കൊച്ചി: ഇന്നേക്ക് 55 വര്‍ഷം മുമ്പ് 1964 ഏപ്രില്‍ 11നാണ് കൊല്‍ക്കത്തയില്‍ സിപിഐ (എം) എന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിറന്നത്.
അമ്പത്തിയഞ്ചാം വയസെത്തുമ്പോള്‍ അകാല ചരമത്തിന്റെ കുറിപ്പെഴുതി വെച്ചു കഴിഞ്ഞു അതില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നവരും. സിപിഐ എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ നിന്ന് വഴി പിരിഞ്ഞ 32 പേരുടെ ഒപ്പം പോയവരും അനാഥരായി. നേതാവില്ല, ആദര്‍ശമില്ല, ആശയമില്ല, അണികളുമില്ല. പാര്‍ട്ടിയുടെ ദേശീയ പദവി അംഗീകാരം പോകില്ല എന്ന് ഉറപ്പാക്കാന്‍ മെയ് 23 വരെ, കാക്കണം.
ദേശീയ ജനാധിപത്യമല്ല, ജനകീയ ജനാധിപത്യമാണ് വേണ്ടതെന്നായിരുന്നു ഇഎംഎസ്, വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെ സ്ഥാപക നേതാക്കളുടെ രാഷ്‌ട്രീയം. ചൈനയായിരുന്നു മാതൃക.വിപ്ലവം തോക്കിന്‍ കുഴലിലൂടെ എന്നു പ്രവചിച്ച മാവോ സെ തുങ്ങായിരുന്നു ആദര്‍ശപുരുഷന്‍. ഇന്നിപ്പോള്‍ നിലനില്‍പ്പിന് കോണ്‍ഗ്രസാണ് താങ്ങ്, കോര്‍പ്പറേറ്റുകളാണ് ഊന്ന്, അവസരത്തിനൊത്താണ് നയം.
ഇതിനിടെ എന്തെല്ലാം സംഭവിച്ചില്ല! കമ്യൂണിസ്റ്റുകാരന്‍ പ്രധാനമന്ത്രിയാകുമെന്ന സ്ഥിതി വന്നു. പാര്‍ട്ടിയുടെ കരുത്തുകൊണ്ടായിരുന്നില്ല മറ്റു കക്ഷികള്‍ ഈ ദാനത്തിന് തയ്യാറായത്. എങ്കിലും നേതൃത്വത്തിലെ കുശുമ്പും അസൂയയും കൊണ്ട് അതു നടന്നില്ല. ‘ചരിത്രപരമായ വിഡ്ഢിത്തം’ എന്ന് പാര്‍ട്ടി നേതാവ് ജ്യോതിബസു സ്വയം വിശേഷിപ്പിച്ചത് ആ തീരുമാനത്തെക്കുറിച്ച് മാത്രമായിരുന്നോ? ഇന്നും വ്യക്തമല്ല?
ഭരണത്തില്‍ ചേരാതെ പാര്‍ട്ടി കേന്ദ്രം ഭരിച്ചു. ഭരണഘടനാപരമായ ഒരുത്തരവാദിത്തവുമില്ലാതെ ഭരണസുഖം ആസ്വദിച്ചു. ഐക്യമുന്നണി സര്‍ക്കാരെന്ന പേരില്‍ ദേവഗൗഡ, ഗുജ്‌റാള്‍ സര്‍ക്കാരുകളെ നിയന്ത്രിച്ചു. സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാനായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ്‌സുര്‍ജിത് വളയംപിടിച്ചു. അതിനും മുമ്പ് കോണ്‍ഗ്രസ്സിന്റെ പി.വി. നരസിംഹറാവു സര്‍ക്കാരിനെ പിന്തുണച്ച് നിലനിര്‍ത്തി, പാര്‍ട്ടി ഭരണത്തണലില്‍ കഴിഞ്ഞു.
പശ്ചിമബംഗാളില്‍ മറ്റൊരാളുടെ ശബ്ദമുയരാന്‍ അനുവദിക്കാതെ 34 വര്‍ഷം തുടര്‍ച്ചയായി; കാല്‍ നൂറ്റാണ്ട് ത്രിപുരയും ഭരിച്ചു. രാജ്യത്തെ ഏറ്റവും വലിയ സ്വത്തുടമസ്ഥതയുള്ള മൂന്നാമത്തെ പാര്‍ട്ടിയായി വളര്‍ന്നു. ഭരണം അവശേഷിക്കുന്ന കേരളത്തില്‍ വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ തോല്‍പ്പിക്കുന്ന സ്ഥാപനസമൂഹത്തിന് ഉടമയായി. മാറി മാറി അഞ്ചുവര്‍ഷം വീതം ഇത് ഇരുപത്തിനാലാം വര്‍ഷമാണ് സംസ്ഥാന ഭരണത്തില്‍!!
പക്ഷേ, 55 വര്‍ഷത്തിനുശേഷം ഇന്നോ? സഖാക്കളില്ല, ശരിയായ നേതാവില്ല, അഴിമതിക്കുഴിയിലാണ് നേതാക്കള്‍. അണികള്‍ക്കാവേശമില്ല. ഭരണം ഒരു സംസ്ഥാനത്തിലേക്ക് ചുരുങ്ങി. നയമില്ല, ആദര്‍ശമില്ല. തൊഴിലാളി വര്‍ഗത്തെ പരിചയമില്ല. കമ്യൂണിസ്റ്റ് തത്ത്വങ്ങള്‍ പ്രസംഗത്തില്‍പ്പോലുമില്ല. അനൗദ്യോഗികമായാണെങ്കിലും പ്രതിപക്ഷ പാര്‍ട്ടി സ്ഥാനമുണ്ടായിരുന്ന പാര്‍ട്ടി, പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നു കഴിയുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം നഷ്ടമാകാതിരിക്കാന്‍ കോണ്‍ഗ്രസ്സിന്റെ സഖ്യത്തിന് കാല്‍പിടിക്കുന്നു. പ്രാദേശിക പാര്‍ട്ടികള്‍ക്ക് വിടുപണി ചെയ്യുന്നു. എന്നാല്‍ സിപിഐ എന്ന മാതൃസംഘടനയോട് ലയനത്തിന് ഒരുക്കമല്ലെന്ന് ശത്രുതാ നിലപാടില്‍ ഒരു മാറ്റത്തിനുമില്ല.
ഐസിയുവില്‍ നിന്ന് വെന്റിലേറ്ററിലേക്ക് നീങ്ങിയതല്ലാതെ ഫലമില്ല. മെയ് 23 ലെ പ്രഖ്യാപനത്തിലറിയാം, അത് സംഭവിക്കുന്നത് എങ്ങനെയാണെന്ന്. കമ്യൂണിസ്റ്റ് വിചാരക്കാരന്‍ സി.ആര്‍. പരമേശ്വരന്‍ അടുത്തിടെ എഴുതി, അടുത്ത തെരഞ്ഞെടുപ്പില്‍ കുടത്തിന് ഒരു വോട്ടു കുത്തണമെന്ന്. അത് മരണാനന്തര ക്രിയകളുടെ കുടവും പ്രാദേശിക കക്ഷികള്‍ക്കുള്ള ചിഹ്നത്തിന്റെ കുടവുമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: