തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പരാജയമറിയാത്ത നേതാവാണു കരിങ്ങോഴയ്ക്കല്‍ മാണി മകന് മാണി എന്ന കെ.എം. മാണി. പ്രസരിപ്പിന്റെ പര്യായമായിരുന്ന, പാലാക്കാരുടെ കുഞ്ഞുമാണി 1965ല്‍ പാലാ മണ്ഡലത്തില്‍ നിന്നു നിയമസഭയിലെത്തി. പിന്നെ മരണം വരെ ആ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 13 വിജയങ്ങള്‍. കോടതി തെരഞ്ഞെടുപ്പു റദ്ദാക്കിയ ചെറിയ ഇടവേളയൊഴിച്ചാല്‍, 54 വര്‍ഷത്തെ തുടര്‍ച്ചയായ നിയമസഭാംഗത്വം.
ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വ്യക്തി. കൈകാര്യം ചെയ്തതു ധനകാര്യം, ആഭ്യന്തരം, റവന്യു, നിയമം, വൈദ്യുതി വകുപ്പുകള്‍. 13 ബജറ്റ് അവതരണങ്ങള്‍. മന്ത്രി സ്ഥാനത്തേയ്ക്കു 11 സത്യപ്രതിജ്ഞ. വിശ്വസിക്കാന്‍ വിഷമം തോന്നുന്ന റെക്കോര്‍ഡുകളും വിശേഷണങ്ങളും ഏറെയുണ്ടെങ്കിലും കെ.എം. മാണിയെ ജനകീയനാക്കിയത് വിടര്‍ന്ന ചിരിയോടെയുള്ള തുറന്ന പെരുമാറ്റമായിരുന്നു. കീഴടങ്ങാന്‍ കൂട്ടാക്കാത്ത ഇച്ഛാശക്തിയും ഉന്മേഷവുമാണ് രോഗത്തോടും മരണത്തിനോടു തന്നെയും പൊരുതി പിടിച്ചു നില്ക്കാന് അദ്ദേഹത്തിനു കരുത്തേകിയത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു.
അടിമുടി നിറഞ്ഞുതുളുമ്പിയ ഊര്‍ജസ്വലത രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഉടനീളം നിലനിര്‍ത്തി. ചടുലമായ നീക്കങ്ങളും തന്ത്രപരമായ ഇടപെടലുകളുമാണ് ഇക്കാലമത്രയും കേരള രാഷ്ട്രീയത്തില്‍ അദ്ദേഹത്തെ നിറസാന്നിധ്യമായി നിലനിര്‍ത്തിയത്. കേരള കോണ്‍ഗ്രസ്സിന്റെ ജനനം മുതല്‍ പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന മാണിസ്സാര്‍ പാര്‍ട്ടിയുടെ ചാലകശക്തിയായിരുന്നു.
ശക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടെങ്കിലും വ്യക്തിജീവിതത്തില്‍ അദ്ദേഹം രാഷ്ട്രീയക്കാരനായിരുന്നില്ല, നാട്ടുകാരനായിരുന്നു. മണ്ഡലം മുഴുവന്‍ അറിയുന്ന നാട്ടുകാരന്. ഓരോരുത്തരേയും പേരെടുത്തു വിളിക്കുന്ന സുഹൃത്ത്. പാര്‍ട്ടിയുടെയല്ല, ജനങ്ങളുടെ എംഎല്‍എയായിരുന്നു. ഈ ആത്മബന്ധമായിരിക്കാം പാലാക്കാര് മാണി സാറിനപ്പുറമൊരു എംഎല്‍എയെക്കുറിച്ചു ചിന്തിക്കാതിരിക്കാന്‍ കാരണം.
ജനിച്ചതു മരങ്ങാട്ടുപിള്ളിയിലാണെങ്കിലും പാലായെ സ്വന്തം നാടാക്കി മാറ്റിയ മാണിക്ക് കേരളം ആകെത്തന്നെ സുപരിചിതമായിരുന്നു. കര്‍ഷകജനതയുടെ തോഴനായിരുന്ന അദ്ദേഹം എന്നും മണ്ണിനോടു മല്ലിടുന്നവര്‍ക്കൊപ്പം നിന്നു. ധനമന്ത്രിയായിരിക്കെ കാര്‍ഷിക മേഖലയ്ക്കായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. ദേശ രാഷ്ട്രീയ ഭേദമില്ലാതെ കര്‍ഷകരുടെ മനസ്സില്‍ അദ്ദേഹത്തിന് ഒരു സ്ഥാനമുണ്ടായിരുന്നു. അധ്വാനവര്‍ഗം എന്ന വാക്ക് മലയാളത്തിനു കെ.എം. മാണിയുടെ സംഭാവനയാണ്. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന് ബദലായി അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിക്കുകയും ചെയ്തു.
അഭിഭാഷക വൃത്തിയില്‍ തുടങ്ങി, രാഷ്ട്രീയത്തിലിറങ്ങി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായ കെ.എം. മാണി 1964ല്‍ കേരള കോണ്‍ഗ്രസ്സിന്റെ പിറവിയോടെ ആ പ്രസ്ഥാനത്തിന്റെ ഭാഗമായി. തൊട്ടടുത്ത വര്‍ഷം ആദ്യ തെരഞ്ഞെടുപ്പു വിജയം. പത്തു വര്‍ഷത്തിനു ശേഷം 1975ല്‍ മന്ത്രിയായി. പിന്നീടു പാര്‍ട്ടി ചെയര്‍മാനായി, പലകുറി മന്ത്രിയായി. കേരള കോണ്‍ഗ്രസ്സിന്റെ പ്രതാപകാലത്ത് പാര്‍ട്ടിയെ നയിക്കുകയും മന്ത്രിസ്ഥാനം അലങ്കരിക്കുകയും ചെയ്ത മാണി സാര്‍, പാര്‍ട്ടി പലതവണ പിളര്‍ന്നെങ്കിലും കേരള രാഷ്ട്രീയത്തില്‍ തലയെടുപ്പോടുകൂടിത്തന്നെ നിന്നു. മുന്നണി മാറ്റങ്ങളും ആരോപണങ്ങളുമൊന്നും മാണിയെ പാലാക്കാരുടെ മനസ്സില്‍ നിന്ന് അകറ്റിയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: