തെരഞ്ഞെടുപ്പ് തീയതി അടുക്കുന്തോറും ഇടതുപക്ഷം മൊത്തത്തിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രത്യേകിച്ചും വിറളിപിടിച്ച നിലയിലാണ്. പറയുന്നതിനും കാട്ടിക്കൂട്ടുന്നതിനും ഒരു നിയന്ത്രണവുമില്ല. പന്തം കണ്ട പെരുച്ചാഴി, ചുവപ്പുകണ്ട കാള, കുരിശുകണ്ട ചെകുത്താന് എന്നൊക്കെ പറയാറുണ്ടല്ലോ. ഇവിടെയിപ്പോള്‍ കാവി കണ്ട കമ്യൂണിസ്റ്റ് എന്നൊരു പാഠഭേദമാകാം. ബിജെപിയുടെ കാവിക്കൊടി ഇടതുപക്ഷത്തെ വല്ലാതെ പേടിപ്പിക്കുന്നു. മനോവിഭ്രാന്തി ബാധിച്ചവര്‍ക്ക് ഔചിത്യം കുറയും. അതു ലോകനിയമമാണ്. അവര്‍ വായില്‍ത്തോന്നുന്നതൊക്കെ പുലമ്പും. അരുതാത്തതൊക്കെ ചെയ്യും. അതാണിപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. നാമജപം കേട്ടാല്‍ ഫ്യൂസ് ഊരും. ആധ്യാത്മികാചാര്യന്മാരെ പുലഭ്യം പറയും. പ്രകടനം നടത്തിയാല്‍ ഓടിച്ചിട്ടുതല്ലും. തലപ്പത്തുള്ളവര്‍ ഇത്രയൊക്കെ ചെയ്താല്‍പ്പിന്നെ അണികള്‍ക്കു വെറുതെ ഇരിക്കാനാവില്ലല്ലോ. അവര്‍ പുലഭ്യ സാഹിത്യമെഴുതി മുഖപുസ്തകം നിറയ്ക്കും.
വീണാ ജോര്‍ജ് എന്ന യുവതിയെ പത്തനംതിട്ടയിലിറക്കിയത് എംപിയാക്കി ശബരിമലയില്‍ മേയാന്‍ വിടാമെന്ന വ്യാമോഹത്തില്‍ത്തന്നെയാണെന്നു മനസ്സിലാക്കാന്‍ മലയാളിക്ക് പ്രത്യേക പരിശീലനമാവശ്യമില്ല. അതു നടക്കില്ലെന്ന യാഥാര്‍ഥ്യം ബോധ്യപ്പെട്ടതിന്റെ ബാക്കിപത്രമാണ് കുട്ടിസഖാവിന്റെ ഫേസ്ബുക്ക് സാഹിത്യം. ഒരുതരം ദീനവിലാപം. കഴുതക്കാമം കരഞ്ഞുതീര്‍ക്കുന്നതുപോലെ. പിണറായി വിജയന്റെ പോലീസ് അധികാര ഗര്വില് നടുറോഡില്‍ വലിച്ചിഴച്ച കെ. സുരേന്ദ്രന് എന്ന സ്വയംസേവകന് നാടിന്റെ വികാരമായി ആളിപ്പടരുമ്പോള്‍ പരാജയബോധം ഉള്ളില്‍ ഒതുക്കാനാവുന്നില്ല പാര്‍ട്ടിക്ക്. ആറ്റിങ്ങലില്‍ ഏതു ശോഭ, എന്തു ശോഭ എന്നു ചോദിച്ചവര്‍ ഇപ്പോള്‍ ശോഭാ സുരേന്ദ്രന്റെ കാവി മുന്നേറ്റംകണ്ട് കണ്ണുതള്ളിയ നിലയിലാണ്. തട്ടകം നഷ്ടപ്പെടുമ്പോള്‍ തടയാന്‍ കഴിയാത്ത നിരാശയില്‍ നിന്നാണ് നിയന്ത്രണംവിട്ട് ആക്രമണത്തിനു ചാടിപ്പുറപ്പെട്ടത്. ആയിരക്കണക്കിനു പോലീസുകാരും അതിലേറെ പാര്‍ട്ടി ഗുണ്ടകളും കിണഞ്ഞു ശ്രമിച്ചിട്ടും അമര്‍ത്താന്‍ കഴിയാത്ത നാമജപധ്വനി തന്റെ പ്രസംഗവേദിയില്‍ വന്ന് അലയടിച്ചപ്പോള്‍ മുഖ്യമന്ത്രിക്കും നിയന്ത്രണംവിട്ടുപോയി. വാള്‍മുനയ്ക്കിടയിലൂടെ നടന്നെന്നു വീമ്പുപറയുന്ന മാന്യന് ഫ്യൂസ്മുന ഉപയോഗിച്ച് ക്ഷേത്രത്തിലെ ഉച്ചഭാഷിണി നിശ്ശബ്ദമാക്കി. മുന്‍പ്, പാട്ടുപാടുന്നവരെ അക്ബര്‍ ചക്രവര്‍ത്തി തുറുങ്കില്‍ അടച്ചിരുന്നതായി കേട്ടിട്ടുണ്ട്. ആ ചക്രവര്‍ത്തിയുടെ പിന്മുറക്കാരുടെ സന്തോഷത്തിനുവേണ്ടിയാണല്ലോ ഇന്നത്തെ കേരള ചക്രവര്‍ത്തിയുടെ പൊറാട്ടു നാടകങ്ങള്‍.
ഹൈന്ദവ സമൂഹം ആദരവോടെ കാണുന്ന സ്വാമി ചിദാനന്ദപുരിയെ വിശേഷിപ്പിക്കാന്‍ പാര്‍ട്ടി നേതാവു തെരഞ്ഞെടുത്ത വാക്കുകള്‍ മാന്യന്മാര്ക്ക് എഴുതാനും പറയാനും കേള്‍ക്കാനും കൊള്ളില്ല. വിവരമുള്ളവര്‍ തിരിച്ച് പ്രയോഗിക്കില്ലെന്ന് ഉറപ്പുള്ള ഇത്തരം ഭാഷ ഉപയോഗിക്കുന്നതു സ്വന്തം വിജയമായി കാണുന്ന നേതാക്കളുടെ സാന്നിധ്യം, സമ്പത്തായി കരുതുന്ന ഒരു പാര്‍ട്ടി നാടുഭരിക്കുന്ന കാലം ശാപകാലമെന്നേ പറയാനുള്ളു. തല്ലുകിട്ടാതിരിക്കാന്‍ ദേഹമാസകലം മാലിന്യംകൊണ്ടു ലേപനം ചെയ്യാന്‍ മടിക്കാത്തവരാണിവര്‍. അറപ്പുള്ളവര്‍ പിന്നെ തൊടില്ലല്ലോ. ലോകത്തു വേറൊരിടത്തും കിട്ടാത്തത്ര ദുര്‍ഗന്ധപൂരിതമായ മാലിന്യങ്ങള്‍ സ്വന്തം മനസ്സില്‍ത്തന്നെ കൊണ്ടുനടക്കുന്നവര്‍ക്ക് അതിനായി അന്വേഷിച്ചു നടക്കേണ്ടിവരുന്നുമില്ലല്ലോ.
ചിദാനന്ദപുരി സ്വാമി തന്നെ ചോദിച്ച കാര്യമേ ഇവരോടു ചോദിക്കാനുള്ളൂ. ഈ വിശേഷണങ്ങളില്‍ ഒരെണ്ണമെടുത്ത് ഒരു മെത്രാനേയോ മൗലവിയേയോ വിശേഷിപ്പിക്കാന്‍ ധൈര്യമുണ്ടോ? ഇല്ലെന്ന് അറിയാം. അവര്‍ക്കു മുന്നില്‍ പാര്‍ട്ടിക്കു വിറളിയല്ല, പേടിയാണ്. മുട്ടുകൂട്ടിയിടിക്കുന്ന പേടി. ആ പേടി ഇനി പരാജയ ഭീതിയായി വളരും. കീഴടങ്ങലിനു മുന്‍പുള്ള അവസാന വെപ്രാളം കാണാന്‍ കാത്തിരിക്കുകയാണു വിശ്വാസിസമൂഹവും രാഷ്ട്രീയ കേരളവും. അത് ഉണ്ടാവും. അതു കാലത്തിന്റെ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: