തൃശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് സുരേഷ് ഗോപിക്കെതിരെ ഗൂഢാലോചന. സുരേഷ്ഗോപിക്ക് കളക്ടര്‍ ടി.വി.അനുപമ നോട്ടീസ് നല്‍കിയത് സര്‍ക്കാരിന്റെ താത്പര്യപ്രകാരമെന്ന് സൂചന. കളക്ടറെ ന്യായീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ടീകാ റാം മീണ. ജില്ലാ വരണാധികാരിയുടെ നടപടിയില്‍ അപ്പീല്‍ കേള്‍ക്കേണ്ട മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സുരേഷ് ഗോപിയുടെ മറുപടിക്ക് കാത്തുനില്‍ക്കാതെ കളക്ടറെ ന്യായീകരിച്ചത് ദുരൂഹതയുണര്‍ത്തുന്നു.
ജില്ലാ കളക്ടര്‍ രാഷ്ട്രീയം കളിക്കുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ശബരിമല പ്രശ്നം തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കുന്നതിനെതിരെ ടീകാറാം മീണ നേരത്തെയും രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ താത്പര്യപ്രകാരമാണ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയം കളിക്കുന്നതെന്നാണ് ആക്ഷേപം.
സുരേഷ് ഗോപിയുടെ പ്രസംഗം പൂര്‍ണരൂപത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ നല്‍കിയിട്ടുണ്ട്. അതില്‍ ചട്ടലംഘനമൊന്നുമില്ല എന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുക മാത്രമാണ് സുരേഷ്ഗോപി തന്റെ പ്രസംഗത്തില്‍ ചെയ്യുന്നത്.
താന്‍ ചട്ടം ലംഘിച്ചിട്ടില്ലെന്നും കളക്ടറുടെ നോട്ടീസിന് മറുപടിനല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇഷ്ടദേവന്റെ പേര് പറയാന്‍ പോലും പറ്റാത്ത സാഹചര്യമാണ് കേരളത്തിലെങ്കില് ഇവിടെ എന്ത് ജനാധിപത്യമാണെന്നും അദ്ദേഹം ചോദിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. ഇത് ഇടത് -കോണ്‍-മുന്നണികളെ അസ്വസ്ഥരാക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് സുരേഷ് ഗോപിയുടെ മുന്നേറ്റം തടയാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു.
കഴിഞ്ഞ ദിവസം നടന്ന എന്‍ഡിഎ മണ്ഡലം കണ്‍വെന്‍ഷനില്‍ പ്രസംഗിക്കവെ ശബരിമല വിഷയത്തില്‍ നടന്ന വിശ്വാസിവേട്ടയെ സുരേഷ് ഗോപി ശക്തമായി വിമര്‍ശിച്ചു. വിശ്വാസി സമൂഹത്തിന് നേരെ ഉയര്‍ന്ന കഠാര തെരഞ്ഞെടുപ്പില്‍ തവിടുപൊടിയാവുമെന്നും, തൃശൂര്‍ പൂരമടക്കമുള്ള സാംസ്കാരികോത്സവങ്ങള്‍ക്ക് നേരെ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ കടുത്ത ജനകീയ പ്രതിഷേധം ഉണ്ടാകുമെന്നും പറഞ്ഞിരുന്നു.
ഇതിന്റെ പേരില്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞ ദിവസമാണ് കളക്ടര്‍ നോട്ടീസ് അയച്ചത്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഈ സമയപരിധി ഇന്ന് തീരും.
അതേസമയം ജില്ലാ കളക്ടര്‍ അനുപമയ്ക്കെതിരെ വന്‍ പ്രതിഷേധവുമുയരുന്നുണ്ട്. കളക്ടര്‍ പദവിയിലിരുന്ന് സിപിഎമ്മിന്റെ ദാസ്യപ്പണിയാണ് അനുപമ ചെയ്യുന്നതെന്ന് ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന് പറഞ്ഞു. സിപിഎം നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാമതിലില്‍ കളക്ടര്‍ അനുപമ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: