സൂത്രം – ക്ഷത്രിയത്വഗതേശ്ചോത്തരത്ര ചൈത്രരഥേന ലിംഗാ ത്
ക്ഷത്രിയനാണെന്ന് മനസ്സിലാകുന്നതുകൊണ്ടും മറ്റൊരിടത്ത് ചൈത്രരഥനോട് കൂടിയുള്ളതിനെ അടയാളപ്പെടുത്തിയതിനാലും.
ജാനശ്രുതി എന്ന രാജാവ് ക്ഷത്രിയനാണെന്ന് മനസ്സിലാകുന്നതു കൊണ്ടും ചൈത്രരഥന്‍ എന്ന ക്ഷത്രിയനോടു കൂടി ഭക്ഷണം കഴിച്ചു എന്ന് അടയാളം പറഞ്ഞതുകൊണ്ടും ജാന ശ്രുതി ശൂദ്രനല്ല എന്ന് ഉറപ്പിക്കാം. അതിനാല്‍ ഒരു ക്ഷത്രിയന് തന്നെയാണ് രൈക്വന് ബ്രഹ്മജ്ഞാനത്തെ ഉപദേശിച്ചതെന്ന് വ്യക്തമാണ്.
ഈ സംഭവം നടക്കുന്ന കാലത്തെ കാര്യമെടുത്ത് പരിശോധിച്ചാല്‍ ക്ഷത്രിയന് മാത്രമേ രാജാവാകാന്‍ അധികാരമുള്ളൂ. ശൂദ്രനായി ജനിച്ചയാള്‍ക്ക് അക്കാലത്ത് അതിന് അധികാരമില്ല.ഛാന്ദോഗ്യത്തില്‍ സംവര്‍ഗ വിദ്യയെ പറയുന്നിടത്ത് ജാന ശ്രുതിയുടെ കൂടെ ബ്രാഹ്മണനായ ശൗനകനും ക്ഷത്രിയനായ ചൈത്രരഥനും ഭക്ഷണം കഴിക്കുന്നതായി പറയുന്നുണ്ട്. അന്നത്തെ രീതി വെച്ചിട്ട് ശൂദ്രനാണെങ്കില്‍ ഇതിന് സാധ്യതയില്ല എന്നതും ജാനശ്രുതി ക്ഷത്രിയനാണ് എന്നതിന്റെ തെളിവാണ്. ഉപനയന സംസ്കാരമുള്ളയാള്‍ക്ക് തന്നെയാണ് ബ്രഹ്മ വിദ്യയെ ഉപദേശിച്ചതെന്ന് ഇത് തെളിയിക്കുന്നു.
സൂത്രം – സംസ്കാരപരാമര്‍ശാത്തദഭാവാഭിലാപാച്ച
(സംസ്കാര പരാമര്‍ശാത് തദഭാവാഭിലാപാത് ച)
സംസ്കാരം വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതിനാലും ശൂദ്രന് സംസ്കാരമില്ലെന്ന് പറഞ്ഞിട്ടുള്ളതിനാലും ശൂദ്രന് വേദ വിദ്യയ്ക്ക് അധികാരമില്ല.
വേദപഠനത്തെ പറ്റി പറയുന്നിടത്ത് ശിഷ്യനായി എത്തുന്നയാള്‍ ഉപനയനം ചെയ്തയാളായിരിക്കണമെന്ന് പ്രത്യേകം പറയുന്നു. ഉപനയന സംസ്കാരമില്ലാത്തവരെ വേദം പഠിപ്പിക്കരുതെന്ന് മനസ്സിലാക്കണം. ശൂദ്രന് വാസ്തവത്തില്‍ ആ സംസ്കാരമില്ല. മനുസ്മൃതിയിലെ നിര്‍ദ്ദേശപ്രകാരം ശൂദ്രന് അതിന് കഴിയില്ല.അതിനാലാണ് ജാതിശൂദ്രന് വേദവിദ്യയ്ക്ക് അധികാരമില്ല എന്ന് പറഞ്ഞത്.
സൂത്രം – തദഭാവനിര്‍ധാരണേ ച പ്രവൃത്തേ:
ശൂദ്രത്വം ഇല്ലെന്ന് തീര്‍ച്ചപ്പെടുത്തിയതിന് ശേഷം ഗൗതമന് ശിഷ്യനായി സ്വീകരിച്ചതിനാ
ല്‍ ശൂദ്രന് വേദാധികാരമില്ല.
ഛാന്ദോഗ്യോപനിഷത്തില്‍ തന്നെയുള്ള മറ്റൊരു ചരിതമാണ് ഇവിടെ ഉദാഹരിക്കുന്നത്. സത്യകാമന് എന്ന കുട്ടി ഗൗതമന്റെ അടുത്ത് ബ്രഹ്മചാരിയായി വേദം പഠിക്കാനാഗ്രഹിച്ചു. ഏത് ഗോത്രത്തില്‍ പെട്ടയാളാണ് എന്ന് ഗുരു ചോദിച്ചപ്പോള്‍ .തനിക്ക് അമ്മ മാത്രമേ ഉള്ളൂ എന്നും അമ്മയോട് ചോദിച്ച് അറിഞ്ഞ് വരാമെന്നും പറഞ്ഞ് പോയി. അമ്മ പറഞ്ഞു. നീ ഏത് ഗോത്രക്കാരനാണെന്ന് എനിക്കറിയില്ല. ഞാന്‍ പലരുടെയും സേവയും മറ്റു പ്രവര്‍ത്തികളും ചെയ്തിരുന്ന സമയത്താണ് നിന്നെ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും. അതിനാല്‍ നീ എത് ഗോത്രക്കാരനാണെന്ന് എനിക്കറിയില്ല. അതിനാല്‍ ജാബാലയുടെ മകനായ സത്യകാമനാണ് താനെന്ന് ആചാര്യനോട് പറഞ്ഞാല്‍ മതി.
സത്യകാമന് അതുപോലെ തന്നെ ഗൗതമനോട് ചെന്ന് പറഞ്ഞു.
അവജ്ഞാ സൂചകമായ ഈ വാക്ക് പറയാന്‍ ഒരു ബ്രാഹ്മണനല്ലാതെ മറ്റാര്‍ക്കും സാധിക്കുകയില്ല എന്ന് അദ്ദേഹത്തിന് ബോധ്യമാവുകയും ഉപനയിക്കുകയും ചെയ്തു. ഇത്തരത്തില്‍ ശൂദ്രത്വമില്ലെന്ന് ഉറപ്പാക്കിയാണ് വേദവിദ്യയെ ഉപദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: