സൂത്രം – അത ഏവ ച നിത്യത്വം
അതു കൊണ്ട് തന്നെ നിത്യത്വവും ഉണ്ടാകുന്നു.
വേദ ശബ്ദങ്ങള്ക്കനുസരിച്ചാണ് പ്രജാപതി ദേവന്മാരേയും ലോകത്തേയും സൃഷ്ടിക്കുന്നത് എന്ന് പറഞ്ഞതിനാല്‍ വേദങ്ങള്‍ നിത്യങ്ങളാണെന്ന് മനസ്സിലാക്കാം.
സൃഷ്ടിക്ക് മുമ്പ് തന്നെ വേദം ഉണ്ടായിരിക്കുമെന്നതിനെ കാണിക്കുന്നതാണ് അത: പ്രഭാവാത് എന്ന് മുന്‍ സൂത്രത്തില്‍ പറഞ്ഞത്. ദേവന്മാര് മുതലായവര്‍ അടങ്ങിയ ലോകം വേദത്തില്‍ നിന്ന് ഉണ്ടായതിനാല്‍ വേദം നിത്യമെന്ന് ഉറപ്പിക്കാം.ഇതിന് ഉദാഹരണമായി ഋഗ്വേദ സംഹിതയിലെ മന്ത്രത്തെ പറയുന്നു.
യുഗാന്തേളന്തര് ഹിതാന്‍ വേദാന്‍ സേതി ഹാസാന്‍ മഹര്‍ഷയ:
ലേഭിരേ തപസാ പൂര്വമനുജ്ഞാതാ: സ്വയംഭുവാ – യുഗാവസാനത്തില്‍ മറഞ്ഞ ഇതിഹാസങ്ങളോട് കൂടിയ വേദങ്ങളെ ബ്രഹ്മാവിന്റെ അനുഗ്രഹത്തോടെ മഹര്‍ഷിമാര്‍ തപശ്ശക്തി കൊണ്ട് വീണ്ടെടുത്തു എന്ന് ഇവിടെ വ്യക്തമാക്കുന്നു. എന്നാല്‍ പ്രത്യേക കില്പ്പങ്ങളില് വേദങ്ങളെ പോലും പുതുക്കി സൃഷ്ടിക്കുന്നു എന്നത് ഇവിടെ പറഞ്ഞിട്ടില്ല
സൂത്രം – സമാനനാമരൂപത്വാച്ചാവൃത്താവപ്യവിരോധോ ദര്‍ശനാത് സ്മൃതേശ്ച
( സമാന നാമരൂപത്വാത് ച ആവൃത്തൗ അപി അവിരോധ: ദര്‍ശനാത് സ്മൃതേ: ച)
പുനരാവൃത്തിയിലും സമാനങ്ങളായ നാമരൂപങ്ങളുള്ളതുകൊണ്ടും വിരോധമില്ല. ശ്രുതിയിലും സ്മൃതിയിലും ഇത് പറഞ്ഞിട്ടുണ്ട്.
സൃഷ്ടിയുടെ പുനരാവൃത്തിയിലും നാമരൂപങ്ങള്‍ തുല്യങ്ങളാണെന്ന് ശ്രുതിയിലും പറഞ്ഞിട്ടുള്ളതിനാല്‍ വേദ ശബ്ദങ്ങള്‍ക്ക് വിരോധമില്ല.
ബ്രഹ്മാവിന്റെ പകലായ ഒരോ കല്‍പ്പങ്ങളിലും വീണ്ടും സൃഷ്ടി ഉണ്ടാകുന്നു. കല്പ്പാന്തത്തില് നശിച്ചവ തിരിച്ചു വരുമെങ്കിലും മഹാപ്രളയത്തില്‍ എല്ലാം തന്നെ നശിക്കുന്നു. ഒരു തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമില്ല. പൂര്‍വജന്മ സ്മരണയും വേദങ്ങളും ഇല്ലാതെയാകും
അങ്ങനെയെങ്കില്‍ വേദങ്ങള്‍ എങ്ങനെ നിത്യമായിരിക്കും? എന്ന സംശയത്തിനുള്ള സമാധാനമാണ് ഈ സൂത്രം.
മനുഷ്യര്‍ ജനിക്കുമ്പോള്‍ മുന്‍ജന്മത്തെക്കുറിച്ചുള്ള സ്മരണ ഉണ്ടാകാറില്ല എന്നത് ശരിയാണ്. എന്നാല്‍ ദിവസവും കിടന്നുറങ്ങി രാവിലെ എഴുന്നേല്ക്കുമ്പോള് മുമ്പ് നടന്ന കാര്യങ്ങളെല്ലാം ഓര്‍ക്കാറുണ്ട്. അതുപോലെ പ്രളയത്തില്‍ വ്യഷ്ടികള്‍ നശിച്ചാലും സമഷ്ടി നിലനില്ക്കും. അവയാണ് കല്‍പ്പത്തിന്റെ ആരംഭത്തില്‍ സൃഷ്ടിയിലൂടെ പുനര്‍ജനിക്കുന്നത്.
മുന്‍ കല്‍പ്പത്തിലെ രൂപം, പേര് എന്നിവയോട് കൂടിയാണ് സൃഷ്ടി നടക്കുന്നത്.
ധാതാ യഥാ പൂര്‍വ്വമ കല്പയ്ത് – ബ്രഹ്മാവ് മുമ്പുണ്ടായിരുന്നതു പേ
ാലെ സൃഷ്ടിച്ചു എന്ന് പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
പ്രളയം എന്നാല്‍ നന്നായി ലയിക്കല് എന്നര്‍ത്ഥം. നാം ഉറങ്ങുമ്പോള്‍ നമ്മുടെ ലോകം നമ്മളില്‍ ലയിക്കും. ഉണരുമ്പോള്‍ പ്രകടമാകുകയും ചെയ്യും.
ഉറക്കം കഴിഞ്ഞ് ഉണരുന്ന സ്രഷ്ടാവിന് മുമ്പ് ഉള്ളതെല്ലാം ഓര്‍ക്കാന്‍ കഴിയും.അതില്‍ വേദങ്ങളും നിലനില്ക്കുന്നു. ആ വേദ ശബ്ദങ്ങള്‍ക്കനുസരിച്ച് മുന്‍ കല്പങ്ങളിലെ പോലെ എല്ലാം സൃഷ്ടിക്കുന്നു.
വിഷ്ണുപുരാണത്തില്‍
‘തേഷാം യേ യാനി കര്‍മ്മാണി
പ്രാക് സൃഷ്ട്യാം പ്രതിപേദിരേ
താന്യേവ തേ പ്രപദ്യന്തേ
സൃജ്യമാനാ: പുനഃപുന:
സൃഷ്ടിക്കു മുമ്പ് ഉണ്ടായിരുന്ന കര്‍മ്മങ്ങളേയും രൂപങ്ങളേയും സൃഷ്ടിസമയത്ത് വീണ്ടും വീണ്ടും സ്വീകരിക്കുന്നു. ഈ ആശയം മഹാഭാരതത്തിലും എടുത്ത് കാട്ടുന്നുണ്ട്.
അതിനാല്‍ വേദ ശബ്ദങ്ങള്‍ക്ക് വിരോധമില്ല.ശ്രുതിയും സ്മൃതിയും ഇതിനെ ശരിവെക്കുന്നു. ഈശ്വരനും വേദവും നിത്യമെന്ന് അറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: