ന്യൂദല്‍ഹി: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ ജെറ്റ് എയര്‍വേസിന്റെ അഞ്ച് ബോയിങ് 777 വിമാനങ്ങള്‍ പാട്ടത്തിനെടുക്കാന്‍ തയാറാണെന്ന് എയര്‍ ഇന്ത്യ.
എയര്‍ ഇന്ത്യ ചെയര്‍മാനും എംഡിയുമായ അശ്വനി ലോഹാനി ഇതുസംബന്ധിച്ച് എസ്ബിഐക്ക് കത്തയച്ചു. പാട്ടത്തിനെടുത്തിട്ടുള്ള വിമാനങ്ങള്‍ കൂടാതെ പത്ത് ഇആര്‍-300 ബോയിങ് വിമാനങ്ങളും കുറച്ച് എയര്ബസുകളുമാണ് ജെറ്റിന് സ്വന്തമായുള്ളത്. ഇതില്‍ അഞ്ചെണ്ണം പാട്ടത്തിനെടുക്കാനാണ് എയര്‍ ഇന്ത്യ ഒരുങ്ങുന്നത്.
കടബാധ്യതയുള്ള ജെറ്റിന്റെ നിയന്ത്രണം ഇപ്പോള്‍ എസ്ബിഐക്കാണ്.
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതില്‍ ദുഃഖമുണ്ടെന്നും ഈ സന്ദര്‍ഭത്തില്‍ ദേശീയ വിമാനക്കമ്പനി എന്ന നിലയില്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യാന്‍ സന്തോഷമുണ്ടെന്നും എയര്‍ ഇന്ത്യ ചെയര്മാന് കത്തിലൂടെ അറിയിച്ചു.
ജെറ്റ് എയര്‍വേസിലെ 150 ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യയില്‍ ജോലി നല്‍കിയിട്ടുണ്ട്. ചില ജെറ്റ് യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര റൂട്ടുകളില്‍ പ്രത്യേക നിരക്കില്‍ യാത്രയും എയര്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.
അതേസമയം, കമ്പനിയുടെ പ്രശ്നത്തില്‍ ഇടപെടാന്‍ ദല്‍ഹി ഹൈക്കോടതി വിമുഖത പ്രകടിപ്പിച്ചു. പ്രതിസന്ധിയിലായ കമ്പനിയെ സര്‍ക്കാര്‍ സഹായിക്കണം എന്ന് ആവശ്യപ്പെടാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
പരാതിക്കാരോട് ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: