നരേന്ദ്രമോദി രാജ്യത്തിന് കാവല്‍ നില്‍ക്കുന്നത് പോലെയാണ് ശബരീശന്റെ പൂങ്കാവനം പരിശുദ്ധിയോടെ കാക്കാന്‍ ഭക്തര്‍ കാവല്‍ നിന്നത്. ശബരിമല കര്‍മസമിതി നേതാക്കള്‍ സന്നിധാനത്തേക്ക് കടന്നുവരാതിരിക്കാന്‍ പോലീസ് കിണഞ്ഞു പരിശ്രമിച്ചു. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. ശബരീപാതയിലുടനീളം പോലീസുകാര്‍ കാവല്‍ നിന്നു. അതെല്ലാം ഭേദിച്ചാണ് ശബരിമല കര്‍മസമിതി നേതാക്കള്‍ സന്നിധാനത്ത് എത്തിയത്.
രാത്രിയോടെ ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ യുവമോര്‍ച്ച, ബിജെപി നേതാക്കളും സ്ഥലത്തെത്തി. അഡ്വ. വി.വി. രാജേഷ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി. സുധീര്‍, യുവമോര്‍ച്ച നേതാവ് അഡ്വ. ആര്‍.എസ്. രാജീവ് തുടങ്ങിയവര്‍ കൊടുംകാട്ടിനുള്ളിലൂടെ ജീവന്‍പണയം വെച്ച് കിലേമീറ്ററുകള്‍ കാല്‍നടയായാണ് സന്നിധാനത്ത് എത്തിയത്. അയ്യന്റെ പൂങ്കാവനം കാക്കാനെത്തുന്ന പടയാളികള്‍ക്ക് കാടിന്റെ മക്കള്‍ വഴിയൊരുക്കി. ക്ഷീണം അകറ്റാന്‍ അവരുടെ കുടികളില്‍ ഇടമൊരുക്കി. ഉടുമുണ്ട് മുറുക്കി ഉടുത്ത് അരപ്പട്ടിണിയിലും അവരുടെ അന്നത്തിന്റെ വിഹിതം മാറ്റിവച്ചു. വന്യമൃഗങ്ങളെ ആട്ടി അകറ്റാന്‍ അവരും സുരേന്ദ്രനൊപ്പം അണിനിരന്നു.
കുളയട്ടയുടെ കടിയേറ്റ് ചോര ഒലിപ്പിക്കുന്ന ദേഹവുമായായിരുന്നു കാല്‍നട യാത്ര. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ് പലപ്പോഴും രക്ഷപ്പെട്ടത്. രാത്രിയില്‍ സന്നിധാനത്ത് എത്തുമ്പോള്‍ കാണുന്നത് നടന്നുതളര്‍ന്ന അയ്യപ്പഭക്തര്‍ കിടക്കാനിടമില്ലാതെ മാലിന്യക്കൂമ്പാരത്തില്‍ അഭയം തേടുന്നതാണ്. വലിയ നടപ്പന്തലില്‍ അടക്കം പോലീസ് വിരിവയ്‌ക്കാന്‍ അനുവദിക്കുന്നില്ല. നടപ്പന്തലില്‍ വിരിവയ്‌ക്കാതിരിക്കാന്‍ വെള്ളം നനച്ചു പിണറായി പോലീസ്. കുട്ടികളെ ഒന്നുകിടത്താന്‍ ഇടമില്ലാതെ അയ്യപ്പന്മാര്‍ വിഷമിക്കുന്നു. ഭക്ഷണമോ കുടിവെളളമോ ഇല്ല. മുഴുവന്‍ പോലീസ് കയ്യടക്കിയിരിക്കുന്നു. ഒട്ടും മടിച്ചില്ല, കെ. സുരേന്ദ്രനും സംഘവും നേരെ എസ്പിയുടെ ഓഫീസിലേക്ക് കടന്നുചെന്നു. ഭക്തര്‍ക്ക് വിശ്രമിക്കാനുള്ള ഇടം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു. പോലീസ് പിന്മാറാന്‍ തയ്യാറായില്ല.
കെ. സുരേന്ദ്രനും വത്സന്‍ തില്ലങ്കേരിയും ഭക്തരെയും കൂട്ടി വലിയ നടപ്പന്തലില്‍ വിരിവച്ചു. തടുക്കാനുള്ളവരോട് വന്നു തടുക്കാന്‍ ആവശ്യപ്പെട്ടിട്ടും ഭക്തരുടെ പ്രതിഷേധം ഭയന്ന് പോലീസ് അനങ്ങിയില്ല. ഭക്തര്‍ കിടന്നുറങ്ങുമ്പോള്‍ കാട്ടിലൂടെയുള്ള യാത്രയുടെ ക്ഷീണമെല്ലാം മറന്ന് സുരേന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്ണിമവെട്ടാതെ കാവില്‍ ഇരുന്നു. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ കൊടുതണുപ്പിനെ അവഗണിച്ച്, കാവല്‍ നില്‍ക്കുന്ന സൈനികരെപ്പോലെ, കിടന്നുറങ്ങുന്ന ഭക്തര്‍ക്ക് നടുവില്‍ പോലീസിന്റെ ആക്രമണം ഉണ്ടാകാതെ സുരേന്ദ്രനും സംഘവും കണ്ണിമ വെട്ടാതെ കാവല്‍ ഇരുന്നു.
ഭക്തര്‍ക്ക് പ്രഥമിക ആവശ്യത്തിനുള്ള കക്കൂസും കുളിമുറിയും പൂട്ടിയിട്ടിരുന്നു പിണറായിയുടെ പോലീസ്. നിരവധി തവണ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിട്ടും തുറന്നുകൊടുക്കാന്‍ തയാറായില്ല. ഒടുവില്‍ പൂട്ടുപൊളിച്ച് ഭക്തര്‍ക്ക് തുറന്നുകൊടുത്തു. തടഞ്ഞുവച്ച കുടിവെള്ളം പുനഃസ്ഥാപിച്ചു. പിണറായി പോലീസിന്റെ ക്രൂരതകളെ സുരേന്ദ്രനും സംഘവും പോരാടി തോല്‍പ്പിച്ചു. നട അടയ്‌ക്കുന്നത് വരെ അയ്യന്റെ പൂങ്കാവനം കാക്കാന്‍ ശബരിമല കര്‍മസമിതിയുടെ കാവല്‍ക്കാര്‍ കാവലിരുന്നു.
















