ജനാധിപത്യത്തില്‍ ഭരണാധികാരിയാകുന്നത് ചിലപ്പോള്‍ കഴിവ് കുറഞ്ഞവനാകാം. പക്ഷേ, അത്തരക്കാര്‍ കളങ്കിതരും കൂടിയായാലോ? അതില്‍പ്പരം അപകടം വേറെയില്ല. കഴിവില്ലെങ്കിലും കളങ്കിതരാകരുതെന്നാണ് നന്മ മനസ്സില്‍ പേറുന്നവരെല്ലാം ആഗ്രഹിക്കുന്നത്. കേരളത്തിലെ ഭരണക്കാരെക്കുറിച്ചും ചിന്ത അതുതന്നെയാണ്. സംസ്ഥാന മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് മുന്‍പത്തെ ആരോപണം കനേഡിയന്‍ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണമാണ്. അതിപ്പോള്‍ പരമോന്നത നീതിപീഠത്തിന്റെ പരിശോധനയിലാണ്. അതിന്റെ അന്തിമവിധി എന്താകുമെന്ന് ഇപ്പോള്‍ പ്രവചിക്കുക പ്രയാസമാണ്. അതിനിടയിലാണ് മുഖ്യമന്ത്രി പിണായി വിജയന് ഇടനിലക്കാരനായി വന്നുഭവിച്ചിട്ടുള്ള കിഫ്ബി ഇടപാട് വിവാദം.
എസ്എന്‍സി ലാവ്ലിന് കമ്പനി കേരളത്തില്‍ രണ്ടായിരം കോടിയിലേറെ രൂപ നിക്ഷേപിച്ചതായാണ് വാര്‍ത്ത. സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്താന്‍ തീരുമാനിച്ച ലാവ്ലിന് കമ്പനി നേരിട്ടല്ല നിക്ഷേപം നടത്തിയത്. ഇതില്‍ ഇരുനൂറ് കോടിയുടെ ക്രമക്കേട് ഉണ്ടെന്നും ആരോപണം ഉയര്‍ന്നു. ധനമന്ത്രി തോമസ് ഐസക്, ബജറ്റിലാണ് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ കിഫ്ബി സംവിധാനം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയാണ് ചെയര്മാന്. വൈസ് ചെയര്മാന് ധനമന്ത്രിയും. കിഫ്ബി നേട്ടമുണ്ടാക്കിയില്ലെന്നു മാത്രമല്ല പ്രവാസി ചിട്ടി നടത്തി പൊട്ടി. അതിനിടെയാണ് മസാലാ ബോണ്ടെന്ന പേരില്‍ വിദേശരാജ്യങ്ങളില്‍നിന്ന് നിക്ഷേപത്തിന് അനുമതി നേടിയത്. ഇതും കാര്യമായ പ്രതികരണമുണ്ടാക്കിയില്ല.
എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയിലേക്ക് 2150 കോടി രൂപ മസാല ബോണ്ടിലൂടെ ലഭിച്ചെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, പണം നിക്ഷേപിച്ച കമ്പനിയുടെ പേര്, ഉടമസ്ഥത, ആര് ചര്‍ച്ച നടത്തി തുടങ്ങി ഒരുകാര്യവും വെളിപ്പെടുത്തിയില്ല. നിക്ഷേപത്തിന്റെ വിവരങ്ങള്‍ തേടിയപ്പോഴാണ് കാനഡയിലെ ക്യുബക് ഡെപ്പോസിറ്റ് ആന്‍ഡ് ഇന്‍െവസ്റ്റ്മെന്റ് ഫണ്ട് (സിഡിപിക്യു) എന്ന പെന്ഷന് ഫണ്ട് സ്ഥാപനമാണ് 2150 കോടി നിക്ഷേപിച്ചതെന്നു കണ്ടെത്തിയത്. പലിശ നിരക്ക് 9.733 ശതമാനം. ഈ കമ്പനിക്ക് എസ്എന്‍സി ലാവ്ലിനില് 20% ഓഹരി പങ്കാളിത്തമുണ്ട്. കിഫ്ബി മസാല ബോണ്ടില്‍ മറ്റ് കമ്പനികളൊന്നും നിക്ഷേപിച്ചിട്ടില്ല. ലാവ്ലിന്- സിഡിപിക്യു ബന്ധം ലാവ്ലിന്റെ സിഇഒയും പ്രസിഡന്റുമായ മിഖായേല്‍ സാബിയ വെളിപ്പെടുത്തിയിട്ടുണ്ട്. കേനഡിയന്‍ കമ്പനിയുടെ കിഫ്ബിയിലെ നിക്ഷേപം ദുരൂഹതകള്‍ നിറഞ്ഞതാണ്. പിണറായി വിജയന് ഭരണത്തിലുള്ളപ്പോള്‍ മാത്രം ലാവ്ലിന് കമ്പനിയുമായി ഇടപാടിലെത്തുന്നു എന്നത് സംശയകരമാണ്. സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര് കിഷന് സിംഗ് സുര്‍ജിത്തിന് കാനഡയുമായുള്ള ബന്ധം സംശയം ഉളവാക്കിയതാണ്. ഇപ്പോഴത്തെ ഇടപാടിലും സംശയമുണ്ട്.
ആരാണ് ചര്‍ച്ചകള്‍ നടത്തിയത്? എവിടെ വച്ചായിരുന്നു ചര്‍ച്ചകള്‍? എന്തുകൊണ്ട് കമ്പനിക്ക് എസ്എന്‍സി ലാവ്ലിന് കമ്പനിയുമായുള്ള ബന്ധം സര്‍ക്കാര്‍ മറച്ചുവച്ചു? കൊച്ചി മെട്രോയ്ക്ക് ഫ്രഞ്ച് കമ്പനി 1350 കോടി രൂപ വായ്പ കൊടുത്തത് 1.35% പലിശയിലാണ്. പിന്നെ എന്തിന് ലാവ്ലിന് കമ്പനിക്ക് 9.72% പലിശ കൊടുക്കുന്നു? വര്‍ഷം 40 കോടി രൂപവച്ച് അഞ്ചു വര്‍ഷത്തേക്ക് 200 കോടി രൂപയുടെ അഴിമതിയിടപാടാണ് പലിശയിനത്തില്‍ മാത്രം, വായ്പ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പതിവിന് വിപരീതമായി മുഖ്യമന്ത്രി നേരിട്ട് പോകുന്നതും വിവാദമായിട്ടുണ്ട്. ഭരണാധികാരികള്‍ നേരായമാര്ഗമേ സ്വീകരിക്കൂ എന്നതുമാത്രമല്ല അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: