ഇടുക്കി: ചിന്നക്കനാലില്‍ 11.5 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി മുബൈയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് വിറ്റു. വില്‍പ്പനയ്ക്കു പിന്നില്‍ ഉദ്യോഗസ്ഥ-ഭൂമാഫിയ ബന്ധം. സംഭവം പുറത്തറിയുന്നത് അപ്പോത്തിയോസിസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ സ്ഥലം പോക്കുവരവ് നടത്തി നല്കാന് ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ് വന്നതോടെ. ഇത് വാര്‍ത്തയായതിന് പിന്നാലെ ഇന്നലെ റവന്യൂ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
ജന്മഭൂമി പുറത്ത് കൊണ്ടുവന്ന പാപ്പാത്തിച്ചോലയിലെ കുരിശിന്റെ മറവിലുള്ള കൈയേറ്റം നടത്തിയ വെള്ളൂക്കുന്നില്‍ കുടുംബാംഗം ജിമ്മി സ്കറിയയാണ് ചിന്നക്കനാലിലെ കോടികള്‍ വിലവരുന്ന ഭൂമി ഈ കമ്പനിക്ക് വിറ്റത്. 2007ലാണ് ഈ ഭൂമി വ്യാജ പട്ടയങ്ങളും പ്രമാണങ്ങളും ചമച്ച് സംഘം സ്വന്തമാക്കുന്നത്. കൈയേറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ അന്ന് വി.എസ്. അച്യുതാനന്ദന് സര്‍ക്കാര്‍ ഇടപെട്ട് ഇവിടെ സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു.
എന്നാല്‍ വസ്തുകൈമാറ്റം ചെയ്യാന്‍ അന്നത്തെ ഉടുമ്പഞ്ചോല തഹസില്‍ദാര്‍ അനുവാദം നല്‍കുകയും ഈ വസ്തുവിന് നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. ഈ രേഖകള്‍ പ്രകാരമാണ് ഹൈക്കോടതി കമ്പനിക്ക് അനുകൂലമായി കഴിഞ്ഞ ജനുവരിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
മന്ത്രിയുടെ സന്ദേശം ലഭിച്ചതായി ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് ജന്മഭൂമിയോട് പറഞ്ഞു. തെരഞ്ഞെടുപ്പ് തിരക്കിലാണെന്നും കേസില്‍ ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഭൂമി തിരിച്ച് പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2009ലാണ് ചിന്നക്കനാലിലെ ഭൂമി കമ്പനി വ്യാജ രേഖകളിലൂടെ സ്വന്തമാക്കുന്നത്. പട്ടയം അടക്കമുള്ളവ ഇത്തരത്തില്‍ ലഭിച്ചതോടെ 2013ല്‍ തന്നെ മുബൈ കമ്പനിക്ക് അനുകൂലമായി ഹൈക്കോടതി വിധി വന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനെതിരെ അപ്പീല്‍ പോയി. വിഷയം കൃത്യമായി പഠിക്കാതെ ഹൈക്കോടതിയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതാണ് വലിയ തിരിച്ചടിക്ക് കാരണമായത്. ആദ്യം സിംഗിള്‍ ബെഞ്ച് ഉത്തരവിട്ട കേസില്‍ പിന്നീട് ഡിവിഷന് ബെഞ്ചിലേക്ക് മാറ്റിയിരുന്നു. ഭൂമി സര്‍ക്കാരിന്റേതാണെന്ന് തെളിയിക്കുന്ന കൃത്യമായ രേഖകളും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കോടതിയില്‍ ഹാജരാക്കാനായില്ല. സംഭവത്തില്‍ വ്യാജ രേഖകള്‍ ചമയ്ക്കാന്‍ കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ പെന്‍ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: