ആലപ്പുഴ: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നവോത്ഥാനത്തെ കൈവിട്ട് സിപിഎം. ശബരിമലയിലെ യുവതീപ്രവേശനത്തിന് സജീവ പങ്കാളിത്തം വഹിക്കുന്ന നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന തീവ്രഇടതുപക്ഷ ഫേസ്ബുക്ക് കൂട്ടായ്മയും സര്‍ക്കാരുമായുള്ള അവിശുദ്ധ ബന്ധവും മറനീക്കുന്നു. വിഷു പ്രമാണിച്ച് ശബരിമല നടതുറക്കുമ്പോള്‍ സംഘപരിവാറുകാര്‍ ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കുമെന്നും തെരഞ്ഞെടുപ്പ് വരെ തങ്ങള്‍ അതിന് ശ്രമിക്കില്ലെന്നും കൂട്ടായ്മ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പില്‍ വൈകാരികമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അവസരമുണ്ടാകരുത് എന്നു കരുതിയാണ് തെരഞ്ഞെടുപ്പു വരെ യുവതീപ്രവേശനത്തിനായുള്ള ഇടപെടലുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും കൂട്ടായ്മയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ശബരിമലയിലെ യുവതീപ്രവേശനമാണ് നവോത്ഥാനമെന്ന് പ്രഖ്യാപിച്ച സിപിഎമ്മും ഇടതുപക്ഷവും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശബരിമലയെക്കുറിച്ച് മൗനം പാലിക്കുകയാണ്. ശബരിമലയില്‍ ഇരുട്ടിന്റെ മറവില്‍ വേഷപ്രച്ഛന്നരായി കയറിയ രണ്ടു യുവതികളും നവോത്ഥാന കേരളം കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു. സിപിഎമ്മിനും നവോത്ഥാനകേരളം കൂട്ടായ്മയ്ക്കും തെരഞ്ഞെടുപ്പ് കാലത്ത് ഒരേ നയവും അഭിപ്രായമാണെന്നത് ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പ് പടിക്കലിലെത്തും വരെ ഇടതുപക്ഷം ചര്‍ച്ചചെയ്തത് നവോത്ഥാനത്തെക്കുറിച്ചായിരുന്നു. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 28ന് സുപ്രീംകോടതി ശബരിമല യുവതീപ്രവേശനം സംബന്ധിച്ച വിധി പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കകം ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും, അയല്‍ സംസ്ഥാനത്ത് നിന്ന് പോലും വനിതാ പോലീസിനെ സന്നിധാനത്ത് എത്തിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. പതിനെട്ടാം പടിയില്‍ പോലും വനിതാ പോലീസിനെ നിയോഗിക്കുമെന്ന് പഖ്യാപനങ്ങള്‍ ഉണ്ടായി.
എന്നാല്‍ ഭക്തരായ യുവതികള്‍ ആരും തന്നെ ശബരിമല ദര്ശനത്തിനെത്താന് തയാറായില്ല. ഒടുവില്‍ തീവ്ര ഇടതുപക്ഷ നിലപാടുകളുള്ള മനീതി സംഘവും, നവോത്ഥാന കേരളം ശബരിമലയിലേക്ക് തുടങ്ങിയ ഫേസ്ബുക്ക് കൂട്ടായ്മകളുമാണ് സര്‍ക്കാരിന് സഹായവുമായി എത്തിയത്. ഇപ്പോള്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും സഹായിക്കാന്‍ അവര്‍ ശബരിമലയില്‍ നിന്ന് വിട്ടു നില്ക്കുന്നു.
നവോത്ഥാനമെന്നത് സിപിഎമ്മിനും ഇത്തരം സംഘങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കാലത്ത് മാറ്റി വയ്ക്കേണ്ട നിലപാടാണെന്ന് വിമര്‍ശനം ഉയരുന്നു. ശബരിമല യുവതിപ്രവേശനത്തിനായി വനിതാ മതില് കെട്ടിയവര്‍ തെരഞ്ഞെടുപ്പായതോടെ മതിലിനെ കുറിച്ചും പറയുന്നില്ല. നവോത്ഥാന സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനവും നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: