ബെംഗളൂരു: വലിയവായില്‍ വനിതാ സംവരണം പറയുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ സ്വന്തം പാര്‍ട്ടിയുടെ കര്‍ണാടകയിലെ സ്ഥാനാര്‍ത്ഥി പട്ടിക കണ്ടില്ലേ? വനിതകള്‍ക്ക് മുപ്പത്തിമൂന്നു ശതമാനം സംവരണം എന്ന വാഗ്ദാനമടക്കം പ്രസംഗങ്ങളില്‍ വാചാലനാവുന്ന രാഹുലിന്റെ പാര്‍ട്ടിക്ക് കര്‍ണാടകത്തില്‍ ഒരൊറ്റ വനിതാ സ്ഥാനാര്‍ത്ഥിയുമില്ല. കര്‍ണാടകത്തില്‍ 28 മണ്ഡലങ്ങളിലേക്ക് രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ പത്രിക സമര്‍പ്പണം ഇന്നലെ പൂര്‍ത്തിയായപ്പോള്‍ ഒറ്റ സീറ്റില്‍ പോലും കോണ്‍ഗ്രസ് വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് 21 സീറ്റിലും ജെഡിഎസ് ഏഴു സീറ്റിലുമാണ് മത്സരിക്കുന്നത്.
ബിജെപി രണ്ടുസീറ്റിലും ജെഡിഎസ് ഒന്നിലും വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ സിപിഎം മത്സരിക്കുന്ന ഏക സീറ്റില്‍ വനിതയാണ് മത്സരിക്കുന്നത്.
രാജ്യത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുമെന്നായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് രാഹുലിന്റെ പ്രഖ്യാപനം. എന്നാല്‍ തെരഞ്ഞെടുപ്പിന് വോട്ടു ലഭിക്കാനുള്ള തന്ത്രം മാത്രമാണ് കോണ്‍ഗ്രസ് നേതാവിന്റെ വനിതാ സ്നേഹമെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
കര്‍ണാടകത്തിലെ സ്ഥാനാര്‍ത്ഥികളുടെ പരിഗണന പട്ടികയില്‍ പോലും ഒരു വനിതയുടെ പേര് ഉയര്‍ന്നു വന്നില്ല. 2018 മെയില്‍ നടന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകള്‍ കുറവായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഉഡുപ്പി-ചിക്കമംഗളൂരുവില്‍ ശോഭാകരന്തലജെ സ്ഥാനാര്‍ത്ഥിയാക്കുകയും മാണ്ഡ്യയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമലത അംബരീഷിന് പിന്തുണ നല്‍കുകയും ചെയ്യുന്നു.
ജെഡിഎസ് വിജയപുര മണ്ഡലത്തില്‍ സുനിതഫുലസിങിനെ സ്ഥാനാര്‍ത്ഥിയാക്കി. സിപിഎമ്മിനുവേണ്ടി ചിക്കബെല്ലാപ്പുരയില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് വരലക്ഷ്മി മത്സരിക്കുന്നു.
ആദ്യഘട്ടത്തില്‍ 14 വനിതാ സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയിട്ടുണ്ട്. ഇതില്‍ ശോഭാ കരന്തലജെയും നടി സുമലതയും മാത്രമാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. ബാക്കിയുള്ള 12 പേരില്‍ മൂന്നുപേര്‍ മാണ്ഡ്യയില്‍ നടി സുമലതയ്ക്കെതിരെ അപരകളാക്കി ജെഡിഎസ് നിര്‍ത്തിയിരിക്കുന്ന മൂന്നു സുമലതമാരാണ്.
മൈസൂരുവില്‍ മൂന്നും തുമകുരുവില്‍ രണ്ടും വനിതാ സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നുണ്ട്. ബെംഗളൂരു നോര്‍ത്ത്, ചാമരാജ്നഗര്‍, ചിത്രദുര്‍ഗ, ദക്ഷിണ കന്നട, കോലാര്‍, ഹാസന് എന്നീ മണ്ഡലങ്ങളില്‍ വനിതാ സ്ഥാനാര്‍ത്ഥികളില്ല.
രണ്ടാഘട്ടത്തില്‍ പ്രധാനവനിതാ സ്ഥാനാര്‍ത്ഥികള്‍ സിപിഎമ്മിലെ വരലക്ഷ്മിയും ജെഡിഎസ്സിലെ സുനിത ഫുലസിങുമാണ്. കൂടുതല്‍ വനിതകള്‍ പത്രിക നല്‍കിയിട്ടുണ്ടോയെന്ന് അറിയാന്‍ പത്രിക സമര്‍പ്പണത്തിന്റെ വിശദ വിവരങ്ങള്‍ പുറത്തു വന്നശേഷം മാത്രമേ അറിയാന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: