Categories: Varadyam

അനുഷ്ഠാന വിസ്മയമായി പന്തീരായിരം

വടക്കെ മലബാറിന്റെ എല്ലാ പ്രദേശങ്ങളിലും ആരാധിക്കപ്പെടുന്ന മൂര്‍ത്തിയാണ് വേട്ടയ്‌ക്കൊരുമകന്‍. കാവിലും തോട്ടത്തിലും കോട്ടയിലും തറവാട്ടിലും കൊട്ടാരത്തിലും ആരാധ്യദേവത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തെയ്യമായി കെട്ടിയാടുന്ന ഈ മൂര്‍ത്തിക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കളമെഴുത്തും പന്തീരായിരം തേങ്ങയേറുമാണ് പ്രധാന അനുഷ്ഠാനം. ശ്രീപരമേശ്വരനും ശ്രീപാര്‍വ്വതിയും കിരാതരൂപമെടുത്തപ്പോഴുണ്ടായ പുത്രനാണ് വേട്ടക്കൊരുമകന്‍. അയ്യപ്പനായും വേട്ടയ്‌ക്കൊരുമകനെ സങ്കല്‍പിച്ചു വരുന്നു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കോട്ടയാണ് വേട്ടയ്‌ക്കൊരുമകന്റെ പ്രധാന ആരാധനാസ്ഥാനം. ബാലുശ്ശേരിക്കോട്ടയില്‍ നിന്നും വടക്കോട്ട് സഞ്ചരിച്ച് വടക്കെ മലബാറിലെ വിവിധ സ്ഥലങ്ങളില്‍ വേട്ടയ്‌ക്കൊരുമകന്‍ സ്ഥാനമുറപ്പിച്ചു എന്നാണ് ഐതിഹ്യം.

ബാലുശ്ശേരിക്കോട്ടയിലും കോഴിക്കോട് ജില്ലയിലെ മറ്റ് വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രങ്ങളിലും ആചരിച്ചുവരുന്ന അനുഷ്ഠാനമാണ് കളംപാട്ടും പന്തീരായിരം തേങ്ങയേറും. പന്തീരായിരം തേങ്ങയേറ് സവിശേഷവും സാഹസികവുമായ ഒരു ആരാധനയാണ്. കൂട്ടിയിട്ട 12,000 നാളികേരങ്ങള്‍ ഒരാള്‍ ഒറ്റയിരിപ്പില്‍ ഇരുകൈകള്‍കൊണ്ടും നിര്‍ത്താതെ എറിഞ്ഞുടയ്‌ക്കുന്ന ഈ അനുഷ്ഠാനം കാണികള്‍ക്കിടയില്‍ അത്ഭുതമുണര്‍ത്തുന്ന ഒന്നാണ്. ഓരോ കൈയും ഇടവിട്ട്  വൃത്താകാരത്തില്‍ ഉയര്‍ന്നുതാഴുന്നതോടൊപ്പം ഓരോ തേങ്ങവീതം മുന്നില്‍ വച്ച കല്ലില്‍ വീണുടയും. നിര്‍ത്താതെയുള്ള താളവാദ്യങ്ങളുടെ അകമ്പടിയോടെയാണ് നാളികേരമെറിയുന്നത്. കൂട്ടിയിട്ടതേങ്ങകള്‍ക്കും എറുഞ്ഞുടയ്‌ക്കാനുള്ള കല്ലിനുമിടയില്‍ ഇരിയ്‌ക്കുന്ന വെളിച്ചപ്പാടിന്റെ ഓരോ കൈയിലേക്കും സഹായികള്‍ നാളികേരം വച്ചുകൊടുക്കും. 

കളംപാട്ടിനെ തുടര്‍ന്ന് നടത്തുന്ന വെളിച്ചപ്പാട് നൃത്തവും പന്തീരായിരം തേങ്ങയേറും നടത്തുന്നവരില്‍ ഏറ്റവും പ്രാഗത്ഭ്യം തെളിയിച്ചയാളാണ് കോഴിക്കോട് ചാത്തമംഗലം കണ്ടമംഗലത്ത് ഇല്ലത്തെ മനോജ്കുമാര്‍ നമ്പൂതിരി. യജുര്‍വേദികളായ കണ്ടമംഗലത്ത് ഇല്ലക്കാര്‍ ഭാഗവതപാരായണത്തിലും കഥകളിയടക്കമുള്ള കലകളിലും പ്രവീണരായ തലമുറകളുടെ പാരമ്പര്യമുള്ളവരാണ്. ഈ ഇല്ലത്തെ വലിയ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും പാര്‍വ്വതി അന്തര്‍ജനത്തിന്റെയും മകനാണ് മനോജ് നമ്പൂതിരി. പതിനാറാമത്തെ വയസ്സിലാണ് മനോജ് വേട്ടയ്‌ക്കൊരുമകന്‍ കളംപാട്ടിന് തുടക്കം കുറിക്കുന്നത്. അച്ഛന്‍ തന്നെയായിരുന്നു ആദ്യഗുരു. പിന്നീട് ഈ രംഗത്തെ പ്രഗത്ഭമതികളായ നിരവധിപേരില്‍ നിന്ന് കൂടുതല്‍ അഭ്യസനം നടത്തി.

12,000 നാളികേരങ്ങള്‍ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഇടവേളയില്ലാതെ എറിഞ്ഞുടയ്‌ക്കുക എന്നതാണ് ഈ അനുഷ്ഠാനത്തിന്റെ വെല്ലുവിളി. മനോജ് നമ്പൂതിരിക്ക് ഇത്രയും തേങ്ങകള്‍ ഉടയ്‌ക്കാന്‍ രണ്ടര മണിക്കൂറില്‍ താഴെ മാത്രം മതി. ഈ രംഗത്ത് ലിംക ബുക്ക് റിക്കാര്‍ഡ് നേടിയതും മനോജ് നമ്പൂതിരിയാണ്. രണ്ടു മണിക്കൂറും 13 മിനുട്ടും കൊണ്ട് പന്തീരായിരം തേങ്ങകളുടച്ചുകൊണ്ടാണ് അദ്ദേഹം റിക്കാര്‍ഡ് നേടിയത്. കോട്ടയ്‌ക്കല്‍ കോവിലകത്ത് നടന്ന വേട്ടയ്‌ക്കൊരുമകന്‍ കളംപാട്ടിനോടനുബന്ധിച്ചായിരുന്നു ഈ പന്തീരായിരം.

ഇതിനകം എഴുപത്തിയഞ്ചിലധികം പന്തീരായിരം നടത്തിക്കഴിഞ്ഞു മനോജ്. അയ്യായിരത്തിലധികം കളംപാട്ടുവേദികളില്‍ വെളിച്ചപ്പാടാവുകയും ചെയ്തു. പതിനെട്ടു വര്‍ഷത്തിനുള്ളില്‍ ഇത്രയധികം പന്തീരായിരം നടത്തിയവര്‍ ഈ രംഗത്ത് മറ്റാരുമുണ്ടാകില്ല. സാമൂതിരി രാജാവില്‍ നിന്നുള്ള പട്ടും വളയും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും വീരശൃംഖലകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഐതിഹ്യം

കൗരവന്മാരെ തോല്‍പ്പിക്കുവാന്‍ ദിവ്യാസ്ത്രങ്ങള്‍ വേണമെന്ന അര്‍ജ്ജുനന്റെ ആഗ്രഹനിവൃത്തിക്കായി ശിവനെ ഭജിക്കാന്‍  ദേവേന്ദ്രന്‍  നിര്‍ദ്ദേശിച്ചു. കഠിനതപസ്സായപ്പോള്‍ ശിവന്‍ കിരാതന്റെ (കാട്ടാളന്റെ) രൂപം ധരിച്ചു വന്നു. കൂടെ പാര്‍വ്വതിയും. അപ്പോഴാണ് ഒരു അസുരന്‍, കാട്ടുപന്നിയുടെ രൂപത്തില്‍ അര്‍ജ്ജുനനെ കൊല്ലാന്‍ വരുന്നത്. അര്‍ജ്ജുനന്‍, അതിനോട് എതിരിടാന്‍ നോക്കുമ്പോഴാണ്, ശിവന്‍ അവിടെ വരുന്നത്. അങ്ങനെ അവര്‍ രണ്ടുപേരും അമ്പെയ്തപ്പോള്‍ അതിനെച്ചൊല്ലി വഴക്കായി. യുദ്ധം തുടങ്ങി. ഒടുവില്‍ അര്‍ജ്ജുനന്‍ ബോധം കെട്ടു വീണു.

അര്‍ജ്ജുനനു തന്നെ ഒരു കാട്ടാളന്‍ തോല്‍പ്പിച്ചതില്‍ വിഷമവും അപമാനവും തോന്നി. അര്‍ജ്ജുനന്‍ മണ്ണുകൊണ്ട് ശിവവിഗ്രഹം ഉണ്ടാക്കി പൂജിക്കാന്‍ തുടങ്ങി. അര്‍പ്പിച്ച പൂക്കളൊക്കെ ചെന്നുവീണത് കിരാതന്റെ തലയില്‍. അപ്പോള്‍ അര്‍ജ്ജുനനു ശിവന്‍ തന്നെയാണ് കിരാതനായി വന്നതെന്നു മനസ്സിലാവുകയും മാപ്പപേക്ഷിക്കുകയും ചെയ്തു. കനിവ് തോന്നിയ ഭഗവാന്‍ അവനോട്, എന്ത് വരമാണ് വേണ്ടതെന്നു ചോദിച്ചു. പാശുപതാസ്ത്രം ആണ് അര്‍ജുനന്‍ വരമായിട്ടു ചോദിച്ചത്. ശിവന്‍ അത് നല്‍കുകയും ചെയ്തു. കാട്ടാളനും കാട്ടാളത്തിയും ആയ വേഷത്തില്‍ (കിരാതവേഷത്തില്‍) അവതരിച്ചപ്പോള്‍ ശിവപാര്‍വ്വതിമാര്‍ക്കുണ്ടായ പുത്രനാണ് വേട്ടയ്‌ക്കൊരു മകന്‍. 

ബാലുശ്ശരിക്കോട്ടയാണ് വേട്ടയ്‌ക്കൊരു മകന്റെ പ്രധാന ആസ്ഥാനം. വേട്ടയ്‌ക്കൊരു മകന്റെ അമിതപ്രഭാവം കണ്ടു ഭയന്ന ദേവകള്‍ വേട്ടയ്‌ക്കൊരുമകനെ ഭൂമിയിലേക്ക് പറഞ്ഞയയ്‌ക്കാന്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം ശിവന്‍ വേട്ടയ്‌ക്കൊരുമകനു ചുരിക നല്‍കി ഭൂമിയിലേക്കയച്ചു. ഭൂമിയിലെത്തിയ വേട്ടയ്‌ക്കൊരുമകന്‍ പല ദിക്കിലും സഞ്ചരിച്ച് കുറുമ്പ്രനാട്ടിലെത്തുകയും ബാലുശ്ശേരിയിലെ പേരുകേട്ട കാറകൂറ തറവാട്ടിലെ നായര്‍ സ്ത്രീയെ കല്യാണം കഴിച്ച് അവിടെ താമസിക്കുവാന്‍ തുടങ്ങുകയും ചെയ്തു. അതില്‍ അവര്‌ക്കൊരു കുട്ടി ജനിക്കുകയും ചെയ്തു. ഇവരുടെ സ്വന്തമായിരുന്ന ബാലുശ്ശേരിക്കോട്ട അന്യായമായി കുറുമ്പ്രാന്തിരിമാതിരിമാര്‍ കയ്യടക്കി വെച്ചിരിക്കുകയായിരുന്നു.

എന്നാല്‍ പോരാളിയായ വേട്ടയ്‌ക്കൊരുമകന്റെ ആവശ്യാര്‍ത്ഥം അവര്‍ കോട്ട വിട്ടുകൊടുക്കാന്‍ തീരുമാനിച്ചുവെങ്കിലും വേട്ടയ്‌ക്കൊരുമകനെ പരീക്ഷിക്കാന്‍ കുറുമ്പ്രാന്തിരിമാര്‍ തടസ്സങ്ങള്‍ ഉണ്ടാക്കി. തന്റെ ഏഴു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെയും കൂട്ടി എല്ലാ തടസ്സങ്ങളും മാറ്റി വേട്ടയ്‌ക്കൊരുമകന്‍ കുറുമ്പ്രാന്തിരിയുടെ മുന്നിലെത്തി. അവിടെ വെച്ച് കുറുമ്പ്രാന്തിരിയെ അത്ഭുതപരതന്ത്രനാക്കികൊണ്ടു അവിടെ കൂട്ടിയിട്ട ആയിരക്കണക്കിന് തേങ്ങകള്‍ നിമിഷങ്ങള്‍ക്കകം  ആ പിഞ്ചുപൈതല്‍ ഉടച്ചു തീര്‍ത്തു. ഇതോടെ വേട്ടയ്‌ക്കൊരുമകന്റെ ശക്തി മനസ്സിലാക്കിയ കുറുമ്പ്രാന്തിരി പ്രത്യേകസ്ഥാനം നല്കി ആദരിച്ചു. നെടിയിരുപ്പ് സ്വരൂപത്തില്‍ ക്ഷേത്രപാലകന്റെയും വൈരജാതന്റെയും കൂടെ വേട്ടയ്‌ക്കൊരു മകന്‍ സഞ്ചരിച്ചു എന്നാണ് പുരാവൃത്തം.

santhoshup@gmail.com

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക