ദൈവംപോലത്തെ ഒരു മനുഷ്യന് നവതി പ്രണാമമര്‍പ്പിക്കാന്‍ ഏപ്രില്‍ 10-ന് ഭാഗ്യം സിദ്ധിച്ചു. അടിയന്തരാവസ്ഥയിലെ കേരളാന്തരീക്ഷത്തില്‍ സംഘത്തിന്റെയും ഭാരതീയ ജനസംഘത്തിന്റെയും മിക്ക സംസ്ഥാന ഭാരവാഹികളും, അധ്യക്ഷന്‍ ഒ. രാജഗോപാല്‍, മുന്‍ അധ്യക്ഷ എം. ദേവകിയമ്മ, സംസ്ഥാന കാര്യദര്‍ശി കെ.ജി. മാരാര്‍, സംസ്ഥാന സംഘടനാ കാര്യദര്‍ശിയായിരുന്ന ഈ ലേഖകന്‍ തുടങ്ങി ഒട്ടനവധി പേര് മിസ പ്രകാരവും, രാജ്യരക്ഷാചട്ടങ്ങള് അനുസരിച്ചും വിവിധ ജയിലുകളില്‍ കഴിയവേ, സംഘാടന ചുമതലകള്‍ നിര്‍വഹിച്ചുവന്ന കെ. രാമന്‍പിള്ളയുടെ പരിശ്രമ ഫലമായി, അറസ്റ്റുചെയ്യപ്പെടാതെയുണ്ടായിരുന്ന സംസ്ഥാന സമിതി അംഗങ്ങള്‍ യോഗംചേരുകയും, 1996 മേയ് 16 ന് തിരുവല്ലയിലെ അഡ്വക്കേറ്റ് പി.കെ. വിഷ്ണു നമ്പൂതിരി അധ്യക്ഷനായും പി.എന്‍. സുകുമാരന്‍ നായര്‍ കാര്യദര്‍ശിയായും 19 അംഗങ്ങളുടെ സംസ്ഥാന സമിതി രൂപീകരിച്ചു. ഈ വിവരം ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരനെ അറിയിക്കുകയും ചെയ്തിരുന്നു.
സാധാരണ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അടിയന്തരാവസ്ഥ തടസ്സമല്ല എന്ന അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവന ചൂണ്ടിക്കാട്ടി അതിനുള്ള സാഹചര്യമുണ്ടാകണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉടനുണ്ടായ പ്രതികരണം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിഷ്ണു നമ്പൂതിരിയെയും അകത്താക്കിയെന്നതായിരുന്നു. വിഷ്ണുനമ്പൂതിരി സംഘ-ജനസംഘ പ്രവര്‍ത്തകരെ നയിച്ചുകൊണ്ട്, മാവേലിക്കരയില്‍ സത്യഗ്രഹം നടത്തിയതിന് 40 ദിവസത്തേക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്നു. അതു ചൂണ്ടിക്കാട്ടിയായിരുന്നത്രേ കരുണാകരന് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തത്. മാവേലിക്കര ജയിലില്‍ കിടക്കവേ അദ്ദേഹത്തിന്റെ സാത്വിക ജീവിതത്തിന്റെ ഉദാഹരണം നവതി അഭിനന്ദനത്തിനിടെ സംസാരിച്ച ബിജെപി നേതാവ് പ്രതാപചന്ദ്രവര്‍മ്മ പറഞ്ഞു. ജയിലിലെ ആഹാരം മതിയാകാത്ത ചിലരുടെയെങ്കിലും വിശപ്പിന് ശമനമുണ്ടായത് വിഷ്ണു നമ്പൂതിരിയുടെ പങ്കില്നിന്നുള്ള ഗോതമ്പുണ്ടയും ചോറും കറികളും നല്കിയതു മൂലമായിരുന്നത്രേ. ജയിലിലെ വിശന്ന പല വയറിന്റെ ഉടമകള്‍ക്കും അദ്ദേഹം ദൈവംതന്നെയായിരുന്നു.
അനവധി വര്‍ഷങ്ങളായി അദ്ദേഹവുമായി ഈ ലേഖകന്‍ ബന്ധപ്പെട്ടിരുന്നില്ല. അടിയന്തരാവസ്ഥയ്ക്കുശേഷം ജന്മഭൂമി പത്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കെട്ടിമറിഞ്ഞ് പത്തിരുപത്തഞ്ചു കൊല്ലം പോയി. പഴയ ബന്ധങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ തക്ക സാവകാശം ലഭിച്ചിരുന്നില്ല. ചില പരിപാടികള്‍ക്കിടെ കുശലം പറയാന്‍ അവസരമുണ്ടായി എന്നു മാത്രം.
ആദ്യമായി അദ്ദേഹത്തെ കണ്ടത് തിരുവല്ലയിലെ ദേവസ്വം സത്രത്തില്‍ 1970-ല്‍ ചേര്‍ന്ന ആലപ്പുഴ ജില്ലാ ജനസംഘ യോഗത്തിലായിരുന്നു. വളരെ അംഗങ്ങളൊന്നുമുണ്ടായിരുന്നില്ല. ജില്ലാ ഘടകം അത്ര ശക്തമായിരുന്നെന്നു പറഞ്ഞുകൂടാ. ചെങ്ങന്നൂര്‍, മാവേലിക്കര, ആലപ്പുഴ, ചേര്‍ത്തല, തിരുവല്ല എന്നിവിടങ്ങളില്‍നിന്നുള്ള ഏതാനും പ്രവര്‍ത്തകര്‍. അവരോട് പരമേശ്വര്‍ജി ദേശീയാടിസ്ഥാനത്തിലും സംസ്ഥാന തലത്തിലുമുള്ള രാഷ്ട്രീയ സ്ഥിതിയെ വിശകലനം ചെയ്ത് വ്യക്തമാക്കുകയും, ജനസംഘം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സംസ്കാരത്തിനു മാത്രമേ കേരളത്തിനും ഭാരതത്തിനും സുഖസമൃദ്ധമായ ജീവിതം നല്കാന് കഴിയൂ എന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു.
അന്നവിടെ തലവടി കുട്ടന്‍പിള്ള എന്നൊരു പുതിയ ആള് ജനസംഘത്തില്‍ ചേരാന്‍ വന്നിരുന്നു. വളരെ ഇരുത്തംവന്ന പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പട്ടം താണുപിള്ളയുടെ ആരാധകനായിരുന്നു. ജനസംഘത്തിന് പണത്തിന് വലിയ ദാരിദ്ര്യമാണെന്നറിഞ്ഞപ്പോള് താന്‍ പിരിവു വിദഗ്ധനും കൂടിയാണെന്നും, താണുപിള്ളസാറിനെ കൂട്ടി പിരിച്ചതുപോലെ പരമേശ്വര്‍ജിക്കും പിരിച്ചുകൊടുക്കാമെന്നും കുട്ടന്‍പിള്ള പറഞ്ഞു. അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ചുകൊണ്ട് മഞ്ചനാമഠം ബാലഗോപാല്‍ ‘കുട്ടന്‍പിള്ള സാര്‍’ എന്ന് കട്ടന്‍കാപ്പിക്കു ഒരു രസികന്‍ പേര് സൃഷ്ടിച്ചെടുത്തു.
പരിപാടികള്‍ കഴിഞ്ഞ് പരമേശ്വര്‍ജിയുമൊത്ത് വിഷ്ണു നമ്പൂതിരിയുടെ വസതിയില്‍ പോയി. പൊടിയാടിയിലാണ് വീട്. ചക്കുളത്തുകാവിലേക്കു സ്ഥലത്തുനിന്നും അല്പം മാത്രമകലെ പ്രശാന്തസുന്ദരമായ ഗ്രാമീണാന്തരീക്ഷത്തിലാണ് ഭവനം. അവിടെ വീട്ടുകാരെയും കുട്ടികളെയും പരിചയമായി. ഊണും വിശ്രമവും കഴിഞ്ഞ് ഞങ്ങള്‍ മടങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് തലശ്ശേരിയില്‍ പ്രചാരകനായി പോയപ്പോള്‍ താമസിച്ചിരുന്നത് ഗോപാലന് അടിയോടി വക്കീലിന്റെ വീട്ടിലായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മ നല്കുന്ന അന്തരീക്ഷമായിരുന്നു വിഷ്ണു നമ്പൂതിരിയുടേത്.
അടിയോടി വക്കീല്‍ അടിയന്തരാവസ്ഥയില്‍ ‘മിസ’ തടവുകാരനായിരുന്നു. അടുത്ത ബന്ധുവായിരുന്ന ചീഫ്ജസ്റ്റിസിന്റെ സന്മനസ്സുപോലും ‘മിസ’ ക്കാര്യത്തില്‍ ആവശ്യമില്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. അതുപോലെ ജയിലില്‍ മിസക്കാരായ സ്വയംസേവകര്‍ക്ക് ലഭിച്ചിരുന്ന സി ക്ലാസിനപ്പുറം ആനുകൂല്യമൊന്നും അദ്ദേഹം തേടിയില്ല. സഖാക്കളും മറ്റ് രാഷ്ട്രീയക്കാരും രാഷ്ട്രീയ തടവുകാരുടെ ആനുകൂല്യം തേടി രാജകീയ ജീവിതമാണ് തിരുവനന്തപുരം ജയിലില്‍ നയിച്ചത്.
ജനസംഘം പ്രവര്‍ത്തകനായിരുന്ന കാലത്ത് പാര്‍ട്ടി പ്രഖ്യാപിച്ച സമര പരിപാടികളില്‍ അദ്ദേഹം ഉത്സാഹത്തോടെ പങ്കെടുത്തിരുന്നു. 1972 സെപ്തംബറില്‍ സംസ്ഥാനം കടുത്ത ഭക്ഷണ ക്ഷാമത്തിലൂടെ കടന്നുപോകുകയായിരുന്നു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം റേഷന്‍ വിതരണം അവതാളത്തിലായി. കാനഡയില്‍നിന്നും ഇറക്കുമതി ചെയ്ത ധാന്യത്തില്‍ കലര്‍ന്നു കിടന്ന ബള്‍ഗര്‍ എന്ന വിഷക്കുരുക്കള്‍ വേര്തിരിച്ചുമാറ്റാതെ ആഹാരത്തിനുപയോഗിച്ചവര്ക്ക് ചില പ്രത്യേക രോഗങ്ങളുണ്ടായി. ഒരാള്‍ക്ക് ആഴ്ചയില്‍ 28 ഗ്രാം അരിയാണ് ആ ഭരണകാലത്ത് റേഷന്‍ അനുവദിച്ചത്. ദിവസം നാലുഗ്രാം. അതിനെ അടല്‍ജി കോഴിത്തീറ്റ എന്നു വിശേഷിപ്പിച്ചു.
ആ ഓണ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിക്കുമുന്നില്‍ ഉപവാസമിരിക്കാന്‍ ജനസംഘം തീരുമാനിച്ചിരുന്നു. വിവരം സി. അച്ചുതമേനോനെ അറിയിച്ചശേഷം നടത്തപ്പെട്ട ഉപവാസത്തില്‍ സംസ്ഥാന ഉപാധ്യക്ഷനായിരുന്ന പി.കെ. വിഷ്ണു നമ്പുതിരിയും പങ്കെടുത്തു. ഓണത്തിന് വീട്ടില്‍ കുടുംബാംഗങ്ങളൊത്തു ഭക്ഷണം കഴിക്കുന്ന പതിവ് അന്ന് വേണ്ടെന്നുവെക്കുന്നതിന് അദ്ദേഹം ഒട്ടും വിഷമം കാട്ടിയില്ല. അറസ്റ്റ് ചെയ്ത് എല്ലാവരും കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാക്കപ്പെട്ടു. ഉച്ചയ്ക്ക് എല്ലാവര്ക്കും ഓണസദ്യ നല്കാന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ടെന്ന് സ്റ്റേഷന് ചുമതലയുള്ള ഇന്‍സ്പെക്ടര്‍ പറഞ്ഞപ്പോള്‍ ഒറ്റക്കെട്ടായി അതു നിഷേധിച്ചതിനു മുന്നില്‍ വിഷ്ണു നമ്പൂതിരിയുണ്ടായിരുന്നു.
നവതിക്ക് എന്നെ കാണണമെന്ന അഭിലാഷം, ഫോണ്‍ നമ്പരില്ലാത്തതിനാല്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന് വഴിയാണറിയിച്ചത്. അനുവുമൊത്ത് വസതിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തെ വികാരപാരവശ്യം പറഞ്ഞറിയിക്കാനാവില്ല. കുടുംബത്തിലെ പിന്‍തലമുറയില്‍പ്പെട്ട രണ്ടുപേര്‍ ഭാഗവതപാരായണം നടത്തുന്നതിനിടയില്‍ നിന്ന് ചാടി എഴുന്നേറ്റു വന്ന് ആശ്ലേഷിച്ചു. എന്തു സംസാരിക്കണമെന്ന വൈവശ്യമായിരുന്നു അദ്ദേഹത്തിന്. ഭക്ഷണം കഴിക്കുമ്പോള്‍ അടുത്തിരുത്തി. അതിനു മുന്‍പ് ബന്ധുക്കളും മറ്റും ചേര്‍ന്ന് ഏര്‍പ്പാടു ചെയ്ത നവതി ആശംസാ ചടങ്ങിലും എന്നെ സംസാരിക്കാന്‍ നിര്‍ബന്ധിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട്ട് പരിചയമുണ്ടായിരുന്ന അദ്ദേഹത്തിന്റെ മകളും ഭര്‍ത്താവും വിസ്മയത്തോടെയാണ് ഇടപഴകിയത്.
ആശംസാ ചടങ്ങുകള്‍ കഴിഞ്ഞ് ഭക്ഷണത്തിന് അദ്ദേഹം എന്നെ അടുത്തുപിടിച്ചിരുത്തി. ഒട്ടേറെ വിശേഷങ്ങള്‍ അന്വേഷിച്ചു. പൂജപ്പുരയില്‍ ഒരുമിച്ച്, ആഭ്യന്തര സുരക്ഷിതത്വ നിയമപ്രകാരം ഉണ്ടായിരുന്ന തൊടുപുഴക്കാരന് രാജന് ഇപ്പോള്‍ എന്തുചെയ്യുന്നുവെന്നന്വേഷിച്ചു. അദ്ദേഹം സംന്യാസം സ്വീകരിച്ച് സ്വാമി അയ്യപ്പദാസ് ആയിയെന്നും ക്ഷേത്രസംരക്ഷണ സമിതിയുടെയും, അയ്യപ്പസേവാ സമാജത്തിന്റെയും തലപ്പത്തു സജീവമാണെന്നും അറിയിച്ചപ്പോള്‍, ആ മുഖം തിരിച്ചറിയാന്‍ കഴിയാത്തതിലെ കുണ്ഠിതം, അദ്ദേഹത്തിന് എത്ര പറഞ്ഞിട്ടും ഇല്ലാതാക്കാന്‍ ആയില്ല.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ കെ. സുരേന്ദ്രന്റെ വിജയത്തിനായി അശ്രാന്ത പരിശ്രമത്തിലായ തിരുവല്ലയിലെയും പരിസരങ്ങളിലെയും പരിവാര്‍, എന്‍ഡിഎ പ്രവര്‍ത്തകര്‍ ധാരാളമെത്തിയിരുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തിരുമേനിയെ കണ്ട് ആശംസകള്‍ അര്‍പ്പിച്ച് ഭക്ഷണം കഴിച്ച് എല്ലാവരും കര്‍മക്ഷേത്രത്തിലേക്കു മടങ്ങുകയാണ്. അരനൂറ്റാണ്ടു മുന്‍പ് ഷൊര്‍ണൂര്‍ ആയുര്‍വേദ കോളജില്‍ പഠിച്ചിരുന്ന കാലത്ത്, പരിചയപ്പെട്ട രാമചന്ദ്രനേയും വനവാസി കല്യാണാശ്രമത്തിന്റെ പ്രവര്‍ത്തനത്തില്‍ ഭാസ്കര്‍ റാവുജിയുടെ വലംകയ്യായിരുന്ന അഡ്വക്കേറ്റ് നരേശ് അടക്കം നിരവധി പഴയ പ്രവര്‍ത്തകരെയും കാണാനും അവസരമായി. തെരഞ്ഞെടുപ്പില്‍ തികഞ്ഞ ആത്മവിശ്വാസവുമായാണവര് പ്രവര്‍ത്തിക്കുന്നത്. പ്രതാപ ചന്ദ്ര വര്‍മ്മയും ആത്മവിശ്വാസം വഴിഞ്ഞൊഴുകുന്ന രീതിയില്‍ സംസാരിച്ചു.
വിഷ്ണുനമ്പൂതിരിയുടെ ബന്ധുക്കളും മറ്റുള്ളവരും ചടങ്ങില്‍ അദ്ദേഹവുമായുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. പാണ്ഡിത്യംകൊണ്ടും മനസ്സംസ്കാരംകൊണ്ടും സേവനപാരമ്പര്യംകൊണ്ടും ഔന്നത്യത്തിലുള്ള ഒരു പര്യാവരണത്തിന്റെ കേന്ദ്രസ്ഥാനത്ത് വിരാജിക്കുന്ന വിഷ്ണുനമ്പൂതിരിക്ക് ശ്രേയസ്കരവും ശാന്തിപ്രദവുമായ ജീവിതശിഷ്ടം നല്കാന് സാക്ഷാല്‍ ശ്രീവല്ലഭന് അനുഗ്രഹിക്കട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: