സ്വാതന്ത്ര്യ സമരവേളയില്‍ ബ്രിട്ടീഷ് പട്ടാളം നടത്തിയ ഏറ്റവും നിഷ്ഠൂരമായ കൂട്ടക്കുരുതിയാണ് ജാലിയന്‍വാലാ ബാഗിലേത്. ആ സംഭവം നടന്നിട്ട് നാളേയ്ക്ക് നൂറുവര്‍ഷം തികയുകയാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ കറുത്ത ഏടായ ജാലിയന്‍വാലാ ബാഗ് കുരുതി നടന്നതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേ ഖേദപ്രകടനം നടത്തിയിരുന്നു. ബ്രിട്ടീഷ് ഇന്ത്യ ചരിത്രത്തിലെ നാണംകെട്ട ഏടാണ് സംഭവമെന്ന് അവര്‍ക്ക് പറയേണ്ടിവന്നു. 1997ല്‍ ജാലിയന്‍വാലാ ബാഗ് സന്ദര്‍ശിച്ച എലിസബത്ത് രാജ്ഞി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 1919 ഏപ്രില്‍ 13 നായിരുന്നു സംഭവം.
പഞ്ചാബിലെ അമൃത്സറില് സുവര്‍ണക്ഷേത്രത്തിനു സമീപം 6.5 ഏക്കര്‍ വരുന്ന ഇടുങ്ങിയ കവാടങ്ങളുള്ള ജാലിയന്‍വാലാ ബാഗ് മൈതാനത്തില്‍ യോഗം ചേര്‍ന്ന നിരായുധരായ ജനക്കൂട്ടത്തിനു നേരേ ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. റൗലറ്റ് ആക്ടിനെതിരെ പ്രതിഷേധിക്കാനായിരുന്നു യോഗം. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് മരിച്ചത്. എന്നാല്‍ 400 പേര് മരിച്ചെന്നാണ് ബ്രിട്ടന്റെ കണക്ക്.
2013ല്‍ ഇന്ത്യ സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഈ കൂട്ടക്കൊലയെ നാണംകെട്ട സംഭവമെന്നു വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഖേദം പ്രകടിപ്പിക്കാന്‍ തയാറായില്ല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ്. ഇ.എച്ച്. ഡയര്‍ ആണ് ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവ് നല്‍കിയത്. യോഗത്തെക്കുറിച്ച് സൂചനകിട്ടിയ ജനറല്‍ ഡയര്‍, എല്ലാത്തരത്തിലുള്ള സമ്മേളനങ്ങളും നിരോധിച്ചു. ഇതറിയാതെ ജാലിയാന്‍വാലാ ബാഗില്‍ ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകള്‍ ഒത്തുചേര്‍ന്നു. ഈ വിവരം ലഭിച്ച ഡയര്‍ തന്റെ ഗൂര്‍ഖാ റെജിമെന്റുമായി അവിടേക്കു നീങ്ങി. ഒരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാന്‍ ഡയര്‍ ഉത്തരവിട്ടു. പത്തുമിനിട്ടോളം വെടിവെപ്പു തുടര്‍ന്നു. വെടിക്കോപ്പ് തീരുന്നതുവരെ 1,650 റൗണ്ട് വെടിവെച്ചെന്നാണ് കണക്ക്. തിരയുടെ ഒഴിഞ്ഞ പൊതികളുടെ കണക്കെടുത്താണ് ഇങ്ങനെയൊരു കണക്കെടുപ്പു നടത്തിയത്. ആളുകള്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ചശേഷമായിരുന്നു വെടിവെയ്പ്പ്. യഥാര്‍ഥത്തില്‍ ആയിരത്തിലധികം ആളുകള്‍ മരിച്ചെന്നു കരുതുന്നു. ഡയര്‍ ഉദ്യോഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട സംഭവങ്ങളിലൊന്നായി ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു.
ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയിലെ പ്രധാനസൂത്രധാരന്‍ മൈക്കല്‍ ഒഡ്വയറിനെ ഉധംസിങ് വെടിവെച്ചു കൊന്നു. ജാലിയന്‍വാലാ ബാഗ് സംഭവത്തിന്റെ ദൃക്സാക്ഷിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ധീരരക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും ഓര്‍മയ്ക്കായി 1963ല്‍ ഇവിടെ സ്മാരകം നിര്‍മിക്കപ്പെട്ടു. അമേരിക്കന്‍ വാസ്തു ശില്‍പ്പിയായ ബെഞ്ചമിന്‍ പോള്‍ രൂപകല്‍പ്പന ചെയ്ത സ്മാരകം പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് ആണ് ഉദ്ഘാടനം ചെയ്തത്. കൂട്ടക്കുരുതി ലോകത്തെ തന്നെ നടുക്കിയതും ഇന്ത്യന്‍ മനസ്സിന് തീര്‍ത്താലും തീരാത്ത മുറിവുണ്ടാക്കിയതുമായിരുന്നു. ഇക്കാര്യത്തില്‍ ബ്രിട്ടന് മാപ്പ് പറയണമെന്ന ആവശ്യം പലതവണ ഉന്നയിച്ചതാണ്. അതുകൊണ്ട്തന്നെ വെറുമൊരു ഖേദം കേട്ട് സമാധാനിക്കാനാവില്ല- കലര്‍പ്പില്ലാത്ത മാപ്പുതന്നെ ബ്രിട്ടന് പറയേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: