കോട്ടയം: കോണ്‍ഗ്രസ്സുകാരനായി രാഷ്ട്രീയത്തിലെത്തി കേരളാകോണ്‍ഗ്രസ് രൂപീകരണത്തോടെ നിയമസഭാ സാമാജികനായ വ്യക്തിയാണ് കെ. എം. മാണി. അരനൂറ്റാണ്ടായി പാലായുടെ ജനപ്രതിനിധി. അമ്പതു വര്‍ഷത്തിനിടെ കൂറുമാറ്റവും ബാര്‍ കോഴയും അടക്കം വിവാദങ്ങളേറെ.
കോട്ടയം ഡിസിസി സെക്രട്ടറിയില്‍ നിന്ന് കേരളാ കോണ്‍ഗ്രസ്സിന്റെ നേതൃപദവിയിലേക്കുള്ള മാണിയുടെ യാത്ര സംഭവബഹുലമാണ്. കോണ്‍ഗ്രസ്സിന്റെ കരുത്തനായ നേതാവ് പി.ടി. ചാക്കോയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞവരൊക്കെ കോട്ടയത്ത് ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തില്‍ യോഗംചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് രൂപീകരിക്കുമ്പോള്‍ കെ.എം. മാണിയായിരുന്നു കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖന്. 1964 ഒക്ടോബര്‍ എട്ടിനായിരുന്നു കേരള കോണ്‍ഗ്രസ്സിന് ജന്മം നല്കിയ ആ സമ്മേളനം. ഈ യോഗത്തിലില്ലാതിരുന്ന മാണി പിന്നീട് കേരളാ കോണ്‍ഗ്രസ്സിന്റെ എല്ലാമെല്ലാമായി.
കെ.എം. ജോര്‍ജ് ചെയര്‍മാനായി കേരളാ കോണ്‍ഗ്രസ് രൂപംകൊണ്ടു. 1965 മാര്‍ച്ചില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ പാലായിലേക്ക് കേരളാ കോണ്‍ഗ്രസ്സിന് സ്ഥാനാര്‍ത്ഥിയെ വേണം. കേരള കോണ്‍ഗ്രസ്സ് നേതാവ് മോഹന്‍ കുളത്തുങ്കല്‍ മാണിയെ ചെന്നുകണ്ടു സമ്മതിപ്പിച്ചു. അങ്ങനെ പാലായില്‍ കെ.എം. മാണി സ്ഥാനാര്‍ത്ഥിയായി.
എംഎല്‍എയായി
മന്ത്രിയായി
എംഎല്‍എ ആയതോടെ മാണിയുടെ രാഷ്ട്രീയ നീക്കങ്ങളും സജീവമായി. കെ. എം. ജോര്‍ജിന്റെ വിശ്വസ്തനായി. 1971ലും 1972ലും കേരളാ കോണ്‍ഗ്രസ് സംസ്ഥാന ഓഫീസിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി. അച്യുതമേനോന് മന്ത്രിസഭയില്‍, 1975 ഡിസംബര്‍ 26ന് കെ.എം. മാണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒപ്പം ആര്. ബാലകൃഷ്ണപിള്ളയും. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കെ. കരുണാകരന്റെ നേതൃത്വത്തിലുണ്ടായ മന്ത്രിസഭയില്‍ കെ.എം. മാണി ആഭ്യന്തര മന്ത്രിയായി. ഇതിനോടകം മാണി കേരള കോണ്‍ഗ്രസ്സിന്റെ ചെയര്‍മാനുമായി.
അടിയന്തരാവസ്ഥക്കാലത്തെ രാജന് കേസിന്റെ പേരില്‍ കരുണാകരന് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായി. അപ്പോഴും മാണി തന്നെ ആഭ്യന്തരമന്ത്രി. പാലായിലെ തെരഞ്ഞെടുപ്പു കേസിനെത്തുടര്‍ന്ന് മാണിക്ക് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്നു, 1977 ഡിസംബര്‍ 21ന്. പകരം പി.ജെ. ജോസഫ് ആന്റണി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി. ഇതിനിടെ മാണി കേസ് ജയിച്ച് തിരികെയെത്തി. ജോസഫ് രാജിവച്ച് സ്ഥാനമൊഴിഞ്ഞപ്പോള്‍ സപ്തംബര്‍ 16ന് മാണി വീണ്ടും മന്ത്രിയായി. പക്ഷേ പാര്‍ട്ടി ചെയര്മാന് സ്ഥാനം വേണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. ഇതോടെ ‘പിളരും തോറും വളരുമെന്ന രാഷ്ട്രീയ സിദ്ധാന്ത’ത്തിന്റെ കാലമായി. അതിന്റെ പേരില്‍ മാണിയും ജോസഫും അകന്നു. ഈ അകല്‍ച്ചയാണ് പില്ക്കാലത്ത് കേരള കോണ്‍ഗ്രസ്സിലുണ്ടായ എല്ലാ പിളര്‍പ്പുകള്‍ക്കും തുടക്കം കുറിച്ചത്. ചെയര്മാന് സ്ഥാനത്തേക്കുള്ള മത്സരം വന്നപ്പോള്‍ മാണി പി.ജി. സെബാസ്റ്റ്യനെയാണ് പിന്തുണച്ചത്. ഈ മത്സരത്തില്‍ പി.ജെ. ജോസഫ് പരാജയപ്പെട്ടു. 1979ല്‍ കേരളാ കോണ്‍ഗ്രസ്(എം) രൂപീകരിച്ചു.
കോണ്‍ഗ്രസ്സിലെ ആന്റണി പക്ഷം 1980ല്‍ ഇടതുപക്ഷത്തേക്ക് നീങ്ങിയപ്പോള്‍ കേരളാ കോണ്‍ഗ്രസ്സും ഒപ്പം കൂടി. 1980ല്‍ ഇ.കെ. നായനാര്‍ സര്‍ക്കാരില്‍ മാണിയും അംഗമായി. പക്ഷേ 1982ല്‍ നായനാരെയും ഇടതുമുന്നണി നേതൃത്വത്തേയും ഞെട്ടിച്ച് മാണി രാജിവച്ച് യുഡിഎഫിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: