കൊച്ചി: രാഷ്‌ട്രീയപരമായി കരുതി കൂട്ടിയുള്ള നീക്കമാണ് സോളാര്‍ കേസില്‍ തനിക്കെതിരായി ചുമത്തിയ എഫ്‌ഐആര്‍ സൂചിപ്പിക്കുന്നതെന്ന് എറണാകുളം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷമാണ് മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ എഫ്‌ഐആര്‍ ഇട്ടത്.
മൂന്നു വര്‍ഷം മുന്‍പുള്ള പെറ്റീഷന്‍ മൂന്നു പേരിലേക്കു ചുരുങ്ങപ്പെട്ടു. തന്റെ സ്ഥാനാര്‍ത്ഥിത്വം പലരും ഭയക്കുന്നതിന്റെ തെളിവാണ് ഇത് സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷം ഇതിന്റെ പിന്നില്‍ ആരാണെന്നു വെളിപ്പെടുത്തും. എറണാകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച വാക്കും വോട്ടും പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹൈബി.
എറണാകുളത്ത് പുരോഗതി കൈവരിക്കാന്‍ സാധിക്കാത്ത ഏക മേഖല കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലാണ്. മാറി വരുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്ര ശ്രമിച്ചിട്ടും കെഎസ്ആര്‍ടിസി സ്റ്റാന്റ് നവീകരിക്കുന്ന പദ്ധതികള്‍ കാര്യക്ഷമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. എഞ്ചിനീറിങ് വിഭാഗത്തിലെ അപാകതകളാണ് ഇതിനു കാരണം. എന്നാല്‍ കാരണക്കാര്‍ക്കെതിരെ നടപടികള്‍ ഉണ്ടായില്ലെന്നും ഹൈബി പറഞ്ഞു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ പരീക്ഷ എഴുതി തീര്‍ക്കാന്‍ പാടുപെടുന്ന കുട്ടിയുടെ ആകാംക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നതെന്നും പ്രവര്‍ത്തനങ്ങളുടെ സമയ ലഭ്യത കുറഞ്ഞു പോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ നഗരവല്‍ക്കരണം ഇനിയും നടപ്പിലാകാത്തത് കൊച്ചിയിലാണ്.
















