തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്. ഹൈക്കോടതി വിധി നടപ്പാക്കിയാല്‍ കെഎസ്ആര്‍ടിസി സര്‍വീസുകളെ ബാധിക്കും. അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത് സംബന്ധിച്ച വസ്തുതകള്‍ മനസ്സിലാക്കാതെയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. വിധി പെട്ടെന്ന് നടപ്പാക്കിയാല്‍ കെഎസ്ആര്‍ടിസിയുടെ 600 ഓളം സര്‍വീസുകള്‍ മുടങ്ങും. ഇത് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.
കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന് ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ഈ മാസം 30 നകം ഉത്തരവ് നടപ്പാക്കണമെന്നും വിധിയില്‍ പറയുന്നുണ്ട്.
എംപാനല്‍ ജീവനക്കാരെ ഒഴിവാക്കുന്നതിനെ തുടര്‍ന്നുള്ള ഒഴിവിലേക്ക്, നിലവിലെ പിഎസ്സി പട്ടികയില്‍ നിന്നും നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു. 2455 പേര് നിലവില്‍ പിഎസ്സി പട്ടികയിലുണ്ട്. ഇവര്‍ക്ക് അഡൈ്വസ് മെമ്മോ അയക്കാനും കോടതി നിര്‍ദേശിച്ചു. പിഎസ്സി റാങ്ക് ജേതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: