ഡോ. ബാബു പോള്‍ എന്ന പേര് കേരളീയര്‍ക്കാകെ ഉള്ളംകയ്യിലെ നെല്ലിക്ക പോലെയാണ്. പ്രഗത്ഭനായ ഉദ്യോഗസ്ഥന്, എഴുത്തുകാരന്, പ്രഭാഷകന്‍ എന്നീ നിലകളിലെല്ലാം മഹനീയ സാന്നിധ്യം തെളിയിച്ച ഡോ. ബാബു പോള്‍ കലര്‍പ്പില്ലാത്ത സൗഹൃദത്തിന്റെ ഉടമകൂടിയാണ്. പെരുമാറ്റത്തില്‍ വലിപ്പച്ചെറുപ്പമില്ല. ഏത് വിഷയത്തെയും ആഴത്തിലും പരപ്പിലും പ്രതിപാദിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് നിസ്സീമമാണ്.
ദശാബ്ദങ്ങളായി ഊഷ്മളമായ സഹോദരബന്ധം കാത്തുസൂക്ഷിച്ചുപോന്നു. സുസ്ഥിരവികസനത്തെക്കുറിച്ചായിരുന്നു അദ്ദേഹം ചിന്തിച്ചിരുന്നത്. പരിസ്ഥിതി സംരക്ഷണവും അദ്ദേഹത്തിന്റെ വിഷയമായിരുന്നു. ആറന്മുള പൈതൃക സംരക്ഷണത്തിനായി അദ്ദേഹം നല്കിയ പിന്തുണ അവിസ്മരണീയമാണ്. നിലയ്ക്കല്‍ പ്രശ്നത്തിലും മാറാട് സംഭവത്തിലും ക്രിയാത്മക നിലപാട് സ്വീകരിച്ച ബാബു പോള്‍ സാര്‍ കേരളത്തിന്റെ കാവല്‍ക്കാരനെപ്പോലെയാണ് പെരുമാറിയിരുന്നത്.
സാഹിത്യവും സംസ്കാരവും അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിരുന്നെങ്കിലും കുറച്ചുകാലം ഭരണസാരഥികള്‍ അദ്ദേഹത്തോട് സംസ്കാരശൂന്യമായ നിലപാട്തന്നെ സ്വീകരിച്ചത് തുറന്നുപറയാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. ഓഫീസ് മുറിയും കസേരയുമെല്ലാം സെക്രട്ടേറിയറ്റിനകത്ത് നല്‍കിയിരുന്നെങ്കിലും ഒരു ഫയലും നല്‍കാതെ നിര്‍ബന്ധിത വിശ്രമം നല്കിയ കാലമുണ്ടായിരുന്നു. അക്കാലം അദ്ദേഹം സ്വന്തം സാഹിത്യസൃഷ്ടിക്കായി സമയം ചെലവിട്ടു.
വേദശബ്ദരത്നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്. നിരവധി ഗ്രന്ഥങ്ങളുടെ ഉടമകൂടിയാണ് അദ്ദേഹം. ഏറ്റവും ഒടുവില്‍ ഞാനദ്ദേഹത്തെ കാണുന്നത് മാര്‍ച്ച് 21ന് എന്‍ഡിഎ തിരുവനന്തപുരം തെരഞ്ഞടുപ്പ് കമ്മിറ്റി കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ്. അന്ന് ആരോഗ്യപരമായ ചില പ്രശ്നങ്ങള്‍ നേരിടുന്ന സമയം കൂടിയായിരുന്നു. ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, ‘എനിക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ട്, എന്നിട്ടും ഞാനവിടെ വന്നത് സ്ഥാനാര്‍ഥിയായ രാജനെ കാണാനും എന്റെ പൂര്‍ണ പിന്തുണ അറിയിക്കാനുമാണ്. 2004 മറ്റൊരു രാജന്റെ (രാജേട്ടന്റെ) തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഹൃദയത്തില്ത്തട്ടിക്കൊണ്ടുതന്നെ അദ്ദേഹം ഇത്രയും കൂടെ പറഞ്ഞു.
രാജ്യത്തിന്റെ അഖണ്ഡത, ഐശ്വര്യം ഉറപ്പാക്കുന്ന പാര്‍ട്ടിയായിരിക്കണം രാജ്യം ഭരിക്കേണ്ടത്.രാജ്യത്തെ ശിഥിലമാക്കുന്ന പ്രവണത തടയാന്‍ പ്രധാനമന്ത്രി പദത്തിലേയ്ക്ക് നരേന്ദ്രമോദി തിരിച്ചുവരണം. ഓരോ തെരഞ്ഞെടുപ്പും ഓരോ തലത്തിലുള്ള ആശയങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പു പോലെയല്ല നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍. ദേശീയ താല് പ്പര്യം സംരക്ഷിക്കുന്നവര്‍ക്കായിരിക്കണം പാര്‍ലമെന്റില്‍ ജനം വോട്ട് ചെയ്യേണ്ടത്്. നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരേണ്ടത് ബിജെപിയുടെ മാത്രം ആവശ്യമല്ല രാജ്യത്തിന്റെ ആവശ്യമാണ്.’
ദീര്‍ഘവീക്ഷണവും പ്രായോഗിക ബുദ്ധിയുമുള്ള ഭരണാധികാരി. ബ്യൂറോക്രസിയുടെ യാന്ത്രികതയെ ബുദ്ധിയും മനുഷ്യത്വവുംകൊണ്ട് മറികടന്ന ദീര്‍ഘവീക്ഷണത്തിന്റേയും പ്രായോഗിക ബുദ്ധിയുടേയും ഉടമയായിരുന്ന ഗുരുതുല്യനായ ജ്യേഷ്ഠ സഹോദരന് ആദരാജ്ഞലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: