കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത് കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ അന്വേഷണസംഘം പാലാ കോടതിയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റാന്വേഷണ മേഖലയിലെ വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചാണ് അന്വേഷണസംഘം കുറ്റപത്രം തയാറാക്കിയത്.
കോട്ടയം എസ്പിയുടെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് ഡിജിപി അനുമതി നല്‍കിയതിനേത്തുടര്‍ന്നാണ് ഇന്ന് സമര്‍പ്പിക്കുന്നത്. നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് പറഞ്ഞു. അഡ്വ. ജിതേഷ് ജെ. ബാബുവാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍.
ബലാല്‍സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ കഴിഞ്ഞ സെപ്തംബര്‍ 21നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഹൈടെക് സെല്‍ ഓഫീസില്‍ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ബിഷപ് ഫ്രാങ്കോയെ കോട്ടയം എസ്പി ഹരിശങ്കര്‍, വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറ്സറ്റു ചെയ്തത്.
ബലാല്‍സംഗം, അനധികൃതമായി തടഞ്ഞുവെയക്കല്‍, പ്രകൃതിവിരുദ്ധ പീഡനം, ക്രിമിനല്‍ ബുദ്ധിയോടെയുളള ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ജയിലിലായിരുന്ന ഫ്രാങ്കോ മുളയക്കല്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.
കേസില്‍ കുറ്റപത്രം വൈകുന്നുവെന്നാരോപിച്ച് സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലി (എസ്ഒഎസ്)ന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ എറണാകുളത്ത് അനിശ്ചിതകാല സമരം നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അറിയിച്ചതോടെ സമരത്തില്‍ നിന്നും പിന്മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: