കൊച്ചി : ബ്യൂട്ടി പാര്‍ലര്‍ വെടിവയ്‌പ്പ് കേസില്‍ പ്രതികളായ ബിലാലും, വിപിനും മംഗലാപുരത്ത് വീട് ഒഴിപ്പിക്കല്‍ അടക്കമുള്ള അതിക്രമങ്ങള്‍ നടത്തിയിരുന്നതായി ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിന് വേണ്ടിയായിരുന്നു ക്വട്ടേഷന്‍ ഏറ്റെടുത്ത് വീടൊഴിപ്പിക്കല്‍ നടത്തിയത്.
ഇതിന് മുമ്പ് തോക്ക് ചൂണ്ടിയും മറ്റും പ്രതികള്‍ ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നു. ബ്യൂട്ടിപാര്‍ലറില്‍ വെടിവയ്‌പ്പ് നടത്തിയത് ഒരു മാസം നീണ്ട ഗൂഢാലോചനയ്‌ക്ക് ശേഷമാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ 2018 ഡിസംബര്‍ 15നാണു ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ത്തത്. വെടിവയ്‌പിന് ഒരുമാസം മുമ്പ് നടി ലീനയെ ഫോണില്‍ വിളിച്ചു രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാതായപ്പോള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള പാര്‍ലറിനു നേരെ നിറയൊഴിച്ച് അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.
















