തിരുവനന്തപുരം: ശബരിമല വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കാത്തു സംരക്ഷിക്കുമെന്നുറപ്പ് നല്‍കുകയും തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്ത ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കായിരിക്കും വോട്ട് നല്‍കുകയെന്ന് ശബരിമല അയ്യപ്പസേവാ സമാജം (എസ്എഎസ്എസ്) ആള് ഇന്ത്യ ചെയര്മാന് ടി.ബി. ശേഖര്‍. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെങ്കിലും സുപ്രീംകോടതിവിധിയുടെ മറവില്‍ ആചാരലംഘനം നടത്തുമെന്ന് പറഞ്ഞ സംസ്ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പ്. ഇടതുപക്ഷവും കോണ്‍ഗ്രസ്സും അയ്യപ്പ വിശ്വാസികളെ കബളിപ്പിക്കുന്നതില്‍ മത്സരിക്കുകയാണെന്നും വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാരിന് വേണ്ടി വോട്ടു ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ എല്ലാ എംപിമാര്‍ക്കും രാഷ്ട്രീയകക്ഷി നേതാക്കന്മാര്ക്കും മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കും ‘അയ്യപ്പഭക്തരുടെ പതിനെട്ടിന അവകാശപത്രം’ അയച്ചു നല്‍കിയെന്നും എന്നാല്‍ ബിജെപി ഒഴിച്ച് മറ്റാരും പ്രതികരിച്ചില്ലെന്നും ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന് പറഞ്ഞു. ഇന്ന് ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ അഞ്ചാംഘട്ട സമരപടിപാടികള്ക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക പ്രസിഡന്റ് കൃഷ്ണപ്പ, വിനോദ്കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: