കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കുറച്ചുകാലമായി കേള്‍ക്കുന്ന വാര്‍ത്തകള്‍ കരള്‍ പിളര്‍ക്കുന്നതാണ്. പെണ്‍കുട്ടികള്‍ക്കെതിരെ ഉയരുന്ന പ്രാകൃതമായ പ്രതികാരം അവരുടെ ജീവനെടുക്കുകയാണ്. ഏറ്റവും പുതിയ സംഭവമുണ്ടായിരിക്കുന്നത് തൃശൂര്‍ ജില്ലയിലെ ചിയ്യാരത്താണ്. വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി യുവാവ് ബിടെക് വിദ്യാര്‍ത്ഥിനിയെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചതിനുശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പ്രണയം നിരസിച്ചതിന്റെ വൈരാഗ്യമാണത്രേ ഈ അരുംകൊല ചെയ്യാന്‍ യുവാവിനെ പ്രേരിപ്പിച്ചത്. കുട്ടിക്കാലത്തു തന്നെ അമ്മ മരിക്കുകയും അച്ഛന് ഉപേക്ഷിച്ചുപോവുകയും ചെയ്ത് അമ്മൂമ്മയുടെ സംരക്ഷണത്തില്‍ കഴിഞ്ഞ പെണ്‍കുട്ടിയുടെ ജീവിതത്തിനാണ് അതിദാരുണമായ അന്ത്യം സംഭവിച്ചത്. അക്രമിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയുണ്ടായി.
ചിയ്യാരത്തെ പെണ്‍കുട്ടിയുടെ ഹത്യ ഒറ്റപ്പെട്ടതല്ല. അടുത്തകാലത്തായി ഒന്നിനുപുറകെ ഒന്നെന്നോണം സമാനമായ നിരവധി സംഭവങ്ങള്‍ നടക്കുകയുണ്ടായി. ഒന്നിന്റെ നടുക്കം വിട്ടുമാറുന്നതിനു മുന്‍പേ അടുത്തത് സംഭവിക്കുകയാണ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചെന്ന കാരണത്താല്‍ തിരുവല്ലയില്‍ പെണ്‍കുട്ടിയെ നടുറോഡില്‍ പട്ടാപ്പകല്‍ കഴുത്തിനു കുത്തിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയും, എട്ടാംനാള്‍ ആശുപത്രിയില്‍ മരിക്കുകയും ചെയ്തു. കോട്ടയത്ത് കോളജ് ക്യാമ്പസില്‍ സീനിയര്‍ വിദ്യാര്‍ത്ഥി പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് പെട്രോളൊഴിച്ച് കത്തിച്ചതും ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചതും രണ്ട് വര്‍ഷം മുന്‍പാണ്. തിരൂരില്‍ പതിനഞ്ചുകാരിയെ ബംഗാളി യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നതും, പത്തനംതിട്ടയിലെ കടമ്മനിട്ടയില്‍ ഒരു പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീവച്ച് അധികം വൈകാതെ മരിച്ചതും ആരും മറന്നിട്ടില്ല.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് ഉറക്കെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാലം മാറിയെന്ന് സമ്മതിക്കുന്ന നമ്മിലോരോരുത്തരും പുതിയ കാലത്തെ വ്യക്തിബന്ധങ്ങളില്‍ വന്നിരിക്കുന്ന മാറ്റത്തെ വേണ്ടതുപോലെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. പ്രലോഭനങ്ങളില്‍ പെട്ടെന്നു വീണുപോകുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. പഴയ തലമുറയ്ക്ക് ലഭ്യമല്ലാതിരുന്ന പല സാഹചര്യങ്ങളും സൗകര്യങ്ങളും ചാനല്‍ ജനറേഷനുണ്ട്. ജീവന്റെ വിലയും സ്നേഹത്തിന്റെ മൂല്യവും അറിയാതെയാണ് പലരും വളരുന്നത്. യഥാര്ത്ഥലോകത്തല്ല, സൈബറിടങ്ങളിലെ സ്വപ്നലോകത്താണ് പലരും ജീവിക്കുന്നത്. അരുതുകളെ അംഗീകരിക്കാത്തവര്‍, ജീവിതം പൊള്ളയായ ആനന്ദത്തിനുള്ളതാണെന്ന് കരുതുന്നവര്‍, അനുനിമിഷമെന്നോണം അപകടങ്ങളിലേക്ക് നടക്കുകയാണ്.
നമ്മുടെ പെണ്‍കുട്ടികള്‍ ഇരകളാകാന്‍ വിധിക്കപ്പെട്ടവരല്ല. അവരുടെ കാര്യത്തില്‍ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വലിയ കരുതലുകള്‍ ആവശ്യമാണ്. ക്യാമ്പസുകളിലും അവിവാഹിതകളായ പെണ്‍കുട്ടികള്‍ ഇടപെടുന്ന മേഖലകളിലും വ്യക്തിബന്ധങ്ങളുടെ പാവനതയെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും ബോധവല്‍ക്കരണം നടക്കണം. കുടുംബത്തിന്റെ അകത്തളങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് സ്നേഹം ലഭിക്കണം. ആണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകാതിരിക്കാനുള്ള ശ്രദ്ധയും മുന്‍കരുതലും മാതാപിതാക്കള്‍ക്ക് ഉണ്ടാകണം. അധ്യാപകര്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനുണ്ട്. മക്കളെ, ആണായാലും പെണ്ണായാലും നല്ല രീതിയില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. സമൂഹമാധ്യമങ്ങളില്‍ ആരോഗ്യകരമായ ഇടപെടലുകള്‍ ആവശ്യമാണെന്നുവന്നാല്‍ സര്‍ക്കാര്‍ അതിന് മടിക്കേണ്ടതില്ല. എന്തു ചെയ്തിട്ടാണെങ്കിലും ‘പ്രണയ’ത്തിന്റെ പേരിലുള്ള പെണ്‍കുട്ടികളുടെ ദാരുണമരണങ്ങള്‍ അവസാനിപ്പിച്ചേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: