കൊച്ചി: എന്തിന് ഇടതുമുന്നണിയില്‍ തുടരണമെന്ന ആലോചന സിപിഐയില്‍ ശക്തമായി. മുന്നണിയിലെ വല്യേട്ടനായ സിപിഎമ്മിന്റെ ചതിയില്‍ സിപിഐ ആകെ പതറിക്കഴിഞ്ഞു. സിപിഎമ്മിന്റെ ചതി മനസിലാക്കിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരോക്ഷമായി എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു തുടങ്ങി.
സിപിഐക്ക് മത്സരിക്കാന്‍ നല്കിയ ലോക്സഭാ സീറ്റുകളിലെല്ലാം സിപിഎം രഹസ്യ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. തിരുവനന്തപുരം, തൃശൂര്‍, മാവേലിക്കര, വയനാട് മണ്ഡലങ്ങളാണ് സിപിഐക്കുള്ളത്. ഇവിടങ്ങളില്‍ മുന്‍പ് ഇടതുമുന്നണി വിജയിച്ചിട്ടുള്ളത് തിരുവനന്തപുരത്തും തൃശൂരുമാണ്. എന്നാല്‍ ഇക്കുറി രണ്ടിടത്തും സിപിഎം കള്ളക്കളികള്‍ നടത്തുന്നുവെന്ന് സിപിഐ കരുതുന്നു. ‘പണമുള്ളവര്‍ ബോര്‍ഡുണ്ടാക്കിയാല്‍ അവരുടെ പടങ്ങളല്ലേ വെക്കൂ മറ്റുള്ളവരുടെ പടം വെക്കണമെന്നില്ലല്ലോ’ എന്ന കാനം രാജേന്ദ്രന്റെ അഭിപ്രായം വിയോജിപ്പിന്റെ പ്രകടനമാണ്. പ്രചാരണബോര്‍ഡുകളില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മാത്രമുള്ളതിനെക്കുറിച്ച് തൃശൂരിലാണ് കാനം പ്രതികരിച്ചത്.
കോണ്‍ഗ്രസിനോട് ചേര്‍ന്ന് സിപിഎം കളിക്കുന്ന രാഷ്ട്രീയത്തോട് പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിന് കടുത്ത വിയോജിപ്പുണ്ട്. ഇതിനു പിന്നാലെയാണ് സിപിഐയുടെ നീക്കം. തെരഞ്ഞെടുപ്പുഫലത്തോടെ ഇടതുമുന്നണിയില്‍ കടുത്ത ഭിന്നതയുണ്ടാകുമെന്നും നേതൃമാറ്റ ആവശ്യം വരെ ഉയര്‍ന്നേക്കുമെന്നാണ് സൂചന. സിപിഎം കേന്ദ്ര നേതൃത്വത്തിലുള്ളവരുടെ മനസും അനുകൂലമാണ്. ഇത് മനസിലാക്കിയാണ് സിപിഐ നീക്കങ്ങള്‍.
ഇടതുമുന്നണിയില്‍ എന്തിന് തുടരണമെന്ന ചോദ്യംപോലും സിപിഐയിലുണ്ട്. പരസ്യമായി കോണ്‍ഗ്രസുമായി സഖ്യത്തിലായ സിപിഎമ്മിനൊപ്പം അടിമയായി നില്ക്കുന്നതിനേക്കാള് നല്ലത് കൂടുതല്‍ അവകാശങ്ങളോടെ കോണ്‍ഗ്രസിനൊപ്പം പോകുന്നതാണ് നല്ലതെന്ന നിലപാടും ചിലര്‍ക്കുണ്ട്. സിപിഐ, എന്‍സിപി, ജെഡിഎസ് കക്ഷികള്‍ ഒന്നിച്ച് യുഡിഎഫിനൊപ്പം നിന്നാലും അംഗബലം പോരാ. അതാണ് പ്രശ്നം. എങ്കിലും അവര്‍ എന്‍സിപിയും ജനതാദളും ആയി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.
ഇവര്‍ മൂന്നും ഒന്നിച്ച് യുഡിഎഫിനെ പിന്തുണച്ചാല്‍, എല്‍ഡിഎഫില്‍ 77 പേരും യുഡിഎഫില്‍ 71 പേരുമാകും. അഞ്ച് സ്വതന്ത്രരും എല്‍ഡിഎഫിന്റെ കടുത്ത പിന്തുണക്കാരാണ്. ബിജെപി, ജനപക്ഷം അംഗങ്ങള്‍ ഒഴികെ, മഞ്ചേശ്വരം സീറ്റൊഴിവും കണക്കാക്കിയാല്‍ ഭൂരിപക്ഷത്തിന് വേണ്ടത് 68 പേരുടെ പിന്തുണയാണ്. തെരഞ്ഞെടുപ്പുകഴിഞ്ഞ് പിണറായി സര്‍ക്കാരിനെതിരേ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പോലും അത് കടുത്ത ബല പരീക്ഷണമാകും. സിപിഐക്കാകട്ടെ, 18 അംഗബലമുള്ള മുസ്ലിംലീഗിനൊപ്പമോ അതിലും മേലേയോ അവകാശങ്ങള്‍ യുഡിഎഫില്‍ ചോദിച്ച് നേടാവുന്നതുമാണ് നിലവിലെ സാഹചര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: