തിരുവനന്തപുരം: തലസ്ഥാനത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ പറന്ന ഡ്രോണുകളെ കണ്ടെത്താന്‍ ഡിജിപി ലോക്നാഥ് ബെഹ്റ പ്രഖ്യാപിച്ച ‘ഓപ്പറേഷന് ഉഡാന്‍’ വെറും ഉഡായിപ്പ്. കഴിഞ്ഞ ഒരു മാസത്തിനിടെ തലസ്ഥാനത്തിന്റെ വിവിധ അതീവ സുരക്ഷാമേഖലകളില്‍ അഞ്ച് തവണയാണ് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണുകള്‍ പറന്നത്. അന്വേഷണം പ്രഖ്യാപിച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും പോലീസിന് ഡ്രോണുകളെക്കുറിച്ച് ഒരു വിവരവുമില്ല.
മാര്‍ച്ച് 21ന് കോവളത്ത് പട്രോളിങ് നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ വിക്രം സാരാഭായ് സ്പേസ് റിസര്‍ച്ച് സെന്റര്‍ ഉള്‍പ്പടെയുള്ള പ്രദേശത്താണ് രാത്രി ഡ്രോണ്‍ ആദ്യമായി കണ്ടത്. 25ന് രാത്രി സംസ്ഥാന പോലീസ് ആസ്ഥാനത്തിന് മുകളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ ക്യാമറ പറന്നു.
പോലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണിതു കണ്ടത്. ആ ദിവസങ്ങളില്‍ തന്നെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപവും ഡ്രോണ്‍ പറന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. സിസി ടിവിയിലും ഇത് തെളിഞ്ഞു.
ഡ്രോണുകളെ കണ്ടെത്താന്‍ മാര്‍ച്ച് 26നാണ് ‘ഓപ്പറേഷന് ഉഡാന്‍’ എന്ന് പേരിട്ട് പോലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചത്. അനധികൃത ഡ്രോണുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ലൈസന്‍സ് വേണ്ടാത്ത ചൈനീസ് ഡ്രോണുകള്‍ക്കായി സംസ്ഥാന വ്യാപകമായി പരിശോധന നടത്താനുമായിരുന്നു ഓപ്പറേഷന് ഉഡാന്റെ ലക്ഷ്യം.
രാജ്യത്ത് ഡ്രോണുകള്‍ ഉപയോഗിച്ച് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മാര്‍ച്ച് 29ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി.
സുരക്ഷാ മേഖലകള്‍ക്ക് മുകളില്‍ പറക്കുന്ന ഡ്രോണുകള്‍ വെടിവച്ചിടണമെന്നും ഇതിനായി വ്യോമസേന, പോലീസ് എന്നിവര്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നല്കിയ മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ മാര്‍ച്ച് 30ന് രാത്രി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളില്‍ ഡ്രോണ്‍ പറന്നുവീണു. വിമാനത്താവളത്തിനുള്ളില്‍ ഡ്രോണ്‍ വീണത് സിഐഎസ്എഫ് അധികൃതരാണ് കണ്ടത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശംഖുംമുഖം ബീച്ചില്‍ ഉണ്ടായിരുന്ന ഒരു കുടുംബം വിശ്രമിക്കുന്നതിനിടെ മക്കള്‍ ചൈനീസ് നിര്‍മിത നാനോ ഡ്രോണ്‍ ബീച്ചില്‍ പറത്തുകയും നിയന്ത്രണം വിട്ട് വിമാനത്താവളത്തിനുള്ളില്‍ പതിക്കുകയുമായിരുന്നെന്ന് കണ്ടത്തി. ഇതില്‍ മാത്രമാണ് ഡ്രോണ്‍ പറത്തിയവരെ കണ്ടെത്താന്‍ സാധിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയും പോലീസ് ആസ്ഥാനത്തിനു മുകളില്‍ ഡ്രോണ്‍ പറന്നു. പറന്ന ഡ്രോണുകളെ കണ്ടെത്താന്‍ ഒരു വശത്ത് അന്വേഷണം നടക്കുമ്പോള്‍ മറുഭാഗത്ത് വീണ്ടും ഡ്രോണുകള്‍ പറക്കുന്നത് പോലീസിന് തലവേദനയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: