ഈശ്വരസേവ ജീവിതവ്രതമാക്കി ഒരു കുടുംബം. ഈ കുടുംബത്തിലെ 90 ശതമാനം പുരുഷന്മാരും ശാന്തിയില്‍ വ്യാപൃതര്‍. കോട്ടയത്തിനടുത്ത് മറിയപ്പള്ളിയിലെ അണലക്കാട് കുടുംബത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ പത്ത് വര്‍ഷത്തിനിടെ ഈ കുടുംബത്തില്‍ നിന്നെത്തിയത് നാല് മേല്‍ശാന്തിമാര്‍. അതു തന്നെ കുടുംബത്തിലെ മേല്‍ശാന്തിമാരുടെ പെരുമ തെളിയിക്കുന്നു.
ഒമ്പതാം തലമുറയിലെത്തി നില്‍ക്കുമ്പോഴും ശാന്തിക്കാരാല്‍ സമ്പന്നമാണ് കുടുംബം. രണ്ട് തലമുറയിലായി 17 മേല്‍ശാന്തിമാര്‍. കുടുംബകാരണവരായ 68 വയസുള്ള കൃഷ്ണന് നമ്പൂതിരി മുതല്‍ 23 വയസുള്ള അനു കെ. നമ്പൂതിരിവരെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. ഒരു കുടുംബത്തില്‍ ഇത്രയും മേല്‍ശാന്തിമാര്‍ സംസ്ഥാനത്ത് അത്യപൂര്‍വ്വമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കോട്ടയം ഗ്രൂപ്പില്‍ ഒന്‍പത് പേരുണ്ട് ശാന്തിക്കാരായി ഈ കുടുംബത്തില്‍ നിന്നും. അടുത്തിടെ സബ് ഗ്രൂപ്പ് ഓഫീസറായി പ്രമോഷന് ലഭിച്ച ഒരാളും. സ്വകാര്യ ദേവസ്വങ്ങളിലാണ് മറ്റുള്ളവര്‍. ദേവസ്വം ബോര്‍ഡില്‍ നിന്ന് വിരമിച്ചവരുമുണ്ട് ഇക്കൂട്ടത്തില്‍. മറിയപ്പള്ളി ശ്രീ മഹാദേവക്ഷേത്രം ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ കാരായ്മ അവകാശവുമുണ്ട് അണലക്കാടിന്.
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാറില്‍ നിന്ന് മധ്യകേരളത്തിലേക്ക് ചേക്കേറിയതാണ് അണലക്കാട് കുടുംബം- 250 വര്‍ഷം മുമ്പ്. അക്കാലത്ത് ഇവിടേക്കെത്തിയ രാജകുടുംബത്തിന്റെ പൂജാദികര്‍മ്മങ്ങള്‍ക്കായി ഒപ്പം വന്നതാണ്. അന്ന് താമസമാരംഭിച്ച കേരളീയ ശൈലിയിലുള്ള നാലുകെട്ട് തന്നെയാണ് ഇപ്പോഴും കുടുംബവീട്. മറിയപ്പള്ളി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി എ. വി. മാധവന് നമ്പൂതിരിയും കുടുംബവുമാണ് ഇപ്പോള്‍ ഇവിടെ കഴിയുന്നത്.
തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഈ കുടുംബത്തില്‍ നിന്നുള്ള മേല്‍ശാന്തി. നിലവിലെ മേല്‍ശാന്തി എ.എസ്. കേശവന് നമ്പൂതിരി ചുമതലയേറ്റത് ജ്യേഷ്ഠന് സുബ്രഹ്മണ്യന് നമ്പൂതിരിയില്‍ നിന്നാണ്. വടവാതൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മേല്‍ശാന്തിയാണ് സുബ്രഹ്മണ്യന് നമ്പൂതിരി ഇപ്പോള്‍. അതിന് തൊട്ടുമുമ്പ് മേല്‍ശാന്തിയായിരുന്ന ശങ്കരന് നമ്പൂതിരി പിന്നീട് സബ് ഗ്രൂപ്പ് ഓഫീസറായി. കുടുംബത്തിലെ മറ്റൊരു കേശവന് നമ്പൂതിരി തിരുനക്കരയില്‍ പുറം ശാന്തിയായുണ്ട്. ഇപ്പോള്‍ കിളിരൂര്‍ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തിയായ എകെ ശ്രീധരന് നമ്പൂതിരിയാണ് അണലക്കാട്ട് നിന്ന് തിരുനക്കരയില്‍ ആദ്യം മേല്‍ശാന്തിയായത്.
പ്രശസ്തമായ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലും ഇദ്ദേഹം മേല്‍ശാന്തിയായിരുന്നിട്ടുണ്ട്. പാക്കില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ദാമോദരന്‍ നമ്പൂതിരിയാണ് ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലുള്ള മറ്റൊരാള്‍. കാരായ്മ അവകാശമുള്ള മറിയപ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ രതീഷ് നമ്പൂതിരിയാണ് ഇപ്പോഴത്തെ മേല്‍ശാന്തി. മറിയപ്പള്ളിക്കാവ് ശിവപാര്‍വതി ക്ഷേത്രത്തില്‍ ഹരികൃഷ്ണന് നമ്പൂതിരിയും മുട്ടം ചെറുവള്ളിക്കാവ് ദേവീ ക്ഷേത്രത്തില്‍ അനു നമ്പൂതിരിയും ഈശ്വരസേവ ചെയ്യുന്നു. പുതു തലമുറയില്പ്പെട്ടവരാണിവര്. ഇക്കൂട്ടത്തിലെ ദീപു നമ്പൂതിരി വടവാതൂര്‍ പാറയില്‍ ശിവക്ഷേത്രത്തിലാണ്.
മറിയപ്പള്ളിയിലെ ക്ഷേത്രങ്ങളില്‍ മുപ്പത് വര്‍ഷത്തോളം നീണ്ട സേവനത്തിന് ശേഷം വിരമിച്ച നാരായണന് നമ്പൂതിരിയും ഗോവിന്ദന് നമ്പൂതിരിയും സ്വകാര്യ ക്ഷേത്രങ്ങളിലൂടെ ഈശ്വരസേവ തുടരുന്നു. നാരായണന് നമ്പൂതിരി കാരാപ്പുഴ ശാസ്താ ക്ഷേത്രത്തിലും ഗോവിന്ദന് നമ്പൂതിരി പള്ളം കൊട്ടാരം ശ്രീരാമ ക്ഷേത്രത്തിലും. മൂലവട്ടം തൃക്കയില്‍ ശിവക്ഷേത്രം മേല്‍ശാന്തി ഗോവിന്ദന് നമ്പൂതിരിയും ഈ കുടുംബത്തില്‍ നിന്ന് തന്നെ. മറിയപ്പള്ളിയിലെ വടക്കേടത്ത് ദേവീക്ഷേത്രത്തിലെ എ കെ കൃഷ്ണന് നമ്പൂതിരിയാണ് മറ്റൊരു മേല്‍ശാന്തി.
കോട്ടയത്ത് മാത്രം ഒതുങ്ങുന്നതല്ല അണലക്കാടിന്റെ ശാന്തിപ്പെരുമ. സെക്കന്തരാബാദിലെ ബോലാറാം ശ്രീ അയ്യപ്പ ദേവസ്ഥാനം ക്ഷേത്രത്തില്‍ ദീര്‍ഘകാലം മേല്‍ശാന്തിയായിരുന്നു ഇപ്പോഴത്തെ കാരണവര്‍ എ വി കൃഷ്ണന് നമ്പൂതിരി. ഏഴാം തലമുറയില്‍ പിറന്ന 14 ആണുങ്ങളില്‍ 13 പേരും ക്ഷേത്രോപാസന ജീവിതചര്യയാക്കിയവര്‍. ഇക്കൂട്ടത്തിലെ ഒരാളായിരുന്ന എ ഇ കൃഷ്ണന് നമ്പൂതിരിയുടെ വിയോഗം ഒന്നര വര്‍ഷം മുമ്പായിരുന്നു. എന്‍എസ്എസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന എ എസ് കൃഷ്ണന് നമ്പൂതിരിയാണ് സ്ഥിരം ശാന്തി വൃത്തിയിലെത്താത്ത ഒരാള്‍. ശാന്തിക്കാര്ക്കൊപ്പം എഞ്ചിനീയര്‍മാരും മാധ്യമ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ഒക്കെ ഉള്‍പ്പെടുന്നതാണ് പുതുതലമുറ. കുടുംബത്തിലെ പൂജാദികര്‍മ്മങ്ങളിലും ക്ഷേത്രങ്ങളിലെ വിശേഷ ദിവസങ്ങളിലും ഒപ്പം ചേര്‍ന്നും ഇവരും ഈശ്വരസേവ തുടരുന്നു.
അവധിയില്ലാതെ ദിവസവും കര്മ്മനിരതരാകുന്നവരാണ് ശാന്തിക്കാര്‍. പുല, വാലായ്മ (കുടുംബത്തിലെ ജനന – മരണങ്ങളെ തുടര്‍ന്നുണ്ടാകുന്ന ആശൂലം) വേളകളില്‍ 12 ദിവസങ്ങളോളം പകരം ശാന്തിക്കാരെ കണ്ടെത്തേണ്ടി വരുന്നത് പലപ്പോഴും ശ്രമകരമാണെന്ന് ചൂണ്ടിക്കാട്ടുന്നു ഇവര്‍. ഒരേസമയം ഇത്രയും പേര്‍ക്ക് പകരം ആളുകള്‍ വേണമെന്നതാണ് ബുദ്ധിമുട്ട്. അര്‍ഹമായ സ്ഥാനവും വേതനവും ശാന്തിക്കാര്‍ക്ക് ഇന്നും ലഭ്യമാകുന്നില്ലെന്ന് കാരണവര്‍ കൃഷ്ണന് നമ്പൂതിരി പറയുന്നു. ഈശ്വരസേവയായതിനാല്‍ ഇക്കാര്യത്തില്‍ അതൃപ്തി ഉണ്ടാകാനും പാടില്ല. ഇന്ന് ശബരിമലയിലടക്കം ഉണ്ടാകുന്ന ആചാരഭംഗങ്ങളില് ഖിന്നരാണ് ഇവര്‍. ഇത്തരം പ്രവൃത്തികള്‍ ശാന്തിക്കാര്‍ക്കും ദോഷമായി ഭവിച്ചേക്കാം എന്നതാണ് ആശങ്ക.
ധൂമാവതി ഭഗവതിയെ പരദേവതയായി സങ്കല്പ്പിച്ചു പോരുന്ന കുടുംബത്തില്‍ നിത്യേന തേവാരമുണ്ട്. ദുര്‍ഗ, വിഷ്ണു, ശിവമൂര്ത്തികള്ക്കാണ് നിത്യേന ആരാധന. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിനടുത്ത് കൊടക്കാടാണ് മൂലകുടുംബം.
യജുര്‍വേദ വൈദിക പാരമ്പര്യം പിന്തുടരുന്ന അണലക്കാടിന് ഓതിക്കോന് സ്ഥാനവും ഉണ്ട്. ബ്രാഹ്മണ കുടുംബങ്ങളിലെ ഷോഡശ ക്രിയകള്‍ക്ക് കാര്മ്മികത്വമേകുന്നവരാണ് ഓതിക്കോന്മാര്‍. കേരളത്തിലെ നിരവധി ബ്രാഹ്മണ കുടുംബങ്ങളിലെ ഓതിക്കോന് സ്ഥാനം അണലക്കാടിനുണ്ട്. ചെറുപ്രായത്തില്‍ (ഏഴ് വയസ് പൂര്‍ത്തിയാകണം) ഉപനയനത്തിന് ശേഷം പൂജാദികര്‍മ്മങ്ങള്‍ കുടുംബത്തിലെ മുതിര്‍ന്നവരില്‍ നിന്ന് അഭ്യസിക്കുന്ന രീതിയാണ് ഇവര്‍ പിന്തുടരുന്നത്. ഒപ്പം ഔപചാരിക സ്കൂള്‍ വിദ്യാഭ്യാസവും.
മറിയപ്പള്ളി മഹാദേവ ക്ഷേത്രത്തിന് സമീപം പതിനഞ്ച് ഗൃഹങ്ങളിലായി കഴിയുന്ന കുടുംബത്തില്‍ ഇന്ന് നൂറോളം പേരുണ്ട്. കാലത്തിന് അനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴും അനിവാര്യമായ പാരമ്പര്യ ചിട്ടകള്‍ ഭംഗം വരാതെ തുടരുന്നതില്‍ കുടുംബത്തിലെ വനിതകള്‍ക്കുള്ള പങ്ക് ഏറെയാണ്. അന്തര്‍ജനങ്ങളുടെ പിന്തുണ ശാന്തിവൃത്തിയുടെ അനിവാര്യതയാണെന്ന് ഈ ശാന്തിക്കാര്‍ ഒരേ സ്വരത്തില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഐടി പ്രൊഫഷണലും സ്വയം സംരംഭകരും ഒക്കെ അടങ്ങുന്നതാണ് അണലക്കാട്ടെ വനിതകള്‍. യോഗക്ഷേമ സഭയുടെ മൈക്രോഫിനാന്‍സ് യൂണിറ്റുകളിലും ഇവര്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: