കൊച്ചി: നിസ്സാമുദ്ദീനില്‍ നിന്നും എറണാകുളത്ത് എത്തിയ മംഗള എക്സ്പ്രസ്സില്‍ നിന്നും ഗ്രനേഡിന്റെ രൂപത്തിലുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ ഇറക്കിയ ശേഷം കടവന്ത്ര പൊന്നുരുന്നി യാഡിലേക്ക് മാറ്റിയ ട്രെയിനില്‍ നിന്നാണ് സ്ഫോടകവസ്തു കണ്ടെത്തിയത്.
ട്രെയിന്‍ വൃത്തിയാക്കുന്നതിനിടെ എസ്.വണ്‍ കോച്ചിന്റെ സീറ്റിന് അടിയില്‍ സഞ്ചിയില്‍ സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു. ജീവനക്കാരന് ഇത് പരിശോധിക്കുന്നതിനിടെ ചെറിയ പൊട്ടിത്തെറി ഉണ്ടായി. ഇയാളുടെ കാലിന് പരിക്കേറ്റു. തുടര്‍ന്ന് വിവരം റെയില്‍വേ പോലീസിനെ അറിയിക്കുകയായിരുന്നു.
ഗ്രെനേഡിന്റെ രൂപത്തിലുള്ള 20 എണ്ണമാണ് കണ്ടെത്തിയത്. റെയില്‍വേ പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഇന്ന് രാവിലെ ആര്‍പിഎഫിന്റെ പ്രത്യേക വിഭാഗം എത്തി ശാസ്ത്രീയ പരിശോധനയും നടത്തും. കടവന്ത്ര പോലീസും അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: