.
അതിസാഹസികമായ സഹനതയുടെ സമരമുഖം തുറന്ന് കുമ്മനം രാജശേഖരനും മാറാട് സുരേഷും കേരളത്തോട് കടപ്പുറത്തിന്റെ കഥ പറയുമ്പോള്‍ അവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് അദ്ദേഹം അവിടെയുണ്ടായിരുന്നു. പടക്കം മാലയാക്കി സ്വന്തം ശരീരത്ത് സ്വയം വരിഞ്ഞുകെട്ടി അതിന് തീവെച്ചവരാണ് മാറാട് കടപ്പുറത്തെ കൊലയാളികള്‍ക്ക് വിരുന്നൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സംന്യാസിക്ക് സമാധാനം പറയാന്‍ മാത്രമല്ല, ധര്‍മ രക്ഷയ്ക്കായി ആയുധമെടുത്ത് പോരാടാനും അറിയാം എന്ന് മാറാടിനെ മുന്‍നിര്‍ത്തിയാണ് ചിദാനന്ദപുരിസ്വാമികള്‍ പറഞ്ഞത്.
ക്ഷേത്രങ്ങള്‍ പിടിച്ചെടുത്ത്, വിശ്വാസങ്ങള്‍ തകര്‍ത്ത്, ആചാരങ്ങള്‍ ലംഘിച്ച് ഒരു സമൂഹത്തെ ഇല്ലാതാക്കിക്കളയാമെന്ന് കരുതിയവര്‍ക്ക് സ്വാമി ചിദാനന്ദപുരി കണ്ണിലെ കരടാവുക സ്വാഭാവികമാണ്. ആത്മപിണ്ഡം സമര്‍പ്പിച്ച് സംന്യാസിയായവനെ ബ്രണ്ണന്‍ വാള് കാട്ടി പേടിപ്പിക്കാമെന്ന ധാരണയ്ക്ക് വിവരക്കേടെന്നല്ലാതെ എന്ത് പറയാനാണ്? ശബരിമലയെക്കുറിച്ച് പറഞ്ഞാല്‍ സ്വാമിയെയും ശശികലടീച്ചറെയും ചട്ടം പഠിപ്പിക്കുമെന്നാണ് ഭീഷണി. സ്വന്തം പടമടിച്ച് സരോജ് കുമാര്‍ കളിക്കുന്ന ഒരു ഓഫീസറാണ് ഈ വാറോല ഇറക്കിക്കളിക്കുന്നത്. ഇടയലേഖനം ഇറക്കി പാര്‍ട്ടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ഒറ്റ സഭാമേധാവിക്കെതിരെയും ഉയരാത്ത ഈ ഭീഷണിക്ക് കാരക്കൂട്ടില്‍ ദാസന്റെയോ കീനേരി അച്ചൂന്റെയോ മസില് പവര്‍ പോലുമില്ലെന്ന് ഓഫീസര്‍ സരോജ്കുമാറിന് ഇനിയും മനസ്സിലാകാത്തതാണ് വലിയ ദുരന്തം.
തിരുപ്പതി വെങ്കിടേശ്വരന്റെ ഭക്തകോടികള്‍ക്ക് പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശതീര്‍ത്ഥ എങ്ങനെയോ അതുപോലെയാണ് കോടാനുകോടി അയ്യപ്പന്മാര്ക്ക് സ്വാമി ചിദാനന്ദപുരി. അതുകൊണ്ട് ശബരിമലകര്മസമിതിയും സ്വാമി ചിദാനന്ദപുരിയും ഈ കേരളത്തില്‍ തന്നെയുണ്ടാകും. അടിച്ചമര്‍ത്തപ്പെട്ടവരുടെ നാവായി, കരുത്തായി… ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമ മഠാധിപതി സ്വാമി സത്യാനന്ദസരസ്വതിയെ മാര്‍ക്സിസ്റ്റുകള്‍ മറന്നിട്ടുണ്ടാവില്ല. നിലയ്ക്കലില്‍, ശംഖുമുഖത്ത്, ഗുരുവായൂരില്‍… എപ്പോഴൊക്കെ കേരളത്തില്‍ ഹിന്ദു അപമാനിതനായിട്ടുണ്ടോ അവന് വേണ്ടി സംസാരിക്കാന്‍ നിരത്തിലേക്കിറങ്ങി നിന്ന പോരാളിയായ സംന്യാസി… അതൊരു പരമ്പരയാണ് ബാലകൃഷ്ണാ… അതില്‍ ചിദാനന്ദപുരി ആദ്യത്തെ ആളല്ല, അവസാനത്തേതും ആകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: