പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികകള്‍ പല കക്ഷികളും ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. പത്ത്ശതമാനത്തില് താഴെ സീറ്റുകളില്‍ മത്സരിക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ പോലും പൊങ്ങച്ചം പ്രകടിപ്പിച്ച് പത്രിക പ്രസിദ്ധീകരിച്ചു. ആറുപതിറ്റാണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രസും മിന്നുന്നതെല്ലാം പൊന്നാക്കാമെന്ന വാഗ്ദാനം നല്കി പത്രിക കൊണ്ടുവന്നു. ദാരിദ്ര്യം തുടച്ചുനീക്കുമെന്നതാണ് അവരുടെ വാഗ്ദാനത്തിലെ മുഖ്യ ആകര്‍ഷണീയത. നാലു പതിറ്റാണ്ടുമുന്‍പ് കേട്ട ഗരീബി ഹഠാവോ എന്ന പ്രഖ്യാപനം ഒന്നുകൂടി കേള്‍ക്കുമ്പോള്‍ ആരും മൂക്കത്ത് വിരല്‍വച്ചുപോകും. അഞ്ചുവര്ഷംമുന്പ് അധികാരത്തിലെത്തിയ നരേന്ദ്രമോദി സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങളൊന്നും പാഴ്വാക്കായിരുന്നില്ല. സുപ്രധാനമായ 50 വാഗ്ദാനങ്ങള്‍ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. അതിന്റെ തുടര്‍ച്ചയാണ് ബിജെപിയുടെ പ്രകടനപത്രിക. ഇന്ത്യയെ വന്ശക്തിയാക്കുമെന്ന ഉറപ്പിന് പുറമെ ജനങ്ങളുടെ, പ്രത്യേകിച്ചും കര്‍ഷകരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കാനുള്ള ബൃഹത്തായ പദ്ധതികളും അത് മുന്നോട്ടുവയ്ക്കുന്നു. കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 25 ലക്ഷം കോടി ചെലവാക്കുമെന്ന പ്രഖ്യാപനം ലോകത്തില്‍ തന്നെ ഏറ്റവും വലിയ പദ്ധതിയാണ്.
ദേശസുരക്ഷയാണ് മുഖ്യപരിഗണനയെന്ന ബിജെപി പ്രകടന പത്രിക പുതുമയുള്ളതല്ല. ജനസംഘകാലഘട്ടം മുതല്‍ അനുവര്‍ത്തിക്കുന്ന നയമാണത്. സൈന്യത്തിനുള്ള പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും എടുത്തുകളയുമെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ബിജെപിയുടെ പ്രഖ്യാപനം പ്രസക്തമാണ്. അടിസ്ഥാന പ്രമാണങ്ങളിലും ദേശീയതയിലും മറ്റൊരു ചുവടു ക്ഷേമത്തിലും വികസനത്തിലും ഊന്നി നില്ക്കുന്നതാണു ബിജെപിയുടെ തിരഞ്ഞെടുപ്പു പത്രിക. മുഖ്യ എതിരാളികളായ കോണ്‍ഗ്രസ് തങ്ങളുടെ പത്രികയില്‍ അവതരിപ്പിച്ച പ്രലോഭനപരമായ വാഗ്ദാനങ്ങള്‍ ബിജെപിയുടെ പ്രഖ്യാപനങ്ങളെയും സ്വാധീനിച്ചിട്ടുണ്ടാകാം. ദരിദ്രര്‍ക്കു പ്രതിവര്‍ഷം 72,000 രൂപ നല്‍കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തിനു പകരം ബിജെപിയും ക്ഷേമപദ്ധതികള്‍ മുന്നോട്ടു വയ്ക്കുന്നു: കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പെന്ഷന്, ഭൂപരിധിയില്ലാതെ എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം 6,000 രൂപ, കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ ഒരു ലക്ഷം രൂപ 5 വര്‍ഷത്തേക്കു പലിശയില്ലാ വായ്പ. 60 കഴിഞ്ഞ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും പെന്ഷന് എന്നിവയും ഉറപ്പുനല്‍കുന്നു. രാമക്ഷേത്ര നിര്‍മാണം, ഏകീകൃത സിവില്‍ കോഡ് നിയമം, മുത്തലാഖ് നിരോധനം എന്നിവയോടുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുന്നു, ബിജെപി. ദേശീയ പൗരത്വ റജിസ്റ്റര്‍ രാജ്യമെങ്ങും വ്യാപിപ്പിക്കുമെന്നും ശബരിമല പ്രശ്നത്തില്‍ വിശ്വാസസമൂഹത്തിന്റെ ആശങ്കകള്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ വേണ്ടതു ചെയ്യുമെന്നുമുള്ള ഉറപ്പുകളും പത്രികയിലുണ്ട്.
അടിസ്ഥാന പ്രമാണങ്ങളില്‍ മാറ്റമില്ലെന്നു ബോധ്യപ്പെടുത്താനുള്ള വ്യക്തമായ ശ്രമമാണു ബിജെപി നടത്തുന്നത്. ”ഭീകരവിരുദ്ധ നിയമം റദ്ദാക്കുമെന്ന കോണ്‍ഗ്രസിന്റെ നിലപാടും ഭീകരതയോട് ഒത്തുതീര്‍പ്പില്ലെന്ന ബിജെപി നിലപാടും താരതമ്യപ്പെടുത്തുക. അവരുടേതു പ്രകടനപത്രിക, ഞങ്ങളുടേതു ജനാഭിലാഷത്തിന്റെ പ്രതിഫലനം” എന്നായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയതിനു പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ പ്രതികരണം. അടവുകളെല്ലാം പുറത്തെടുത്തുള്ള പോരാട്ടത്തില്‍ ഭരണകക്ഷി ഒരു ചുവടു പോലും പിന്നോട്ടില്ലെന്നു തന്നെ അര്‍ഥം.
മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ടാണ് പത്രിക പുറത്തിറക്കി അമിത് ഷാ സംസാരിച്ചത്. ആറ് കോടി ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമാണ് പ്രകടന പത്രിക തയാറാക്കിയത്. അവസാന അഞ്ചുവര്‍ഷം ഇന്ത്യയുടെ വികസനത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു. 50 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. സുതാര്യമായ ഒരു സര്‍ക്കാരിന്റെ ഉത്തമ ഉദാഹരണമാണ് മോദി സര്‍ക്കാര്‍. അഞ്ചു വര്‍ഷത്തിനിടെ 50 സുപ്രധാന തീരുമാനങ്ങളെടുത്തു. വികസന ഇന്ത്യക്ക് 2014 ഓടെ ബിജെപി അടിത്തറയിട്ടു. 11ാം സ്ഥാനത്ത് നിന്ന് അഞ്ചാം സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയര്‍ന്നു. രാജ്യസുരക്ഷ ഉറപ്പ് നല്‍കിയെന്നും പ്രകടനപത്രിക പുറത്തിറങ്ങുന്നതിന് മുമ്പായി അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാംകൊണ്ടും പ്രതീക്ഷാനിര്‍ഭരമാണ് ബിജെപിയുടെ പ്രകടന പത്രിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: