കുമ്മനം രാജശേഖരന് അനേകവര്‍ഷങ്ങളായി എനിക്ക് പരിചയമുള്ള വ്യക്തിയാണ്. പ്രിയങ്കരനായ അനിയന്. ആ ദര്‍ശനപരതയാണ് എന്റെ മനസ്സില്‍ അദ്ദേഹത്തെ എന്നും നിര്‍വ്വചിച്ചിട്ടുള്ളത്.
നിലയ്ക്കല്‍ പ്രശ്നമാണ് എന്നു തോന്നുന്നു അദ്ദേഹത്തിലേക്ക് ആദ്യകാലത്ത് ശ്രദ്ധ ക്ഷണിച്ചത്. അത് അനാവശ്യമായി പൊക്കിയെടുത്ത ഒന്നായിരുന്നു എന്നതില്‍ വിവരം ഉള്ളവര്‍ക്ക് അഭിപ്രായവ്യത്യാസം ഉണ്ടാകാനിടയില്ല. അതുകൊണ്ട് എന്തുപ്രയോജനമാണ് ഉണ്ടായത് എന്ന ചോദ്യം ക്രൈസ്തവബുദ്ധിജീവികള്‍ അന്നുതന്നെ ഉയര്‍ത്തിയതാണ്. അന്നത്തെ മുഖ്യമന്ത്രിയുടെ രാഷ്ട്രീയത്തിനും, അന്ന് ഒരു പ്രദേശത്ത് ഒരു പ്രത്യേക വിഭാഗത്തിന്റെ മെത്രാന് ആയിരുന്ന വ്യക്തിക്കും അല്ലാതെ ആര്‍ക്കും ഒരു ഗുണവും ആ വിഷയം വഴി ഉണ്ടായില്ല. അതുകൊണ്ട് ആ വിഷയത്തില്‍ കുമ്മനം സ്വീകരിച്ച നിലപാട് ന്യായയുക്തമായിരുന്നുവെന്ന് ക്രൈസ്തവര്‍ക്കുപോലും തിരിച്ചറിയാനാവും.
അല്ലെങ്കില്‍ത്തന്നെ കുമ്മനത്ത് ജനിച്ചുവളര്‍ന്ന ഒരാള്‍ക്ക് വര്‍ഗീയചിന്ത ഉണ്ടാവുക എളുപ്പമല്ല. രാജശേഖരന്റെ വീട്ടിലെ പുഴക്കടവില്‍നിന്ന് പഴയ സെമിനാരിയുടെ കടവിലേക്ക് നീന്തിയാണ് താന്‍ ആ വിദ്യ അഭ്യസിച്ചതെന്ന് അദ്ദേഹംതന്നെ എന്നോടു പറഞ്ഞിട്ടുണ്ട്. മൂന്ന് പ്രമുഖ മതങ്ങളും തോളുരുമ്മി ജീവിക്കുന്ന ഇടമാണ് പഴയ തിരുവിതാംകൂറിന്റെ വടക്കന്‍ ഡിവിഷനും കൊച്ചിയും. കസേരകളിയുടെ അവസാന റൗണ്ടില്‍ ഒരു കസേരയ്ക്ക് രണ്ടുപേര്‍ മത്സരിക്കുന്ന സന്ദര്‍ഭം ഉണ്ടായാല്‍ ചിലപ്പോള്‍ അവനവന്റെ ജാതിയില്‍പ്പെട്ട ആളെ പ്രോത്സാഹിപ്പിച്ചുവെന്ന് വരാം എന്നതിനപ്പുറമുള്ള ജാതിചിന്തയൊന്നും അവിടെ ഉണ്ടായിരുന്നില്ല ഒരിക്കലും. അതുകൊണ്ട് കുമ്മനം ആ നാട്ടുകാര്‍ക്ക് ജാതിമതഭേദമെന്യേ ‘നമ്മുടെ രാജന്’ തന്നെ.
കുമ്മനത്തെ ശ്രദ്ധിക്കുന്നവര്‍ തിരിച്ചറിയുന്ന മറ്റൊരു സംഗതി അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ പരിവ്രാജക ഭാവമാണ്. ഗുരുവും ജ്യേഷ്ഠനുമായി പരമേശ്വര്‍ജിയെ ആണ് ഇക്കാര്യത്തില്‍ രാജന് മാതൃകയാക്കിയിട്ടുള്ളതെന്ന് എനിക്ക് തോന്നുന്നു.
നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരേണ്ടത് ബിജെപിയുടെ മാത്രം ആവശ്യമല്ല, രാജ്യത്തിന്റെ ആവശ്യമാണ്. രാജ്യത്തിന്റെ അഖണ്ഡത, ഐശ്വര്യം ഉറപ്പാക്കുന്ന പാര്‍ട്ടിയായിരിക്കണം രാജ്യം ഭരിക്കേണ്ടത്.
രാജ്യത്തെ ശിഥിലമാക്കുന്ന പ്രവണത തടയാന്‍ പ്രധാനമന്ത്രി പദത്തിലേക്ക് നരേന്ദ്രമോദി തിരിച്ചുവരണം. ഓരോ തെരഞ്ഞെടുപ്പും ഓരോ തലത്തിലുള്ള ആശയങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പു പോലെയല്ല നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും. ദേശീയ താത്പര്യം സംരക്ഷിക്കുന്നവര്‍ക്കായിരിക്കണം പാര്‍ലമെന്റില്‍ ജനം വോട്ട് ചെയ്യേണ്ടത്.
മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: