കൊച്ചി: ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികള്‍ ആ വിവരം പത്രത്തിലൂടെയും ടെലിവിഷനിലൂടെയും പരസ്യപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ ചട്ടത്തില്‍ അവ്യക്തതകള്‍ ഏറെ. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കമ്മീഷന് ഈ വ്യവസ്ഥ വച്ചിട്ടുള്ളത്. എന്നാല്‍, ഏതു പത്രം, എത്ര പത്രം, തെരഞ്ഞെടുക്കുമ്പോള്‍ കണക്കിലെടുക്കേണ്ട മാനദണ്ഡങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് അവ്യക്തതകളുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹാന്‍ഡ് ബുക്കില്‍ 34-ാം ഖണ്ഡികയില്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്ന് ഘട്ടങ്ങളിലായി പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും കേസ് വിവരങ്ങള്‍ പരസ്യപ്പെടുത്തണം. സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന പാര്‍ട്ടികള്‍ അവരുടെ വെബ്സൈറ്റിലും പത്രങ്ങളിലും ടിവി ചാനലുകളിലും മൂന്നു തവണ വിവരം പ്രസിദ്ധീകരിക്കണം. എന്നാല്‍, എത്ര പത്രങ്ങളിലെന്നോ ഏതെല്ലാം പത്രങ്ങളിലെന്നോ വിശദീകരണമില്ല. ടിവിയുടെ കാര്യത്തിലും ഇതാണ് സ്ഥിതി.
ഇന്ന പത്രങ്ങള്‍ എന്ന് കമ്മീഷന് പറയുന്നില്ലെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന വിശദീകരണം, പക്ഷേ, ഏറ്റവും കൂടുതല്‍ പ്രചാരമുള്ള രണ്ട് പത്രങ്ങളിലും ഏറ്റവും കാഴ്ചക്കാരുള്ള രണ്ട് ടിവി ചാനലുകളിലുമാണ് പരസ്യപ്പെടുത്തേണ്ടതെന്ന് പറയുന്നു. അതിലും പ്രശ്നങ്ങള്‍ ശേഷിക്കുന്നു. പ്രചാരണക്കാര്യത്തില് പത്രങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ട്. സംസ്ഥാനത്തെ ആകെ പ്രചാരണത്തില്‍ മുന്നിലുള്ള പത്രം ആയിരിക്കില്ല, ഓരോരോ മണ്ഡലം അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍. ന്യൂസ് പേപ്പര്‍ രജിസ്ട്രാര്‍ ഓഫ് ഇന്ത്യയോ, ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷനോ നല്കുന്ന സര്‍ട്ടിഫിക്കറ്റ് ആധാരമാക്കിയാലും അത് എഡിഷന് അടിസ്ഥാനത്തിലുള്ള കണക്കേ ആകുന്നുള്ളു.
ടെലിവിഷന്‍ ചാനലുകളുടെ കാര്യം ഇതിനേക്കാള്‍ സങ്കീര്‍ണമാണ്. ടിവി ചാനലുകളുടെ പ്രേക്ഷക എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കില്ല. ടാം റേറ്റിങ് നിരക്കും കൃത്യമല്ല. അതും പ്രദേശാടിസ്ഥാനത്തില്‍ കാണികളുടെ എണ്ണത്തില്‍ കണക്ക് വ്യത്യസ്തമാകും. മാനദണ്ഡങ്ങള്‍ ഒന്നുമില്ല, ഹാന്‍ഡ് ബുക്കില്‍ ഇതുസംബന്ധിച്ച് പറയുന്നുണ്ട്. ഏറ്റവും സര്‍ക്കുലേഷനുള്ള രണ്ട് പത്രങ്ങളിലാണ് പരസ്യം വരേണ്ടത്. ടെലിവിഷനും കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ മുമ്പില്‍ നില്ക്കുന്നവയിലാകണം, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസ് വിശദീകരിക്കുന്നു.
എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തതയില്ലാതെ, ഈ പരസ്യത്തിന്റെ പേരില്‍ സ്ഥാനാര്‍ഥിക്കെതിരേ വിജയിച്ചു കഴിഞ്ഞാല്‍ അയോഗ്യതാ നടപടിക്ക് സാധ്യതയില്ലേ എന്ന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ആശങ്കപ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യക്തമായ നിര്‍ദേശം ഇക്കാര്യത്തില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: